Friday, August 19, 2022

സ്ത്രീ സുരക്ഷയ്ക്കായി " നിർഭയം"

ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു പ്രത്യേക ആപ്പിനെ കുറിച്ചാണ്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി കേരള പോലീസ് ആരംഭിച്ചിരിക്കുന്ന ഒരു പുതിയ ആപ്ലിക്കേഷൻ ആണ്" നിർഭയം ". പോലീസിന്റെ സഹായം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ നമുക്ക് ആരെയെങ്കിലും വിളിക്കാനോ പറയാനോ കഴിയാത്ത സാഹചര്യം ആണെങ്കിൽപ്പോലും   ഈ ആപ്പ് ഒരു അനുഗ്രഹം തന്നെയാണ് എന്നതിൽ സംശയമില്ല. സ്ത്രീ  സുരക്ഷയുമായി ബന്ധപ്പെട്ട്   പോലീസ് സഹായം ലഭ്യമാക്കുന്ന "നിർഭയം" പോലീസുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കും എന്ന് നിസ്സംശയം പറയാം.

     ഇനി ഈ ആപ്ലിക്കേഷൻ എങ്ങനെയാണ് നമ്മുടെ ഫോണിൽ ഡൗൺലോഡ് ചെയ്യുക എന്ന് നോക്കാം. ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ അതിലെ പ്ലേസ്റ്റോർ എടുക്കുക. അതിൽ നിർഭയം-nirbhayam- എന്നെ ടൈപ്പ് ചെയ്യണം.  അപ്പോൾ ഈ ആപ്ലിക്കേഷന്റെ പേര് തെളിഞ്ഞുവരും. അത് ഡൗൺലോഡ് ചെയ്യുക. ഇനി ഐഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്പ് സ്റ്റോറിൽ നിന്നും ഇത് ഡൗൺലോഡ് ചെയ്യാം.  ഡൗൺലോഡ് ചെയ്ത നിർഭയം ഓപ്പൺ ചെയ്യണം.  അപ്പോൾ പേര്, ഫോൺ നമ്പർ, ഈമെയിൽ ഐഡി, ജനനത്തീയതി തുടങ്ങിയവ പൂരിപ്പിക്കുക. അടുത്തത് പാസ്സ്‌വേർഡ് ഓപ്ഷൻ ആണ്. അവിടെ നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് രണ്ട് പ്രാവശ്യം പൂരിപ്പിക്കണം. അത് കഴിയുമ്പോൾ നിങ്ങളുടെ ഫോണിലേക്കോ, ഇ-മെയിലിലേക്കോ ഒടിപി വരും. അതു കൂടി കൊടുക്കുക. നിങ്ങളുടെ" നിർഭയം" തയ്യാർ. നിങ്ങളുടെ അഡ്രസ് കൂടി കൊടുക്കാനുള്ള സൗകര്യമുണ്ട്. അവിടെ അഡ്രസ്സും  കൊടുക്കേണ്ടതാണ്.  ഇതുകൂടാതെ നിങ്ങളുടെ ബന്ധുക്കളുടെ ഫോൺ നമ്പർ, നിങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടി കൊടുക്കേണ്ട ഒരു ഓപ്ഷൻ ഉണ്ട്. അതും നൽകുക. കാരണം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ നിങ്ങളുടെ ബന്ധുക്കളെ കോൺടാക്ട് ചെയ്യാൻ പോലീസിന് ഈ നമ്പറുകൾ സഹായകമാകും.

    ഇനി നിങ്ങൾക്ക് സംസാരിക്കുവാനും, മെസ്സേജ് അയക്കുവാനും,ഫോട്ടോകൾ അയക്കുവാനും മറ്റുമുള്ള ഓപ്ഷനുകൾ ഈ ആപ്പിൽ കാണാം. അടിയന്തിരഘട്ടങ്ങളിൽ ഈ സൗകര്യങ്ങൾ ഉപയോഗിച്ച് പോലീസ് സഹായം തേടാവുന്നതാണ്. എന്നാൽ സംസാരിക്കാനും മെസ്സേജ് അയക്കാനോ ഫോട്ടോകൾ അയക്കുവാനും ഒന്നും പറ്റാത്ത സന്ദർഭത്തിൽ ചുവപ്പ് കളറിനു ള്ളിൽ കാണുന്ന help-hold press എന്ന ഭാഗത്ത് അമർത്തിപ്പിടിക്കുക. ഇങ്ങിനെ ചെയ്യുന്നതിലൂടെ നിങ്ങൾ അപകടത്തിൽ ആണെന്നും പോലീസ് സഹായം ആവശ്യമുണ്ടെന്നും ഉള്ള മെസ്സേജ് അടുത്ത പോലീസ് സ്റ്റേഷനിൽ ലഭ്യമാകും. ഉടൻതന്നെ ഫോണിന്റെ ലൊക്കേഷൻ എവിടെയാണോ അവിടെ പോലീസെത്തും. പോലീസ്, ഫോൺ ചെയ്യുകയോ നിങ്ങളുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുകയോ അല്ല ചെയ്യുന്നത്, നേരിട്ട് നിങ്ങളുടെ സമീപത്ത് എത്തുകയാണ് ചെയ്യുന്നത്. ഒപ്പം നിങ്ങൾ നൽകിയിരിക്കുന്ന ബന്ധുക്കളുടെയും സുഹൃത്തിന്റെയും ഒക്കെ നമ്പറുകളിൽ ആവശ്യമെങ്കിൽ അവർ വിളിച്ച് വിവരം അറിയിക്കുകയും ചെയ്യും. ചുരുക്കത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല എന്ന് തോന്നൽ ഓരോ സ്ത്രീയിലും ഉണ്ടാക്കുകയും പോലീസ് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു.

     യാത്രയിലുള്ള സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല വീട്ടിൽ ഒറ്റപ്പെടുന്നസ്ത്രീകൾക്കും, വൃദ്ധർക്കും എല്ലാം "നിർഭയം "ഒരു അനുഗ്രഹം തന്നെയാണ്. സ്ത്രീകൾ മാത്രം ഒറ്റക്കാവുന്ന വീടുകളിൽ കള്ളന്മാരോ മറ്റ് ആക്രമികളോ കടന്നാൽ ഈ ആപ്ലിക്കേഷൻ വഴി പോലീസ് സഹായം വളരെ വേഗം അവർക്ക് ലഭ്യമാകും. അതുകൊണ്ടുതന്നെ കേരളത്തിലെ ഓരോ സ്ത്രീയും ഈ ആപ്ലിക്കേഷനുകൾ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യാൻ മറക്കരുത്. മറ്റൊന്നു കൂടി പറയട്ടെ. നിങ്ങൾക്ക് അല്ലെങ്കിൽ കൂടി മറ്റൊരാൾക്ക് ഉണ്ടാകുന്ന അപകടം പോലും ഈ ആപ്പിന്റെ സഹായത്താൽ പോലീസിനെ അറിയിക്കുവാനും അവർക്ക് സഹായം ലഭ്യമാക്കുവാനും നിങ്ങൾക്ക് സാധിക്കും. ഒരു സ്ത്രീ അപകടത്തിൽ പെടുന്ന   സ്ഥലത്തെ ഫോട്ടോകളും മറ്റും എടുത്ത് പോലീസിനെ ത്തിച്ചാൽ ആ സ്ഥലം എങ്ങനെയുണ്ട് എന്നറിഞ്ഞ് അതിനു പറ്റിയ സഹായം നൽകാൻ പോലീസിന് സാധിക്കും.വളരെ പ്രധാനപ്പെട്ട ഒരു കാര്യം കൂടി പറയട്ടെ. വെറുതെ നിങ്ങൾ ഈ ആപ്പ് തുറന്ന് ഹെൽപ്പിൽ  പ്രസ്സ് ചെയ്യരുത്. കാരണം പോലീസ് നിങ്ങളുടെ സമീപത്തേക്ക് വളരെ വേഗം തന്നെ എത്തുമ്പോൾ നിങ്ങൾ  ഈ ആപ്പിന്റെ പ്രായോഗികത അറിയാനായി പ്രസ് ചെയ്തതാണ് എന്നു പറയുന്നത് പോലീസിനെ അപമാനിക്കലാണ്. ഇത് തുടർന്നാൽ പോലീസ് സംശയത്തോടെ ആവും ഓരോ മെസ്സേജും  സ്വീകരിക്കുക. അതുമൂലം ആവശ്യമുള്ള വ്യക്തിക്ക് സഹായം ലഭിക്കാൻ വൈകുകയും ചെയ്യും. അതുകൊണ്ട് അത്യാവശ്യം സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട ഒരു രക്ഷാകവചമായാണ് ഈ ആപ്പിനെ കാണേണ്ടത്. ഇനി തെറ്റായ രീതിയിൽ ഈ ആപ്പിനെ  ചെയ്യുന്ന വ്യക്തികളിൽനിന്നും വലിയ ഒരു തുക തന്നെ ഫൈൻ ആയി ഈടാക്കാൻ പോലീസ് ശ്രദ്ധിക്കണം. അത്തരത്തിലുള്ള വ്യക്തികളോട് യാതൊരുവിധ അനുകമ്പയും കാട്ടരുത്. 

ആത്മരക്ഷയ്ക്കും മറ്റുള്ളവരുടെ രക്ഷയ്ക്കും ഉതകുന്ന ഈ നിർഭയം എന്ന ആപ്ലിക്കേഷൻ കൂടുതൽ ജനകീയമായി തീരട്ടെ എന്ന ആശംസിക്കുന്നു. പോലീസിന്റെ ഈ പുതിയ സഹായഹസ്തത്തിന് സ്ത്രീകളുടെ ഒരു ബിഗ് സല്യൂട്ട🫡🫡

2 comments:

DR.SREEKALA said...

very informative ,Thanks a lot

Samskrithaparichayam said...

സ്ത്രീകൾക്ക് വളരെയധികം പ്രയോജനപ്പെടുന്ന information 👍🙏