ഇക്കഴിഞ്ഞ ആഴ്ചയിൽ, കടുവ എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തിനെതിരെ ഭിന്നശേഷിയുള്ള കുട്ടിയുടെ മാതാവ് പ്രതികരിച്ചു.തുടർന്ന് പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും മാപ്പ് പറഞ്ഞു എന്നും പത്രത്തിൽ കണ്ടിരുന്നു. ഒപ്പം ആ വരികൾ നീക്കാനുള്ള തീരുമാനങ്ങളും അവർ നടപ്പാക്കി.
"നമ്മൾ ചെയ്തുകൂട്ടുന്ന പാപങ്ങൾ നമ്മുടെ തലമുറകൾ ആയിരിക്കും അനുഭവിക്കുക "എന്നതായിരുന്നു ആ സംഭാഷണത്തിൽ ഉണ്ടായിരുന്നതും നീക്കിയതുമായ വരി. ഓരോരുത്തരും ചെയ്തു കൂട്ടുന്ന പാപങ്ങളുടെ ഫലം അവരുടെ അടുത്ത തലമുറ അനുഭവിക്കും എന്നതാണ് അവരെ അസ്വസ്ഥയാക്കിയത്. തങ്ങളുടെ കുട്ടികളുടെ ഈ അവസ്ഥയ്ക്ക് കാരണം തങ്ങൾ ചെയ്ത പാപമാണ് എന്നാണ് ഈ സിനിമയിലെ വരികൾക്കിടയിലൂടെ വായിക്കുമ്പോൾ മനസ്സിലാവുക എന്ന് അവർ പറയുന്നു.എന്നാൽ കർമ്മഫലത്തെ പറ്റി കൂടുതൽ ശക്തമായി മമ്മൂട്ടി മുമ്പൊരു ചിത്രത്തിൽ പറഞ്ഞത് ശ്രദ്ധിക്കാതെ പോയി എന്ന് തോന്നുന്നു.
മുജ്ജന്മ പുണ്യ പാപങ്ങളുടെ വിശ്വാസത്തിന് -പ്രത്യേകിച്ചും ഹിന്ദുക്കളിൽ -പുരാണങ്ങളോളം തന്നെ വളരെയേറെ പഴക്കമുണ്ട്. നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത, നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത് നമ്മുടെ കർമഫലമായി കണ്ട് സ്വയം ആശ്വസിക്കാൻ ശ്രമിക്കും . നമുക്ക് ഓരോ ദുഃഖം വരുമ്പോഴും "ദൈവം എന്തിനാണ് ഇത്രയും ദുഃഖം നമുക്ക് തന്നത് "എന്ന് പറയാത്തവർ വളരെ വളരെ കുറവായിരിക്കും." ഇപ്പോൾ എനിക്ക് ഈശ്വരനെ വിശ്വാസമില്ലാതായി ഈശ്വരൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വരുമായിരുന്നോ? " തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്നവരെയും കാണാം. അവർ കരുതുന്നത് ഈശ്വര വിശ്വാസം ഉണ്ടെങ്കിൽ ഒരു ദുഃഖവും വരില്ല എന്നാണ്. എന്നാൽ ഈശ്വര ധ്യാനത്തിലൂടെ ആ വിഷമതകൾ സമാധാനപൂർവ്വം തരണം ചെയ്യുവാനുള്ള ശക്തിയാണ് നമുക്ക് കിട്ടുക. തന്റെ വിഷമാവസ്ഥക്ക് കാരണം മുജ്ജന്മഫലം എന്ന കരുതുന്നവർ ഇന്നും ഒട്ടും കുറവല്ല . ഇനി നമുക്ക് ജന്മജന്മാന്തരങ്ങളിലൂടെ ആർജിക്കുന്ന പുണ്യ പാപങ്ങളെ കുറിച്ച് ഒന്നു നോക്കാം. ഗീതയിൽ പറയുന്നത് ആത്മാവിന് മരണമില്ല എന്നാണ്. നമ്മൾ വസ്ത്രം മാറുന്നതുപോലെ ആത്മാവ് ശരീരവും മാറുന്നു. ( ആത്മാവിനു മരണമില്ലെന്നും പഴയ വസ്ത്രം പോലെ അത് ശരീരത്തെ ഉപേക്ഷിച്ച് ദൈവത്തിലേക്ക് ലയിക്കുന്നു എന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ക്രിസ്തുമതത്തിലുമുണ്ട്.) അതായത് ഒരു ജന്മത്തിൽ നമുക്കു ലഭ്യമായ ശരീരം വഴി നമ്മൾ ആർജിക്കുന്ന പുണ്യ പാപങ്ങൾ ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ രേഖപ്പെടുത്തുന്നു. പിന്നീട് ആ ശരീരം വെടിയുന്നു എങ്കിലും ആത്മാവിന് മരണമില്ല. അത് വസ്ത്രം മാറുന്ന രീതിയിൽ പുതിയൊരു ശരീരത്തെ സ്വീകരിക്കുന്നു. ആത്മാവ് ഒന്നുതന്നെ ആയതിനാൽ കഴിഞ്ഞ ജന്മത്തിൽ ചെയ്ത ശരി തെറ്റുകളുടെ ഫലം ഈ ജന്മം നമ്മൾ അനുഭവിക്കേണ്ടി വരുന്നു. അതായത് നമ്മുടെ ഈ ജന്മ- മുജ്ജന്മ പുണ്യ പാപങ്ങൾ ഈ ജന്മത്തിലും ചിലപ്പോൾ വരും ജന്മങ്ങളിലും നമ്മെ പിന്തുടരുന്നു എന്നു സാരം. മുമ്പ് ചെയ്ത പുണ്യ പാപങ്ങളുടെ ഫലം ഈ ആത്മാവ് ഈ ശരീരത്തിലൂടെ നമ്മെ അനുഭവിപ്പിക്കുന്നു. വിശ്വാസം വരുന്നില്ല അല്ലേ? കഴിഞ്ഞ ആഴ്ച ഞാൻ ഒരു പരീക്ഷ എഴുതിയത് സാരിയുടുത്ത് ആണെന്ന് വിചാരിക്കുക.അതിന്റെ ഫലം അപ്പോൾ തന്നെ കിട്ടില്ലല്ലോ. വീട്ടിൽ വന്ന് ആ ഡ്രസ്സും പിന്നീട് പല ഡ്രസ്സുകളും മാറിമാറി ഉടുത്ത ശേഷമാണ് ഒരാഴ്ച അല്ലെങ്കിൽ ഒരു മാസം കഴിയുമ്പോൾ ആ പരീക്ഷയുടെ ഫലം അറിയുന്നത്. അതായത് ഫലം അറിയുമ്പോൾ ഞാൻ ധരിച്ചിരിക്കുന്ന വേഷം മറ്റൊന്നായിരിക്കും. അതുകൊണ്ട് മുമ്പ് എഴുതിയ പരീക്ഷയുടെ ഫലം അറിയാതിരിക്കുമോ? ശരീരം മാറിയാലും നമ്മുടെ പ്രവർത്തിയുടെ ഫലം ലഭിക്കുക തന്നെ ചെയ്യും.
കൊച്ചു കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടാകുമ്പോൾ അല്ലെങ്കിൽ അപകടം പറ്റുമ്പോൾ ഈ കുഞ്ഞുങ്ങൾ എന്തു തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ അനുഭവിക്കുന്നത് എന്ന് ചോദിക്കാറുണ്ട്. ശരിയാണ്. ഈ ശരീരം കൊണ്ട് അവർ ഒരു തെറ്റും ചെയ്തിട്ടില്ല. പക്ഷേ ഈ കുഞ്ഞുങ്ങളിലെ ആത്മാവ് മുമ്പ് സ്വീകരിച്ചിരുന്ന ശരീരം തെറ്റു ചെയ്തിട്ടുണ്ടാവാം. ഈ ജന്മത്ത് ആത്മാവ് സ്വീകരിച്ചിരിക്കുന്ന ശരീരം നമ്മുടെ മക്കളുടെയും സഹോദരങ്ങളുടെയും അച്ഛനമ്മമാരുടെയും മറ്റും രൂപത്തിലാണ്. അതുകൊണ്ടാണ് നമുക്ക് ഈ വേദന തോന്നുന്നത്. എന്നാൽ കഴിഞ്ഞ ജന്മത്തിൽ അല്ലെങ്കിൽ ജന്മങ്ങളിൽ ഇവരാരുമായും നമുക്ക് ഒരു ബന്ധവും ഇല്ലായിരുന്നു. ഈ ജന്മത്തിലുള്ള മാതാപിതാക്കളും ബന്ധുക്കളും ആയിരിക്കില്ല അടുത്ത ജന്മത്തിൽ നമുക്ക് ലഭിക്കുക. ഇതേക്കുറിച്ചുള്ള പല കഥകളും പുരാണങ്ങളിൽ കാണാം.
മുജ്ജന്മത്തെക്കുറിച്ച് ഓർക്കുന്ന ചില സംഭവങ്ങളെങ്കിലും നമ്മൾ കേട്ടിട്ടുണ്ടായിരിക്കും. 10 വർഷം മുമ്പുള്ള ഒരു പത്രവാർത്ത ഇന്നും ഞാൻ ഓർക്കുന്നു. വിദേശത്തുള്ള ഒരു മൂന്നു വയസ്സുകാരൻ താൻ പോയിട്ടില്ലാത്ത മറ്റൊരു രാജ്യത്തെ കാര്യം എപ്പോഴും പറയുമായിരുന്നു. അവിടെയാണ് തന്റെ ജനന സ്ഥലം എന്നും പോകണമെന്നും പറയും. ഒടുവിൽ അച്ഛനും അമ്മയും അവനെയും കൂട്ടി ആ സ്ഥലത്തു പോയി. അവിടെയുള്ള പലരെയും പേരുപറഞ്ഞ് അവൻ തിരിച്ചറിഞ്ഞു. കൂട്ടത്തിൽ ഒരാളെ ചൂണ്ടിക്കാട്ടി തന്നെ ഇയാൾ കോടാലി കൊണ്ട് വെട്ടിക്കൊന്നതാണെന്ന് ഈ ബാലൻ പറഞ്ഞു. ആരും വിശ്വസിച്ചില്ല. ഒടുവിൽ തന്നെ അടക്കിയ സ്ഥലം ആ ബാലൻ കാണിച്ചുകൊടുത്തു. അവിടെ കുഴിച്ചപ്പോൾ മരിച്ചുപോയ മനുഷ്യന്റെ അസ്ഥികൂടം കിട്ടി. കഴുത്തിൽ കോടാലി കൊണ്ട് വെട്ടിയ അടയാളം ഉണ്ടായിരുന്നു. ആ ബാലന്റെ കഴുത്തിലും അത്തരം ഒരു ചെറിയ പാട് കാണാനുണ്ടായിരുന്നു. ഒടുവിൽ കൊലപാതകി പൊട്ടിക്കരഞ്ഞതുകൊണ്ട് എല്ലാം ഏറ്റുപറഞ്ഞു.
ഇത്തരം പല സംഭവങ്ങളും -വളരെ അപൂർവ്വമാണെങ്കിലും -നമ്മൾ കേൾക്കാറുണ്ട്. എല്ലാവർക്കും എന്തുകൊണ്ട് ഈ പഴയ ഓർമ്മ വരുന്നില്ല എന്നതാണ് പൊതുവേയുള്ള സംശയം. ഒരു 15 കൊല്ലം മുമ്പ് ജനുവരി 17ന് എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ നമുക്കാകുമോ? പറ്റില്ല. കഴിഞ്ഞ ആഴ്ച നടന്ന സംഭവങ്ങൾ പോലും നമ്മുടെ ഓർമ്മയിൽ ഉണ്ടാവില്ല. അപ്പോൾ എങ്ങനെ നമുക്ക് കഴിഞ്ഞ ജന്മത്തിലേക്ക് പോകാൻ ആവും. ഒരു കാര്യം കൂടി പറയട്ടെ. കൊച്ചു കുട്ടികളിലാണ് കഴിഞ്ഞ ജന്മത്തെ ഓർമ്മകൾ കൂടുതൽ പ്രകടമാകുന്നത്. വളരുന്നതോടെ ആ ഓർമ്മകളും മങ്ങും. പക്ഷേ ഇതെല്ലാം ശാസ്ത്രീയമായി ഉദാഹരിക്കാനുള്ള കഴിവും അറിവും ജ്ഞാനവും ഇല്ലാത്തതുകൊണ്ട് തന്നെ എനിക്ക് കഴിയില്ല. ഇതെല്ലാം ഉദാഹരണങ്ങൾ കൊണ്ട് വ്യക്തമാക്കുവാൻ കഴിവുള്ള പണ്ഡിതന്മാർ തീർച്ചയായും ഉണ്ട്. നമ്മൾ അവരെ കണ്ടെത്തണം. ഇങ്ങിനെ ചിന്തിക്കുന്നത് കൊണ്ട് വളരെയേറെ പ്രയോജനങ്ങളും ഉണ്ട്. ഈ ഭീതി മനുഷ്യനെ തെറ്റ് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കും. താൻ ചെയ്യുന്ന ഓരോ പ്രവർത്തിയുടെയും ഫലം അവനവൻ തന്നെ- അത് ഈ ശരീരം മാറ്റി മറ്റൊരു ശരീരം നേടിയാലും-അനുഭവിക്കണം. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിക്കുമെന്നേ വരൂ എന്ന് പറഞ്ഞിട്ടുണ്ടല്ലോ. ആത്മാവ് ഈ ശരീരം ഉപേക്ഷിച്ച ശേഷം - അതൊരു പക്ഷേ ബാല്യത്തിൽ ആവാം യൗവനത്തിൽ ആവാം വാർദ്ധക്യത്തിൽ അതി പീഡനങ്ങൾ അനുഭവിച്ചും ആകാം - മറ്റൊരു ശരീരം സ്വീകരിക്കുന്നത് മനുഷ്യശരീരം തന്നെ ആവണമെന്നില്ല. പുഴുവായോ പുല്ലായോ മൃഗമായോ മരങ്ങളായോ അങ്ങനെ എന്തുവേണമെങ്കിലും ആകാം. എന്തായാലും കർമ്മഫലം അനുഭവിച്ചു തന്നെ തീരണം. മനുഷ്യനെ നേർവഴിയിലൂടെ നയിക്കാൻ ഇത്തരം വിശ്വാസങ്ങൾക്ക് കഴിയും എന്ന് സൂചിപ്പിച്ചുകൊണ്ട്, ഈ വിഷയം അവസാനിപ്പിക്കട്ടെ. മറ്റൊരു വിഷയവുമായി വീണ്ടും കാണാം .
1 comment:
വളരെ നല്ല രീതിയിൽ എഴുതി. ഇതിൽ ആർക്കും വിഷമം ഉണ്ടാവില്ല എന്ന് കരുതാം അല്ലേ?
Post a Comment