ആൺപെൺ ഭേദമെന്യേ ഒരേ യൂണിഫോം സ്കൂളിൽ നടപ്പാക്കുന്ന രീതിയെ പലരും അംഗീകരിച്ചും വിമർശിച്ചും എഴുതി കണ്ടു.ചിലരുടെ വിമർശനങ്ങളെ അവരുടെ ജാതിമത ആംഗിളിൽ കൂടി കാണാനും അംഗീകരിച്ചവരെ,അവരുടെ രാഷ്ട്രീയ നിലപാടുകളിൽ കൂടി കാണാനും ആണ് പലപ്പോഴും ആളുകൾ ശ്രമിച്ചത്. പണ്ട് നാട്ടിൻപുറങ്ങളിലെ സ്കൂളുകളിൽ ഒന്നും യൂണിഫോം ഉണ്ടായിരുന്നില്ല. ഇന്നും ഗ്രാമങ്ങളിലെ പല സ്കൂളുകളിലും യൂണിഫോം ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പാക്കാറില്ല എന്നതാണ് വാസ്തവം. ധനികരായ കുട്ടികളുടെ വേഷഭൂഷാദികൾ കണ്ട് നിർധനരായ കുട്ടികളിൽ അപകർഷതാബോധം ഉണ്ടാകാതെ നിയന്ത്രിക്കാനാണ് ഒരു സ്കൂളിൽ ഒരേ വേഷം എന്ന യൂണിഫോം രീതി നടപ്പാക്കിയത്. ഈ ഒരു പോലെയുള്ള വേഷത്തിലൂടെ കുട്ടികളുടെ സാമ്പത്തിക സ്ഥിതിയോ സാമൂഹ്യ സ്ഥിതിയോ ആരും തിരിച്ചറിയില്ല. വിദ്യാലയത്തിൽ ഏവരും ഒന്നുപോലെ എന്ന കാഴ്ചപ്പാട് കൊണ്ടുവരാൻ ഇത്തരം യൂണിഫോമുകൾക്ക് കഴിയുന്നുമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ വേഷം എന്നല്ല യൂണിഫോം കൊണ്ട് നടപ്പാക്കേണ്ടത് എന്നാണ് ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും എന്റെ അഭിപ്രായം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ശരീരപ്രകൃതി വ്യത്യസ്തമാണ്. അവരുടെ ശാരീരിക ആവശ്യങ്ങളും ശാരീരിക മാറ്റങ്ങളും വളർച്ചകളും വ്യത്യാസമുള്ളതാണ്. അതുകൊണ്ടുതന്നെ രണ്ടുപേർക്കും ഒരേ യൂണിഫോം എന്നതിനെ അംഗീകരിക്കാൻ കഴിയില്ല. ചെറിയ കുട്ടികളിൽ ഒരു നാലാം ക്ലാസ് വരെ ഇത്തരം ഒരേ വേഷം ഒരുപക്ഷേ വലിയ പ്രശ്നമാകില്ല. എന്നാൽ 10- 12 വയസ്സാകുമ്പോഴേക്കും പെൺകുട്ടികൾ പുഷ്പിണികൾ ആകുന്ന തോടുകൂടി അവരിൽ ഉണ്ടാകുന്ന ശാരീരിക മാറ്റം വളരെ പെട്ടെന്നായിരിക്കും. മാനസികമായും ശാരീരികമായും അവർ വളരുന്നു. ചിലപ്പോൾ അവരിലെ വളർച്ച അവർക്ക് സ്വയം അംഗീകരിക്കാൻ കഴിഞ്ഞു എന്നുവരില്ല. പ്രത്യേകിച്ചും വണ്ണമുള്ള പെൺകുട്ടികളിൽ. ഇത്തരത്തിലുള്ള കുട്ടികൾ ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക പീഡനം വളരെ വലുതാണ്. സ്വന്തം ശരീര ഭാഗങ്ങൾ ഷർട്ടിലും പാ ൻസിലും ഒതുങ്ങുന്നില്ല എന്നും മറ്റുള്ളവർ തന്റെ ശരീരത്തിലെ ചില ഭാഗങ്ങളിലേക്ക് ശ്രദ്ധിച്ചു നോക്കുന്നു എന്നുമുള്ള ചിന്ത അവരുടെ ആത്മധൈര്യം കെടുത്തും. തന്റെ ശരീരത്തോട് പോലും ചിലപ്പോൾ കുട്ടികൾക്ക് വെറുപ്പ് തോന്നും. ഭാവിയിലെ മനസ്സുറപ്പിനെ ഇത് തീർച്ചയായും ബാധിക്കും എന്നതിൽ സംശയമില്ല. ഒരു സ്ട്രോങ്ങ് പേഴ്സൺ- അത് ശാരീരികമായാലും മാനസികമായാലും - ആയിത്തീരുവാനുള്ള ആ പെൺകുട്ടിയുടെ ആഗ്രഹത്തിന് ഉണ്ടാകുന്ന ആദ്യത്തെ ആഘാതം ആയിരിക്കും ഇത്. ഇതിൽ അധികമാണ് അവരുടെ യാത്രകൾ. ബസ്സിലേക്ക് ഒന്ന് ഓടിക്കയറാനോ( എല്ലാവരും സ്കൂൾ ബസ്സിൽ അല്ലല്ലോ വരുന്നത്)മന സമാധാനത്തോടെ യാത്ര ചെയ്യാനോ അവർക്ക് പറ്റില്ല. എല്ലാവിധത്തിലും ശരീരം മറച്ച് യാത്ര ചെയ്യുമ്പോഴും പൂവാലശല്യം സഹിക്കാൻ വയ്യ എന്ന് പറയുന്നവർ ഈ കുട്ടികളുടെ അവസ്ഥ കൂടി ഒന്ന് ഓർക്കണം. സ്വന്തം സ്കൂളിലായാലും,ശാരീരിക മാറ്റം വെച്ച് മറ്റുള്ളവർ കളിയാക്കുമ്പോൾ ചൂളി പോവുക സ്വാഭാവികമാണ്.
ഞാനീ പറഞ്ഞതിന്റെ അർത്ഥം സ്കൂളിൽ ദാവണി ധരിച്ചു പോകണം എന്നൊന്നുമല്ല. പക്ഷേ മറക്കേണ്ട ഭാഗങ്ങൾ വേണ്ടവിധത്തിൽ മറയ്ക്കുന്ന യൂണിഫോം ആണ് കുട്ടികൾക്ക് നല്ലത്. വസ്ത്രം അവർക്ക് ഒരു ബാധ്യത ആ കരുത്. അതൊരു സംരക്ഷണമായിരിക്കണം. പെൺകുട്ടികൾക്ക് യൂണിഫോമായി പാവാട ധരിക്കാൻ താല്പര്യം ഇല്ലെങ്കിൽ അവർക്ക് സാൽവാർ- കമ്മീസ് - ദുപ്പട്ട അല്ലെങ്കിൽ ഓവർ കോട്ട് എന്നിവ ധരിക്കാം. ഇപ്പോൾ കണ്ടുവരുന്ന പലാസോയും വളരെ നല്ലതാണ്. ആ വേഷത്തിൽ കുട്ടികൾക്ക് കൂടുതൽ ഫ്രീയായി ഓടിച്ചാടി നടക്കാം.
ഇനി മറ്റൊന്നു കൂടി പറയട്ടെ. ഇറക്കിയ വസ്ത്രങ്ങൾ,അത് ആൺകുട്ടികളുടെതായാലും പെൺകുട്ടികളുടേതായാലും ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. വളർച്ചയുടെ ഈ സമയത്ത് അയവുള്ള കോട്ടൻ വസ്ത്രങ്ങളാണ് ഇവർക്ക് അനുയോജ്യം. കാരണം ശരീരം കൗമാരത്തിലേക്കും യൗവനത്തിലേക്കും കാൽ വയ്ക്കുമ്പോൾ ഭാവിയിൽ മറ്റ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് യോജിച്ചതായിരിക്കണം അവരുടെ വസ്ത്രം ധാരണം. കുട്ടികൾ യൂണിഫോം ധരിച്ചിരിക്കുന്ന സമയം വളരെ കൂടുതലായതിനാൽ ഇത്തരത്തിലുള്ള ഇറുക്കിയ വസ്ത്രം ആരോഗ്യത്തിന് ഒട്ടും
അനുയോജ്യമല്ല.
സമത്വം കൊണ്ടുവരാനാണ് ഒരേ രീതിയിലുള്ള യൂണിഫോം നടപ്പാക്കുന്നത് എന്ന് ഇതിനിടെ പറയുന്നതു കേട്ടു. പെൺകുട്ടികളെ ആൺകുട്ടികളുടെ വേഷം കെട്ടിച്ചാണോ സ്ത്രീപുരുഷ സമത്വം ഉണ്ടാക്കേണ്ടത്? പെൺകുട്ടികൾ പാ ൻസും ഷർട്ടും ഇട്ടാൽ തീരുന്നതാണോ ഇവിടുത്തെ പ്രശ്നം? സ്ത്രീയെ സ്ത്രീയായി കാണാനും ബഹുമാനിക്കാനും കഴിയണം. അല്ലാതെ പുരുഷവേഷം കെട്ടിയാൽ തുല്യത നേടിയെന്നും ഇനി തന്നോടും പുരുഷന്മാരെ പോലെ പെരുമാറും എന്നും എല്ലാം ചിന്തിക്കുന്നത്എത്ര വിവരമില്ലായ്മയാണ്.
താൻ ഒരു സ്ത്രീ ആയതിൽ ഓരോ സ്ത്രീയും അഭിമാനിക്കണം. തന്റെ സ്ത്രീത്വത്തിൽ അഭിമാനിക്കുന്ന ഒരു അമ്മയ്ക്ക് മാത്രമേ തന്റെ മകൾക്ക് ആ അഭിമാനം പകർന്നു കൊടുക്കാൻ കഴിയുകയുള്ളൂ. അപ്പോൾ മാത്രമേ തലയുയർത്തി" ഞാൻ സ്ത്രീയാണെന്ന്" പറയാൻ ആ മകൾക്ക് കഴിയുകയുള്ളൂ. പുരുഷ വേഷം കെട്ടി പൗരുഷം കാണിക്കുവാനുള്ള ഈ ശ്രമം സ്ത്രീത്വം ആസ്വദിക്കുവാനുള്ള അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുക. സ്ത്രീയായതിൽ എന്തിനാണ് ലജ്ജ? എന്തിനാണ് വെറുപ്പ്? സ്ത്രീ ആയതുകൊണ്ട് അവൾ ആരിലും പിറകിലില്ല. ഒന്നിലും പിന്നോട്ടുമല്ല. പുരുഷൻ ആണെന്ന് കരുതി അയാൾ എല്ലാം തികഞ്ഞവനാണെന്ന് ആരെങ്കിലും കരുതുമോ?ഒരിക്കലും ഇല്ല എന്ന് ഉറപ്പിച്ചു പറയാം. നമ്മുടെ ചുറ്റിലും നോക്കിയാൽ സ്ത്രീകളിലെ കഴിവ് ഒരു പ്രയാസവുമില്ലാതെ തിരിച്ചറിയാൻ നമുക്ക് കഴിയും. അതുകൊണ്ട് കുതിരയെ വേഷം കെട്ടിച്ച് കഴുതയാക്കണോ? കുട്ടികൾ പ്രത്യേകിച്ചും പെൺകുട്ടികൾ അവരുടെ ശരീരത്തിന് യോജിക്കുന്ന വേഷം ധരിക്കുന്നതാണ് എപ്പോഴും നല്ലത്.
അതിനിടെ നമ്മുടെ പോലീസുകാർ സാൽവാർ -കമ്മീസ് മാറ്റി പാൻസും ഷ ർട്ടും ധരിച്ചില്ലേ എന്നൊരു ടിവി ചർച്ചയിൽ പറയുന്നത് കേട്ടു . കൊള്ളാം. ആദ്യം ആ പോലീസുകാരോട് ചോദിച്ചു നോക്കൂ ആ വേഷം എത്രത്തോളം ഇഷ്ടമാണെന്ന്. മെലിഞ്ഞവർക്ക് വലിയ കുഴപ്പമില്ല. പക്ഷേ വിവാഹം കഴിഞ്ഞ് ഗർഭകാലവും ഒക്കെ ആകുമ്പോൾ പാൻസിൽ കുടുങ്ങിപ്പോകുന്ന ആ സ്ത്രീയുടെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ. പരിതാപകരമാണ്. പ്രസവം കഴിഞ്ഞാൽ മിക്കവരും വണ്ണം വയ്ക്കും. വണ്ണം കുറയ്ക്കുക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് പറയാതെ തന്നെ നമുക്കറിയാം. അങ്ങനെയുള്ള ഈ ശരീ രം പാൻസിലും ഷർട്ടിലും ഇട്ടു മുറുക്കി നടക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നും. ഇവരോട് എങ്ങാൻ കള്ളനെ ഓടിച്ചിട്ട് പിടിക്കാൻ പറഞ്ഞാൽ, ഓടുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന ഇളക്കം ഓർത്ത്അത് ആരെങ്കിലും കണ്ടാലോ എന്നെല്ലാം ഓർത്ത് അവർക്ക് ഓടാൻ പോയിട്ട് നടക്കാൻ പോലും പറ്റില്ല.
പക്ഷേ ലൂസ് ആയിട്ടുള്ള വേഷമായിരുന്നു എങ്കിൽ അത്തരം മനസ്സുകൊണ്ടുള്ള പിന്തിരിയൽ ഉണ്ടാവില്ല. നിറം ഒന്നായിക്കോട്ടെ.പക്ഷേ ശരീരത്തിന് അനുസൃതമായിരിക്കണം വേഷം. രണ്ടോ മൂന്നോ ഓപ്ഷൻ വച്ചിട്ട് അവർ അതിൽ നിന്നും തിരഞ്ഞെടുക്കട്ടെ. യൂണിഫോം എന്നത് നിർബന്ധിച്ചുള്ള അടിച്ചേൽപ്പിക്കൽ ആവരുത്. അത് സ്കൂളിൽ ആയാലും സർവീസിൽ ആയാലും. നമുക്ക് സ്വയം അഭിമാനം തോന്നുന്ന, സൗകര്യപ്രദം ആര്‍ന്ന, വേഷം തിരഞ്ഞെടുക്കാൻ അവസരം ഉണ്ടാകുമ്പോഴാണ് തുല്യത ഉണ്ടാകുന്നത്. അല്ലാതെ പുരുഷ വേഷം ധരിക്കുമ്പോൾ അല്ല.
അപ്പോൾ വീണ്ടും കാണാം...അടുത്തൊരു വിഷയവുമായി...
.
No comments:
Post a Comment