ലീന മണിമേഖലയുടെ "കാളി" എന്നഷോർട്ട് ഫിലിമിൽ സിഗരറ്റ് വലിക്കുന്ന കാളിയുടെ പോസ്റ്ററിനെതിരെ ശക്തമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിലും കാണുന്നത്. കമ്മ്യൂണിസത്തോടു ചായ്‌വുള്ള ലീന മണി മേഖലയ്ക്ക്, ഈശ്വര വിശ്വാസത്തെ കുറിച്ചും വിശ്വാസികൾക്ക് ദൈവത്തോടുള്ള അർപ്പിത ഭാവത്തെക്കുറിച്ചും അറിവുണ്ടാകില്ല.ദൈവ വിശ്വാസികളായ
ഹിന്ദുക്കളുടെ വികാരത്തെയാണ് ഈ പോസ്റ്ററിലൂടെ ലീന മുറിവേൽപ്പിച്ചത്. ഇതൊരു തരത്തിൽ വിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം തന്നെയാണ്. "എന്റെ സംസ്ഥാനമായ തമിഴ്നാട്ടിൽ ആടിന്റെ രക്തത്തിൽ പാകം ചെയ്ത മാംസം ഭക്ഷിക്കുന്നവളായും, ചാരായം കുടിക്കുന്നവളായും, ബീഡി വലിക്കുന്നവളായും, വന്യമായി നൃത്തം ചെയ്യുന്നവളുമായാണ് കാളിയെ ആരാധിക്കുന്നത്. ആ കാളിയെയാണ് ഞാൻ ഈ ചിത്രത്തിൽ ആവിഷ്കരിച്ചത് "
ഇവരുടെ ഈ വാക്കുകൾ തികച്ചും തെറ്റിദ്ധാരണാജനകമാണ് . ഭാരതത്തിൽ പൊതുവേ നിലനിൽക്കുന്നത് സ്വാത്വിക പരമായ പൂജ വിധികളാണ് . ഋഗ്വേദം, യജുർവേദം എന്നിവയെ പിന്തുടർന്നു കൊണ്ടുള്ള പൂജാ ശൈലി ആണിത്. ഇത്തരം ആരാധനകളിൽ പായസം, അപ്പം, അവൽ,മലർ തുടങ്ങിയ സസ്യാഹാരങ്ങൾ മാത്രമാണ് പൂജയ്ക്ക് നിവേദിക്കുക. ഈ മൂർത്തികൾ സൗമ്യ ഭാവത്തിലുള്ള വരും ആയിരിക്കും. എന്നാൽ അഥർവ്വ വേദ പ്രകാരമുള്ള ആരാധനയിൽ മദ്യവും, മാംസവും, ബലിയും എല്ലാം ഉൾപ്പെടുന്നു. രൗദ്രഭാവത്തിലുള്ള ദേവി ഭാവം ആയിരിക്കും ഈ ആരാധന മൂർത്തികളിൽ കൂടുതലും. അതായത് ഓരോ ക്ഷേത്രത്തിലെയും വിഗ്രഹ പ്രതിഷ്ഠയുടെ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് പൂജാവിധികൾ തീരുമാനിക്കുക. ഇത്തരത്തിലുള്ള ക്ഷേത്രത്തിൽ മദ്യ മാംസാദികൾ നിവേദിക്കും എങ്കിലും ഒരിക്കലും ധൂമ്ര പാനം അതായത് പുകവലി നടത്തുന്നതായി കേട്ടിട്ടില്ല. ഭാരതീയ സംസ്കാരത്തിൽ, പുകവലിക്കുന്ന ദേവി ദേവന്മാർ ഇല്ല എന്ന് സാരം. പിന്നെ എവിടെനിന്നാണാവോ ലീനയ്ക്ക് പുകവലിക്കുന്ന കാളി ദേവിയെ കിട്ടിയത്.
അഥർവ്വ വേദ പ്രകാരമുള്ള പൂജകൾ നടത്തുന്ന ക്ഷേത്രങ്ങളിൽ മാത്രമല്ല മുസ്ലിം വിഭാഗങ്ങളിലും ഇത്തരം ബലികൾ ആചരിക്കുന്നത് നമുക്ക് കാണാം. ആചാരങ്ങളിലല്ല പക്ഷേ ഒരു ആചാരത്തെ മോശമാക്കി ചിത്രീകരിക്കുമ്പോഴാണ് ജനരോഷം ഉയരുന്നത്. അഥർവ്വവേദത്തെ അടിസ്ഥാനമാക്കിയുള്ള പൂജാദി കർമ്മങ്ങളെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്നതിൽ അപാകതയില്ല. പക്ഷേ ആ ആചാരത്തെ കളിയാക്കി കൊണ്ട് ആളുകളുടെ വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് ദേവി ബീഡിയും വലിച്ചു നിൽക്കുന്ന പോസ്റ്റർ ഇടുന്നതിനെ അനുകൂലിക്കാൻ ആരും കാണുകയില്ലെന്ന് മാത്രമല്ല അത്തരം നീക്കങ്ങളെ പ്രതിരോധിക്കാനും ആളുകൾ മുന്നിട്ടിറങ്ങും. നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വേണ്ട,പക്ഷേ മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും നിങ്ങൾക്ക് അധികാരമില്ല ലീന. ലീന മണിമേഖലയെ പിന്തുണച്ചെത്തിയ ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പറഞ്ഞത് തനിക്ക് ആരെയും പേടിയില്ലെന്നും ഭൂട്ടാനിലും സിക്കിമിലും പോയാൽ പൂജാ സമയത്തു ദൈവത്തിനു മദ്യം നൽകുന്നത് കാണാമെന്നും ദൈവത്തെ സസ്യാഹാരിയും വെളുത്ത വസ്ത്രം ധരിക്കുന്നവളുമായി കാണാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുള്ളതുപോല മാംസാഹാരിയായി ദൈവത്തെ കാണാൻ എനിക്കും സ്വാതന്ത്ര്യമുണ്ട് എന്നുമായിരുന്നു. തീർച്ചയായും നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് ദൈവത്തിൽ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷേ ആളുകളുടെ വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പെരുമാറാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമില്ല. എന്തായാലും മഹുവാ മൊയ്ത്രയുടെ കാ ഴ്ചപ്പാടിനെ സ്വന്തം പാർട്ടി തന്നെ തള്ളിപ്പറഞ്ഞു.
ഡോക്യുമെന്ററി ചെയ്ത ലീന മണിമേഖല ഹിന്ദുവാണെന്നും കാളിഭക്തയാണെന്നും പറഞ്ഞുകൊണ്ടാണ് അവർ പുകവലിക്കുന്ന കാളിയുടെ പോസ്റ്റർ ഇട്ടത്. ഹൈന്ദവാചാരപ്രകാരം പുകവലിക്കുന്ന ദേവി ദേവന്മാർ ഇല്ലെന്നിരിക്കെ എന്തിനാണ് അധമമായ ഈ പോസ്റ്റർ ഇട്ടത്. അപമാനിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ,ഇല്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് ഇത്തരം പോസ്റ്ററുകൾ ഇറക്കുന്നത് ആരെ പ്രീതിപ്പെടുത്താനാ ണ്. ലീന , എല്ലാം മതത്തിലും അവരവരുടെതായ പ്രാർത്ഥനാ രീതികൾ ഉണ്ട്, ആചാരങ്ങളുണ്ട്. അതിനെ അവർ അംഗീകരിക്കുകയും ചെയ്യുന്നു.വിപ്ലവകരമായ നീക്കം എന്ന് നിങ്ങൾക്ക് സ്വയം പറയാവുന്ന ഇത്തര മൊരു ശൈലി, മറ്റു മതവിഭാഗങ്ങൾ ദൈവമായി കാണുന്ന ആ ശക്തിക്കെതിരെ ചിത്രീകരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ബീഡി വലിക്കുന്ന കാളിയുടെ സ്ഥാനത്ത് മറ്റു മതവിഭാഗങ്ങളിലെ ദൈവത്തെ വെച്ച് പോസ്റ്ററടിക്കാൻ നിങ്ങൾക്ക് കഴിയുമോ? ഇല്ല. കാരണം ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. ഹിന്ദു ദേവി ദേവന്മാരുടെ മേൽ കുതിര കയറാനും ചോദ്യം ചെയ്യുമ്പോൾ ഞാനും ഹിന്ദുവാണ് എന്ന് പറയാനും നാണമില്ലേ? സത്യത്തിൽ ഞാൻ മറ്റു മത വിഭാഗക്കാരെ അഭിനന്ദിക്കുകയാണ്. കാരണം സ്വന്തം മതത്തെയും ആരാധനാമൂർത്തിയെയും മറ്റുള്ളവർ ആക്ഷേപിക്കുന്നതും അപമാനിക്കുന്നതും അവർ കണ്ടു നിൽക്കില്ലല്ലോ. എത്ര രാഷ്ട്രീയ- സാമുദായിക -സാമ്പത്തിക ഭിന്നതകൾ ഉണ്ടായാലും മതത്തിന്റെ പേരിൽ അവർ ഒറ്റക്കെട്ടാണ്. അങ്ങിനെ തന്നെ വേണം താനും. ഇത്തരം യൂണിറ്റി ഇല്ലാത്തത് ഹിന്ദുക്കൾക്ക് മാത്രമാണ്. മഹുവയേയും ലീനയെയും സംരക്ഷിക്കാൻ മുമ്പിൽ നിൽക്കുന്നതും ഹൈന്ദവർ തന്നെ.
എന്തിനാണ് ഈ മതവും വിശ്വാസവും മറ്റും വച്ച് ആക്ഷേപങ്ങളും പരിഹാസങ്ങളും തൊടുക്കുന്നത്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയാണോ സ്വന്തം മാഹാത്മ്യം കാണിക്കുന്നത്? ഈശ്വരൻ ഒരാളുടെ മാത്രമല്ലല്ലോ. കാളി എന്ന വിശ്വാസം ലീനയ്ക്ക് എന്തും കാട്ടാനുള്ളതല്ല. ലീനയ്ക്ക് സ്വന്തം രൂപത്തിൽ സിഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തോളൂ, ആരും ചോദിക്കാൻ വരില്ല. നിങ്ങൾ മദ്യപിക്കുന്ന ചിത്രവും സിഗരറ്റ് വലിക്കുന്ന ചിത്രവും പത്രത്തിൽ വന്നാൽ ആർക്കും ഒരു നഷ്ടവും ഇല്ല. മറ്റൊരാളെ ബാധിക്കാത്തി ടത്തോളം നിങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവും ഉണ്ട്. പക്ഷേ വിശ്വാസത്തെ ചോദ്യം ചെയ്തല്ല ബുദ്ധിജീവി കളിക്കേണ്ടത്. സമൂഹത്തിൽ ഇന്ന് ധാരാളം പ്രശ്നങ്ങൾ ഉണ്ട്. സമൂഹത്തിന്റെ കണ്ണു തുറക്കുന്ന തരത്തിൽ അവയെക്കുറിച്ച് നല്ല ഡോക്യുമെന്ററി ചെയ്യൂ. മാറി ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും നല്ലതാണ്. പക്ഷേ അത് പൊതുനന്മയെ ലക്ഷ്യമാക്കി വേണം. അല്ലാതെ സ്വയം ബുദ്ധിജീവി ചമയാനാകരുത്.
No comments:
Post a Comment