പ്രണയത്തിന് കണ്ണില്ല എന്ന് കേട്ടിട്ടുണ്ട്. പക്ഷേ പ്രണയിനികൾക്ക് കണ്ണും കാതും മാത്രമല്ല ബുദ്ധിയുമില്ല എന്നാണ് പല സംഭവങ്ങളും കാണിക്കുന്നത്. ഇന്നിതാ ഇതിനു തെളിവായി മറ്റൊരു സംഭവവും പുറത്തുവന്നിരിക്കുന്നു. ആസാമിലെ ഒരു 18 കാരിയാണ് തന്റെ വെറും മൂന്നുവർഷത്തെ പ്രണയത്തിലെ ആത്മാർത്ഥത കാണിക്കാൻ എയ്ഡ്സ് രോഗിയായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ചത്. ഇതിനെ ഭൂലോക വിഡ്ഢിത്തം എന്നല്ലാതെ( ഈ വിഡ്ഢിത്തത്തിന് അതിലും വലിയ ഒരു വാക്ക് എനിക്ക് കിട്ടുന്നില്ല) എന്താണ് പറയേണ്ടത്? 15 വയസ്സിൽ ഫേസ്ബുക്കിലൂടെ തുടങ്ങിയ പ്രണയമാണത്രേ മൂന്നുവർഷംകൊണ്ട് വളർന്ന് പടർന്ന് പന്തലിച്ചത്. ഇതിനിടെ പലതവണ ഇവർ ഒളിച്ചോടി എന്നും അപ്പോഴെല്ലാം വീട്ടുകാർ പിടിച്ച് തിരിച്ചു കൊണ്ടുവന്നു എന്നും പറയുന്നു. ഒടുവിൽ തന്റെ പ്രണയത്തിന്റെ ശക്തി തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം എടുത്ത് സ്വന്തം ശരീരത്തിൽ കുത്തിവെച്ചു. ഈ രോഗം എന്താണെന്നോ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അവൾക്കറിയില്ല എന്നത്ഉ റപ്പാണ്. അയാൾ അത് പറഞ്ഞു കൊടുത്തിട്ടും ഉണ്ടാവില്ല. എന്തായാലും പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഓരോ കോപ്രായങ്ങൾ കാണുമ്പോൾ ഇവർക്കെന്താ ബുദ്ധിയും വിവേകം ഒന്നും ഇല്ലേ എന്ന് തന്നെ തോന്നും. സിനിമാതാരങ്ങളായ ചില പെൺകുട്ടികൾ പോലും പ്രണയത്തിന്റെ തീവ്രത കാണിക്കുവാനായി തന്റെ കാമുകന്റെ പേരിലെ ആദ്യ അക്ഷരവും ചുരുക്ക പേരും മറ്റും ടാറ്റൂ ചെയ്തു എന്നും ഒടുവിൽ രണ്ടുംകൂടി പിണങ്ങി പിരിഞ്ഞു കഴിയുമ്പോൾ ആ ടാറ്റു മായിക്കാൻ കഴിയാതെ അത് വീണ്ടും ടാറ്റൂ ചെയ്ത് ഇലയും പൂവും ഒക്കെ ആക്കി എന്നും കേട്ടിട്ടുണ്ട്. എന്തായാലും ഇനി സ്വന്തം ഭർത്താവിന്റെ പേര് പോലും അവർ ടാറ്റു ചെയ്യില്ല എന്ന് ഉറപ്പാണ്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമുഖനായ യുവാവിനെ തേടി അറിയാത്ത അന്യ നാട്ടിൽ എത്തുന്ന 15 കാരികൾ കാണുന്നത് 70 കഴിഞ്ഞ വൃദ്ധനെ ആയിരിക്കും. അപ്പോഴാണ് അവർക്ക് ബോധം ഉദിക്കുന്നത്. ഒടുവിൽ പോലീസ് സഹായത്തോടുകൂടി തിരിച്ച് വീട്ടിലേക്ക് പോകുന്നു. ഇത് കൗമാരക്കാരികൾ ആണെങ്കിൽ വിവാഹം കഴിഞ്ഞ് കുട്ടികളുമായവർ വരെ തന്റെ ബന്ധുക്കളെയും സ്വന്തക്കാരെയും എല്ലാം ഉപേക്ഷിച്ച് താൻ ഇന്നുവരെ കാണാത്ത ഒരുവനോടൊപ്പം ഒളിച്ചോടുവാൻ അല്പവും വിഷമമില്ല. തന്റെ ഭാവിയെ കുറിച്ചോ കുട്ടികളുടെ ഭാവിയെ കുറിച്ചോ ഇവർ അല്പം പോലും ചിന്തിക്കുന്നില്ല എന്നത് തീർച്ചയാണ്. ഇവരുടെ ജീവിതത്തിൽ ഇവർ പ്രതീക്ഷിക്കുന്നത് ഒന്നും ഇവർക്ക് കിട്ടുകയുമില്ല. അക്കരപ്പച്ച തേടി പോകുന്ന ഇവർ കോളേജ് വിദ്യാഭ്യാസം പോലും ലഭിച്ചവരായിരിക്കും. അതായത് വിദ്യാഭ്യാസമില്ലായ്മയാണ് ഇതിന്റെ കാരണം എന്ന് നമുക്ക് ഒരിക്കലും പറയാൻ കഴിയില്ല.
ഇതെല്ലാം സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യം. ഇനി പുരുഷന്മാർ ആണെങ്കിൽ തന്റെ പ്രണയ അഭ്യർത്ഥന നിരസിച്ചാൽ പെരുമാറുന്നത് ക്രൂരമായരീതിയിലാണ്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലും ആസിഡ് ഒഴിച്ചാണ് തന്റെ പക തീർക്കുന്നത്. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്നാണ് അവരുടെ മനോഭാവം. ഇവരും കോളേജ് വിദ്യാർത്ഥികളോ തൊഴിൽ തേടി നടക്കുന്നവരോ ഒക്കെയാകാം. എന്തുകൊണ്ടാണ് ഇവരെല്ലാം ഇ ങ്ങനെ പെരുമാറുന്നത്? എന്തുകൊണ്ടാണ് ഇവരുടെ ബുദ്ധി തിരിഞ്ഞു പോയത്? തന്നെ പോലെയാണ് മറ്റുള്ളവരും എന്ന ചിന്ത എന്തുകൊണ്ടാണ് ഇവരിൽ ഉണ്ടാകാത്തത്? ഇവിടെയാണ് നമ്മുടെ വിദ്യാഭ്യാസത്തിന്റെ അപചയം നമ്മൾ തിരിച്ചറിയേണ്ടത്.
പ്രണയത്തിന്റെ പേരിൽ കാട്ടിക്കൂട്ടുന്ന ഈ വിഡ്ഢിത്തങ്ങൾ കാണുമ്പോൾ ആദ്യം പ്രണയം എന്നാൽ എന്താണെന്ന് ഇവരെ പഠിപ്പിക്കേണ്ടതാണ് തോന്നും. പ്രണയം എന്ന മനോഹരമായ, ധന്യമായ, വികാരം ഹൃദയശുദ്ധിയുള്ളവരുടെ മനസ്സിൽ മാത്രം പൂവിടുന്നതാണ്. അവിടെ പകയോ ക്രൂരതയോ ഒളിച്ചോടല്ലോ ഒന്നുമില്ല. കാമുകീ കാമുകന്മാരിൽ മാത്രമല്ല നല്ല ഭാര്യാഭത്തൃബന്ധത്തിലും പ്രണയം ഉണ്ടായിരിക്കും. അത് നമ്മൾ സാധാരണ കരുതുന്നതുപോലെ മരം ചുറ്റിയുള്ള ഓട്ടമോ, ഒരാൾ പറയുന്നതെല്ലാം മറ്റൊരാൾ അനുസരിക്കലോ,വിലകൂടിയ സമ്മാനങ്ങൾ വാങ്ങി കൊടുക്കലോ ഒന്നുമല്ല. ഇതിലൊക്കെ അതീതമാണ് സുന്ദരമായ പ്രണയം. ഹൃദയം കൊണ്ടുള്ള ഒരു ഒന്നാകലാണിത്.
പ്രണയത്തെ കുറിച്ച് കുട്ടികൾ പഠിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണ്. അച്ഛനെയും അമ്മയുടെയും സ്നേഹം കുട്ടികൾക്ക് മാർഗദർശനം ആവണം. അങ്ങനെയുള്ള കുട്ടികൾ പ്രണയത്തിന്റെ പേരിൽ വഴിതെറ്റി പോവുകയില്ല. കുട്ടികൾ ജീവിതത്തിൽ ഇങ്ങനെ വഴിതെറ്റുന്നതിന് അവരുടെ കുടുംബജീവിതം ഒരു പ്രധാന കാരണമാണ് എന്ന് അടിവരയിട്ടു പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. അച്ഛനും അമ്മയും മാത്രമല്ല മുത്തശ്ശന്മാരും മുത്തശ്ശിമാരും അച്ഛന്റെ സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും ഒക്കെയുള്ള ഒരു കുടുംബത്തിൽ ഇങ്ങനെ തെറ്റായ രീതിയിൽ തിരിഞ്ഞു പോകുന്ന കുട്ടികൾ വളരെ കുറവായിരിക്കും. അവരുടെയൊക്കെ നിയന്ത്രണം കുട്ടികളിലും വലിയ ആത്മനിയന്ത്രണം ഉണ്ടാക്കും. ഇന്ന് കുട്ടികൾക്ക് അച്ഛനോടും അമ്മയോടും മാത്രം ഉത്തരം പറഞ്ഞാൽ മതി. മറ്റുള്ള ബന്ധുക്കൾ എല്ലാം അവർക്ക് അന്യരാണ്. തിരക്കിൽ നിന്നും തിരക്കിലോട്ടു ഓടുന്ന മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചിലവഴിക്കാനോ അവരുടെ സുഹൃത്തുക്കൾ ആരെന്ന് അറിയാനോ, എന്തിന് തന്റെ കുട്ടികളെ തന്നെ മനസ്സിലാക്കാൻ സമയം കിട്ടുന്നില്ല. പണം. പണം സമ്പാദിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. പണം നേടിയാൽ എല്ലാം ആയി എന്നാണ് അവരുടെ വിശ്വാസം. ഇതിനിടെ തങ്ങളുടെ കുട്ടികൾ മയക്കുമരുന്നിനും വ്യാജ പ്രണയങ്ങൾക്കും അടിമകൾ ആകുന്നത് ഇവർ അറിയുന്നില്ല. അറിയുമ്പോഴേക്കും തിരുത്തുവാൻ സാധിക്കാത്ത വിധത്തിൽ അവർ കെണിയിൽ പെട്ടിട്ടുണ്ടാകും. ഇനിയെങ്കിലും കുടുംബത്തിന്റെ പ്രാധാന്യം അറിയാനും അതു മനസ്സിലാക്കി ജീവിക്കാനും യുവതലമുറയ്ക്ക് കഴിയട്ടെ
No comments:
Post a Comment