ഇപ്പോൾ ദിവസവും കേൾക്കുന്ന വാർത്തയാണ് 5 കിലോ കഞ്ചാവ് പിടിച്ചു, എംഡി എം എ എന്ന മാരക മയക്കുമരുന്നുമായി അറസ്റ്റിലായി, കോടികളുടെ മയക്കുമരുന്നുമായി പിടിയിൽ തുടങ്ങിയവ. സത്യം പറഞ്ഞാൽ ഇത്തരം വാർത്തകൾ ഇല്ലാത്ത ഒരു ദിവസത്തെ പത്രം പോലും കാണാൻ പറ്റില്ല എന്ന സ്ഥിതിയിൽ എത്തി. ഇത്രമാത്രം മയക്കു മരുന്ന് പിടിക്കണമെങ്കിൽ ഇവിടെ നടക്കുന്ന കച്ചവടം എത്രമാത്രം ഉണ്ടാകും. കച്ചവടം വർദ്ധിക്കുന്നു എങ്കിൽ ഇതിന്റെ ഉപഭോക്താക്കളുടെ എണ്ണവും വർദ്ധിക്കണമല്ലോ . അതെ. ഇന്ന് മയക്കുമരുന്നിന്റെ ഉപയോഗം വളരെ അധികം വ്യാപകമായി കഴിഞ്ഞു. ഇന്ന് ഇത് ഏറ്റവും കൂടുതൽ വില്പന നടത്തുന്നത് വിദ്യാലയങ്ങളിലാണ് എന്ന സത്യം ഭീകരവും വേദനാജനവും ആയ കാര്യമാണ്. വളരെ പെട്ടെന്ന് സ്വാധീനത്തിൽ ആക്കാൻ കഴിയുന്ന സ്കൂൾ കുട്ടികളാണ് മയക്കുമരുന്ന് കച്ചവടക്കാരുടെ ഇരകൾ. ഒരിക്കൽ ഇവരെ അടിമകളാക്കിയാൽ പിന്നെ അവരിലൂടെ കൂടുതൽ പേരെ ഇതിലേക്കു ആകർഷിക്കുവാനും വില്പന വർദ്ധിപ്പിക്കുവാനും കഴിയും. ആൺ പെൺ ഭേദമെന്യേ ഇതിന് അടിമപ്പെടുന്നു എന്ന സത്യം, പുറത്തുവരുന്ന പല വാർത്തകളിലൂടെ മനസ്സിലാകും.
ഇതിന്റെ കണ്ണികളായ കുറച്ചുപേരെ അറസ്റ്റ് ചെയ്തത് കൊണ്ട് ഈ വ്യാപാരം നിയന്ത്രിക്കാൻ സാധിക്കില്ല. ഇതിന്റെ മൊത്തക്കച്ചവടക്കാരെയാണ് കണ്ടെത്തേണ്ടത്. അതൊരുപക്ഷേ ചെന്നു നിൽക്കുക രാഷ്ട്രീയ പ്രമുഖന്മാരിലും വൻ വ്യവസായികളിലും ആയിരിക്കും. എങ്കിലും ഇത് തടയുവാൻ അത്തരം നീക്കങ്ങൾ നടത്തിയേ പറ്റൂ. രാഷ്ട്രത്തിന്റെ ഭാവി എന്ന് നമ്മൾ പറയുന്ന ഈ കുട്ടികളെ മയക്കുമരുന്നിന് വിട്ടുകൊടുത്തുകൂടാ.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വളരെ പ്രശസ്തമായ ഒരു പെൺപള്ളിക്കുടത്തിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന് കാട്ടി അമ്മമാർ രംഗത്ത് വന്നിരുന്നു. തന്റെ മകൾ മയക്കുമരുന്ന് ഉപയോഗിച്ചു എന്ന കാര്യം സാധാരണഗതിയിൽ രഹസ്യമാക്കി വയ്ക്കാനാണ് ഏവരും ശ്രമിക്കുക. എന്നാൽ തന്റെ മകളുടെയും അതുപോലെയുള്ള മറ്റു പെൺകുട്ടികളുടെയും ഭാവിയെ കരുതി അത് പുറത്തു പറയാൻ ധൈര്യം കാണിച്ച ഈ അമ്മമാരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഇത്തരം കുറ്റങ്ങൾ ഒതുക്കി വെക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ ശക്തി പകരുകയേ ഉള്ളൂ. വലിയ ക്ലാസിലെ പെൺകുട്ടികൾ ചെറിയ കുട്ടികളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും മയക്കുമരുന്നിന് അടിമകളാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയത്.
ഇത്തരം പ്രവർത്തികൾക്ക് തടയിടാൻ അധ്യാപകർ മാത്രം ശ്രമിച്ചിട്ട് കാര്യമില്ല. അവിടെ പിടിഎ ശക്തമാക്കണം. അധ്യാപകരും മാതാപിതാക്കളും പോലീസും ഒപ്പം നാട്ടുകാരും ഇതിനെതിരെ ധൈര്യപൂർവ്വം പ്രതികരിക്കാൻ തയ്യാറാകണം. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുകയല്ല ശിക്ഷിക്കുകയാണ് വേണ്ടത്. ഇതിലേക്ക് ആകർഷിക്കപ്പെട്ട കുട്ടികൾക്ക് ശരിയായ ചികിത്സ ലഭ്യമാക്കുവാനും അവരെ ഇതിൽ നിന്നും മോചിപ്പിക്കുവാനും വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുവാൻ സർക്കാരും തയ്യാറാകണം. ഇല്ലെങ്കിൽ അച്ഛനും അമ്മയ്ക്കും തന്റെ കുട്ടി മാത്രമല്ല ഒരു രാജ്യത്തിന് ഒരു യുവതലമുറ തന്നെ നഷ്ടമാകും.
പണ്ട് കുട്ടികൾക്ക് മാതാപിതാക്കളോട് എന്നപോലെ അധ്യാപകരോടും ഭയവും ബഹുമാനവും ഉണ്ടായിരുന്നു. തെറ്റ് ചെയ്യുന്ന കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ ഒരു മാതാപിതാക്കളും വിരൽ ചൂണ്ടിയിരുന്നില്ല എന്ന് മാത്രമല്ല അധ്യാപകൻ ശിക്ഷിച്ചു എന്നു പറഞ്ഞാൽ വീട്ടിൽ നിന്നും കൂടി അടി കിട്ടിയിരുന്നു.പക്ഷേ ഇന്ന് കാലം മാറി. തന്റെ കുട്ടിയെ ശിക്ഷിക്കുന്ന അധ്യാപകർക്കെതിരെ കലാപക്കൊടിയുമായി എത്തുന്ന രക്ഷകർത്താക്കൾ ആണ് കൂടുതൽ. " ഞാൻ പോലും കുട്ടിയെ അടിക്കാറില്ല, പിന്നെ ടീച്ചറിന് അടിക്കാൻ എന്താണ് അധികാരം " എന്നാണ് അവർ ചോദിക്കുന്നത്. അച്ഛനും അമ്മയും ശിക്ഷിക്കുന്നത് പോലെയോ അതിലധികമോ ( കാരണം അവർക്കാണ് കുട്ടികളുടെ മാറുന്ന സ്വഭാവം പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളെ പോലെ അധ്യാപകർ അന്ധരല്ല. ) ശിക്ഷിക്കാൻ അധികാരമുള്ളവരാണ് അധ്യാപകർ. പണ്ട് കുട്ടികൾ അധ്യാപകരെ പേടിച്ചിരുന്നുവെങ്കിൽ ഇന്ന് കുട്ടികളെ അധ്യാപകർക്കാണ് ഭയം. തനിക്ക് ഇഷ്ടമില്ലാത്ത അധ്യാപകർക്കെതിരെ തെറ്റായ കാര്യങ്ങൾ കുട്ടികൾ വീട്ടിൽ പറയുകയും വീട്ടുകാരുമായി സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വഴക്കു കൂടുകയും ചെയ്യുന്നവർ ഇന്ന് ധാരാളമാണ്. കുട്ടികൾ പറയുന്നത് കള വാണെന്ന് തെളിയിച്ചാൽ പോലും അത് വിശ്വസിക്കാൻ മാതാപിതാക്കൾ തയ്യാറല്ല "നിങ്ങളുടെ മക്കൾ നന്നാകണമെന്ന് നിങ്ങൾക്ക് ആഗ്രഹമില്ലെങ്കിൽ പിന്നെ ഞങ്ങൾ എന്തു ചെയ്യാനാണ് "എന്നാവും അധ്യാപകർ ചിന്തിക്കുക . കുട്ടികളെ ശിക്ഷിക്കുവാനുള്ള അധികാരം എന്ന് അ ധ്യാപകരിൽ നിന്നും തിരിച്ചെടുത്തുവോ, അന്നുമുതൽ വഴിതെറ്റുന്ന കുട്ടികളുടെ എണ്ണവും വർധിക്കാൻ തുടങ്ങി. ഇന്നും, ഒന്നും ചെയ്യാൻ വയ്യാത്ത അവസ്ഥയിലാണ് അധ്യാപകർ. തന്റെ മുന്നിൽ നടക്കുന്ന തെറ്റായ പ്രവണതകൾ കാണുമ്പോൾ കണ്ണടക്കേണ്ടി വരുന്നു. കുട്ടികളെ ശിക്ഷിക്കാൻ പറ്റില്ല. അത് പിന്നീട് കേസ് ആകും.പോലീസ് സ്റ്റേഷനിലും കോടതിയിലും കയറി ഇറങ്ങേണ്ടിവരും. എന്നാൽ പിന്നെ വേണ്ട, മാതാപിതാക്കളെ അറിയിക്കാം എന്ന് വെച്ചാൽ തന്റെ മക്കളെ കുറിച്ചുള്ള ഇത്തരം കാര്യങ്ങൾ അവർ വിശ്വസിക്കാനും തയ്യാറാവില്ല. ഇത് കുട്ടികൾക്ക് വളമാകുന്നു. " ടീച്ചറിന്റെ അസൂയയാണ്", "ടീച്ചർ ദേഷ്യകാരിയാണ്", "ടീച്ചറിന് എന്നെ ഇഷ്ടമല്ല "തുടങ്ങി തുടങ്ങി പല ആരോപണങ്ങളും തന്റെ കുറ്റം മറച്ചുവെക്കാനായി കുട്ടികൾ ഉയർത്തും.
അടുത്തകാലത്ത് സ്കൂൾ അധ്യാപികയുടെ ഒരു ഓഡിയോ വാട്സാപ്പിലൂടെ കേട്ടു. മയക്കുമരുന്നിന് അടിമകളാകുന്ന കുട്ടികളുടെ എണ്ണം വളരെ വളരെ കൂടുതലാണത്രേ. തന്റെ സ്കൂളിൽ തന്നെ ഇത്തരം ധാരാളം കുട്ടികളെ അവർ കണ്ടു എന്നും പറയുന്നു. അതുപോലെ ഒരു ആൺകുട്ടി മയങ്ങി കിടക്കുന്നതും മറ്റൊരു കുട്ടി നടക്കാൻ ശ്രമിക്കുന്നു എങ്കിലും അതിന് പറ്റാതെ വീണുപോകുന്നതുമായ വീഡിയോകൾ
കാണാൻ സാധിച്ചു. ഇവരെല്ലാം യൂണിഫോമിൽ ആണ്. പുകവലിച്ചു കൊണ്ട് നടക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ലഹരിയാണോ സിഗരറ്റ് ആണോ എന്നറിയില്ല. ഇതൊക്കെ കാണുമ്പോൾ നമ്മുടെ വിദ്യാലയങ്ങളെ കുറിച്ച് ഓർത്ത് ഭയം തോന്നും. കുട്ടികളെ നേർവഴിക്ക് നയിക്കാൻ നമ്മൾ- മാതാപിതാക്കളും അധ്യാപകരും സമൂഹവും അടക്കം- പരാജയപ്പെടുകയാണോ? എങ്ങനെയാണ് മയക്കുമരുന്നിന്റെ കരാള മുഷ്ടിയിൽ നിന്നും ഇവരെ മോചിപ്പിക്കുക? വരും തലമുറയുടെ ഭാവി സമാധാനം നിറഞ്ഞതും ശോഭനവും ആക്കി തീർക്കേണ്ടത് നമ്മളല്ലേ?
കുട്ടികളുടെ ഭാവിയെ കരുതി പോലീസ് നൽകുന്ന ചില നിർദ്ദേശങ്ങളും കാണുകയുണ്ടായി. കുട്ടികളുടെ ബാഗുകൾ പരിശോധിക്കണമെന്നും, അവരുടെ സുഹൃത്തുക്കളെ പറ്റി അന്വേഷിക്കണമെന്നും, അവരുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കണമെന്നും, പോലീസ് നിർദ്ദേശത്തിലുണ്ട്. കുട്ടികളുടെ കയ്യിൽ ഉപയോഗത്തിൽ ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ, ചെറിയ പ്ലാസ്റ്റിക് കവർ, ചുരുട്ടി വെച്ചിരിക്കുന്ന നോട്ടുകൾ എന്നിവ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇവയുടെ സഹായത്താൽ ആണ് എംഡി എംഎ പോലുള്ള മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇവ കണ്ടെത്തിയാൽ കുട്ടികളെ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കേണ്ടതാണ്. പോലീസ് പറയുന്നത് ശരിയാണ്. നമ്മുടെ കുട്ടികളെ കണ്ണടച്ച് വിശ്വസിക്കരുത്. തന്റെ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കാൻ,അതിൽ നിന്നും രക്ഷപ്പെടാൻ അവർ എന്ത് കളവും പറയും. നമ്മൾ അതിൽ വീഴരുത്. പക്ഷേ ജോലിക്ക് പോകുന്ന മാതാപിതാക്കളും വീട്ടിൽ ഒറ്റയ്ക്കാകുന്ന കുട്ടികളുമാണെങ്കിൽ ഇത്തരം നിയന്ത്രണങ്ങൾ എത്രമാത്രം വിജയിക്കും എന്നതിൽ സംശയമുണ്ട്. കുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന നിങ്ങൾക്ക് അവരെ ശരിയായ രീതിയിൽ വളർത്തേണ്ട ചുമതല കൂടി ഉണ്ട്. ജോലി നേടി ധാരാളം പണം സമ്പാദിച്ചിട്ട് കാര്യമില്ല. മക്കളെ ശരിയായ രീതിയിൽ വളർത്തുവാൻ കൂടി കഴിയണം. ഇല്ലെങ്കിൽ പിന്നെ ഈ നേടുന്ന ധനം കൊണ്ട് എന്ത് കാര്യം? ആർക്കുവേണ്ടി? കുട്ടികൾ വീട്ടിൽ തനിച്ചാകുന്ന അവസ്ഥ കഴിയുന്നതും ഒഴിവാക്കുവാനും കുട്ടികളുടെ അടുത്ത ബന്ധുക്കളെ കൂടെ താമസിപ്പിക്കുവാനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. വീട്ടിലെ പ്രായമായവരെ കൂടെ നിർത്തുന്നതോടുകൂടി വൃദ്ധസദനത്തിന്റെ ആവശ്യവും കുറയ്ക്കാംഎന്നത് മറ്റൊരു നന്മയാണ്.
വിദ്യാലയത്തിന് സമീപത്ത് സ്ഥിരം വരുന്നവർ, അവിടെയുള്ള കടകൾ, സംശയാസ്പദമായ രീതിയിൽ പെരുമാറുന്ന കുട്ടികൾ എന്നിവരെയെല്ലാം ചോദ്യം ചെയ്യാൻ പോലീസ് സഹായം എപ്പോഴും ഉണ്ടായിരിക്കണം. വിദ്യാലയത്തിൽ കുട്ടികളിലെ മാറ്റങ്ങൾ കണ്ടറിയാനും ശിക്ഷിക്കാനും അധ്യാപകർക്ക് കഴിയണം. അതുപോലെ തന്നെ ഈ കാര്യത്തിൽ മാതാപിതാക്കളും സഹകരിക്കണം. അധ്യാപകർക്ക് എതിരെയല്ല തന്റെ കുട്ടിക്കെതിരെ വടിയെടുക്കുവാൻ അവർക്ക് കഴിയണം. മയക്കുമരുന്നിലും മറ്റു ലഹരികളിലും മയങ്ങി വീഴാതെ ഈ കുട്ടികളെ സംരക്ഷിക്കേണ്ടത് നമ്മുടെ ആവശ്യമാണ്, കർത്തവ്യമാണ്, കടമയാണ്.
No comments:
Post a Comment