Friday, July 1, 2022

യാത്രകളിലെ അരക്ഷിതാവസ്ഥ

 കഴിഞ്ഞദിവസം ഒരു വാർത്ത കണ്ടു. അച്ഛനോടൊപ്പം ട്രെയിനിൽ യാത്ര ചെയ്ത 16 വയസ്സുകാരിയായ ഒരു  കൗമാരക്കാരി പെൺകുട്ടിക്ക് നേരിട്ട് അതിക്രമം.രാത്രി 7.50നുള്ള എറണാകുളം ഗുരുവായൂർ സ്പെഷ്യൽ ട്രെയിനിൽ എറണാകുളത്ത് നിന്നും തൃശൂരിലേക്ക് അച്ഛനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അവൾ. കളമശ്ശേരി വിട്ടപ്പോൾ മുതൽ എതിർ ദിശയിലെ സീറ്റിൽ ഇരുന്ന ആറുപേർ,വൃത്തികെട്ട ഭാഷയും പ്രവർത്തിയും ഈ പെൺകുട്ടിയുടെ നേരെ നടത്തി. ഇത് തടസ്സപ്പെടുത്താൻ ശ്രമിച്ച അച്ഛനെയും അവർ ഉപദ്രവിച്ചു. ഈ പ്രവർത്തികൾ റെക്കോർഡ് ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയുടെ ഫോൺ അവർ തട്ടിപ്പറിക്കാൻ നോക്കി.  ഈ കൊച്ചു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആറു പേരും 50 വയസ്സിനു മുകളിൽ ഉള്ളവരാണെന്ന സത്യം നമ്മളെ ലജ്ജിപ്പിക്കും. തന്റെ മകളുടെയോ കൊച്ചുമകളുടെയോ പ്രായമുള്ള ഈ കൊച്ചു പെൺകുട്ടിയോട് എങ്ങിനെയാണ് ഇവർക്ക് ഇങ്ങനെ ക്രൂരമായി പെരുമാറാൻ കഴിയുന്നത്? ഇതിനിടെ പെൺകുട്ടിക്കും പിതാവിനും രക്ഷകനായി വന്നത്  ഒരു യുവാവ് ആയിരുന്നു.     അവനെയും ഇവർ വല്ലാതെ     ഉപദ്രവിച്ചു.      സാധാരണഗതിയിൽ ഒരു         പെൺകുട്ടിയോടുള്ള പീഡനം എന്ന്            പറയുമ്പോൾ  യുവാക്കളുടെ മുഖമാണ്      നമ്മുടെ മനസ്സിലേക്ക് വരിക. എന്ത്              കേട്ടാലും എടുത്തുചാടുന്ന                              പക്വതയില്ലാത്തവരാണ് യുവാക്കൾ              എന്നാണ് നമ്മുടെ ധാരണ. പക്ഷേ          ഇവിടെയാണെങ്കിൽ ഒരു യുവാവാണ്          ധൈര്യപൂർവ്വം എതിർത്തത്.    തന്റെ അച്ഛനോളം പ്രായമുള്ള ഈ കാമ ഭ്രാന്തന്മാരെ എതിരിടാൻ അവൻ ഒറ്റയ്ക്ക് ധൈര്യം കാട്ടി. പക്ഷേ ഒപ്പം ഉണ്ടായിരുന്ന മറ്റ് യാത്രക്കാർ ഒന്നും തന്നെ പെൺകുട്ടിയെ സഹായിക്കാൻ തയ്യാറായില്ല. മിക്കവരും ഭയന്നായിരിക്കാം നിശബ്ദരായിരുന്നത് . എങ്കിലും ഇങ്ങനെയൊരു സംഭവം നടക്കുമ്പോൾ, സ്വന്തം കാര്യം നോക്കി എങ്ങനെയാണ് മിണ്ടാതിരിക്കാൻ കഴിയുക? നാളെ ഇതേ അനുഭവം അവർക്കും ഉണ്ടായിക്കൂടെ നിന്നില്ലല്ലോ. അപ്പോൾ അവർക്ക് ആരുടെയും സഹായം വേണ്ടേ? മനുഷ്യന്റെ മനസ്സ് എത്ര വിചിത്രം അല്ലേ . സ്വാർത്ഥത ഉണ്ടെങ്കിലും ഇത്രമാത്രം പാടില്ല. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ ഗാർഡുമായി ബന്ധപ്പെടുകയും, അദ്ദേഹം വന്ന് വാണിംഗ് നൽകിയശേഷം തിരിച്ചു പോയി എങ്കിലും പിന്നീട് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല എന്നും പെൺകുട്ടിയുടെ പരാതിയിൽ ഉണ്ട്. ഒടുവിൽ ഇവരെ ഭീഷണിപ്പെടുത്തിയ ശേഷം പല സ്റ്റേഷനുകളിലായി ഈ ആറ് വൃദ്ധന്മാരും ഇറങ്ങിപ്പോയി. 50 വയസ്സ് കഴിഞ്ഞവരെ വൃദ്ധൻ എന്നല്ലാതെ ചെറുപ്പക്കാരൻ വിളിക്കാൻ പറ്റില്ലല്ലോ. ഒടുവിൽ പെൺകുട്ടിയുടെ അച്ഛൻ തൃശൂർ പോലീസ് സ്റ്റേഷനിൽ വിളിച്ചു സഹായം ആവശ്യപ്പെടുകയും അവർ അച്ഛനും മകളും ഇറങ്ങുന്ന സ്റ്റേഷനിൽ എത്തുകയും പരാതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. അതിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തതായാണ് ഇപ്പോൾ ഒരാഴ്ച കഴിഞ്ഞു വരുന്ന റിപ്പോർട്ട്.


    ഒരു ദിവസം   ഇന്ത്യയിൽഏകദേശം 23 മില്യൺ യാത്രക്കാരാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത്. അതിൽ 20% ത്തോളം അതായത് ഏകദേശം 4.6 മില്യൺ യാത്രക്കാർ സ്ത്രീകളാണ്. അതുകൊണ്ടുതന്നെ യാത്രക്കാരുടെ- സുരക്ഷിതത്വം അത് സ്ത്രീയായാലും   പുരുഷനായാലും- വളരെയേറെ     പ്രാധാന്യമർഹിക്കുന്നു. അർദ്ധരാത്രി             ഭയമില്ലാതെ സ്ത്രീകൾക്ക് യാത്ര     ചെയ്യാൻ  സാധിക്കുമ്പോഴേ നമ്മൾക്ക്    സ്വാതന്ത്ര്യം കിട്ടി എന്നു പറയാൻ കഴിയൂ     എന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്.     ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ    കാണുമ്പോൾ നമുക്ക്  ഇന്നും സ്വാതന്ത്ര്യം   കിട്ടിയിട്ടില്ല എന്ന് പറയേണ്ടിവരും. കുറ്റങ്ങൾക്കെതിരെ പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ട് കാര്യമില്ല. ഉള്ള നിയമങ്ങൾ തന്നെ ധാരാളമാണ്. പക്ഷേ അവ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് ഒരു പ്രധാന പോരായ്മ. അതുകൊണ്ടുതന്നെ നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ തയ്യാറാവണം. അത് ഭരണകർത്താക്കളുടെ കടമയാണ്. കർത്തവ്യമാണ്.

                  ട്രെയിനിൽ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് പറയുമ്പോൾ  മനസ്സിലേക്ക് ആദ്യം ഉയർന്നു വരുന്നത് മരണപെട്ട സൗമ്യയുടെ മുഖമാണ്. ഈ സംഭവം  വളരെയധികം കോളിളക്കം സൃഷ്ടിച്ചു എങ്കിലും പ്രതി ഗോവിന്ദച്ചാമി ഇന്നും ജീവനോടെ, കൂടുതൽ ആരോഗ്യത്തോടെയിരിക്കുന്നു എന്ന സത്യം നിയമത്തിനു നേരെയുള്ള കൊഞ്ഞനം കുത്തലാണ്. സൗമ്യയുടെ കൊലപാതകം നടന്ന ശേഷം (എനിക്ക് കൊലപാതകം ആയി മാത്രമാണ് കാണാൻ കഴിയുക) കൂടുതൽ സ്ത്രീ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും    എന്ന് റെയിൽവേയും സംസ്ഥാന സർക്കാരും വാഗ്ദാനം നൽകി എങ്കിലും ഒന്നും സംഭവിച്ചില്ല. പീഡനങ്ങളുടെയും ആക്രമണങ്ങളുടെയും എണ്ണം വീണ്ടും വർധിച്ചു എന്നു മാത്രം. അന്ന്  ഗോവിന്ദ ച്ചാമിക്ക്‌  തുക്കുകയർ വിധിക്കുന്നതിനെതിരെ സമൂഹത്തിലെ ഉന്നതരും ബുദ്ധിജീവികളും  മുന്നിട്ടിറങ്ങിയതും നമുക്ക് മറക്കാൻ പറ്റില്ല. അവരെ ഓർത്ത് ഇന്നും അപമാനം തോന്നുന്നു. അതിക്രൂരമായ ഒരു കുറ്റവാളിയെ രക്ഷിക്കാൻ ഇവർക്ക്  ലജ്ജയില്ലേ? ഒരു മനസാക്ഷികുത്തും അനുഭവപ്പെട്ടില്ലേ? എങ്ങിനെ ഉണ്ടാവാൻ?   മനുഷ്യന്റെ രൂപം മാത്രം പോരാ, മനുഷ്യത്വം എന്ന വികാരം കൂടി വേണം. ഇന്ന് ട്രെയിൻ യാത്ര മാത്രമല്ല ഒരു യാത്രയും സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന് പറയേണ്ടിവരും. ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്ക് പ്ലെയിനിൽ വച്ച് ഉണ്ടായ അനുഭവം അന്ന് രാഷ്ട്രീയ രംഗത്തെ പിടിച്ചു കുലുക്കിയിരുന്നു. ബസ് യാത്രയ്ക്കിടെ ഉണ്ടായ പീഡനത്തെ കുറിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പി  ഇ ഉഷ നൽകിയ പരാതി ഇനിയും നമ്മൾ മറന്നിട്ടുണ്ടാവില്ല. ചുരുക്കത്തിൽ രാത്രിയായാലും പകലായാലും ഓരോ യാത്രയും നമുക്ക് നൽകുന്നത് ഭീതിയാണ്. പലപ്പോഴും നമ്മൾ കരുതും ഒറ്റയ്ക്കായതുകൊണ്ടാണ് പേടി   തോന്നുന്നത് എന്ന്. അല്ല. ഇവിടെ ഇപ്പോൾ പറഞ്ഞ കേസിൽ വെറും 16 വയസ്സുള്ള ആ കൊച്ചു പെൺകുട്ടി സ്വന്തം അച്ഛന്റെ ഒപ്പം യാത്ര ചെയ്യുമ്പോഴാണ്   പുരുഷന്മാരുടെ ആക്രമണത്തിന്     ഇരയായത്.                                                          

          സംരക്ഷണം ലഭിക്കേണ്ടവർ സാധാരണക്കാർ ആണെങ്കിൽ പലപ്പോഴും അത് ലഭിക്കുന്നില്ല എന്നതാണ് സത്യം. കാരണം അവർ ഉന്നതര അല്ലല്ലോ പാവപ്പെട്ടവർക്ക് അഭിമാനവും നിയമസംരക്ഷണവും ഒന്നും ആവശ്യമില്ലെന്നായിരിക്കാം ഔദ്യോഗിക രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ വിശ്വാസം. കഷ്ടമാണ്! മഹാകഷ്ടം!  സാധാരണക്കാരായ നമ്മളെ സംരക്ഷിക്കാൻ കഴിവില്ലെങ്കിൽ എന്തിനാണ് ഇവർ ഭരണരംഗത്ത് തുടരുന്നത്? ഞാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ല. പക്ഷേ പൊതുജനങ്ങളെ സംരക്ഷിക്കാൻ കഴിവില്ലാത്തവർ, സ്വന്തം സംരക്ഷണത്തിനായി പോലീസ് മതിൽ ചുറ്റും കെട്ടുന്നതും വാഹന    അകമ്പടിയോടെ യാത്ര ചെയ്യുന്നതും     കാണുമ്പോൾ പുച്ഛം തോന്നും.    ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരെ എന്ത്    പേരിട്ട് വിളിക്കണം എന്ന് എനിക്കറിയില്ല.  ജനങ്ങളോട് ഒപ്പം ചേർന്നുനിന്ന്     അവരുടെ പ്രശ്നങ്ങൾ തൊട്ടറിയണം.   അപ്പോഴേ പരിഹാരം കാണാനും കഴിയൂ.  ട്രെയിനിൽ പോലും സാധാരണക്കാരോടൊപ്പം യാത്ര ചെയ്യുന്ന എത്ര രാഷ്ട്രീയക്കാരെ നിങ്ങൾക്കറിയാം? ആരുമുണ്ടാകില്ല. ധൈര്യമുണ്ടെങ്കിൽ പൊതുജനങ്ങളോടൊപ്പം ഒറ്റയ്ക്ക് ഒന്ന് യാത്ര ചെയ്തു നോക്കൂ. അവരുടെ വേദനയും ബുദ്ധിമുട്ടുകളും മനസ്സിലാക്കൂ. നിങ്ങൾക്ക് അതിന് ഒരിക്കലും കഴിയില്ല. കാരണം നിങ്ങൾക്ക് ഭയമാണ്. നിങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച അതേ ജനങ്ങളോട് ഒപ്പം യാത്ര ചെയ്യാൻ എന്തിനാണ് ഭയപ്പെടുന്നത്? സർക്കാർ സേവനങ്ങൾ സ്വന്തം പാർട്ടിക്കും ഇഷ്ടക്കാർക്കും ആയി മാറ്റി വെച്ചതുകൊണ്ടാണ് നിങ്ങൾ ജനങ്ങളെ ഭയപ്പെടുന്നത്. ഉന്നത ഉദ്യോഗസ്ഥനുംIPS കാരനുമായശ്രീ. ഋഷിരാജ് സിംഗ് ഇതിൽ വേറിട്ട് നിൽക്കുന്നു. കള്ളത്തരങ്ങൾ കണ്ടെത്താൻ അദ്ദേഹം ഡ്രൈവറായും പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം നമ്മുടെ മനസ്സിൽ വ്യത്യസ്ഥനായി നിൽക്കുകയും ചെയ്യുന്നു.

      നമ്മൾ പറഞ്ഞു വന്നത് പീഡനത്തെക്കുറിച്ച് ആയിരുന്നു. ഇത് തീർത്തും ഇല്ലാതാക്കാൻ കഴിയുമെന്ന് തോന്നുന്നില്ല എങ്കിലും വളരെയധികം നിയന്ത്രിക്കാൻ സാധിച്ചേക്കും. ട്രെയിനിൽ തന്നെ ഓരോ കമ്പാർട്ട്മെന്റിലും സിസിടിവി ഘടിപ്പിച്ചാൽ ഒരു പരിധിവരെ ഇത്തരം ഹീനപ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും. ട്രെയിനിൽ തന്നെ ഗാർഡുറൂം പോലെ ഉള്ള    ഒരു സ്ഥലം ഇതിനായി നീക്കി വയ്ക്കണം. ട്രെയിനിൽ നടക്കുന്ന സംഭവങ്ങൾ ഇതിലൂടെ വീക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും. മൂന്നോ നാലോ പോലീസുകാരെ ഇതിനായി നിയോഗിക്കണം. പീഡനം നടക്കുമ്പോൾ മാത്രമല്ല മെഡിക്കൽ എമർജൻസി ഉണ്ടാകുമ്പോഴും ഇതുമൂലം സഹായം ലഭിക്കും. അടുത്ത സ്റ്റേഷനിൽ വിളിച്ചുപറഞ്ഞ് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ ഈ ഉദ്യോഗസ്ഥർക്ക് സാധിക്കും. നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നലിലൂടെ യാത്രക്കാർക്ക് സുരക്ഷിതത്വം കൂടുതലായി ലഭിക്കും.  അത്യാവശ്യ സന്ദർഭങ്ങളിൽ ഈ ക്യാമറയിലൂടെ ഉദ്യോഗസ്ഥരുടെ സഹായം ആവശ്യപ്പെടാനും യാത്രക്കാർക്ക് സാധിക്കും. 

              എന്റെ അടുത്ത സജഷൻ പക്ഷേ എത്രപേർ സ്വീകരിക്കും എന്ന് അറിയില്ല.കുറ്റം ചെയ്തതായി കണ്ടെത്തിയാൽ കുറ്റവാളികളെ അല്പസമയം പൊതുജനങ്ങളെ ഏൽപ്പിച്ച് പോലീസ് മാറി നിൽക്കണം. ജനങ്ങളുടെ കയ്യിൽ നിന്നും കിട്ടേണ്ടത് കിട്ടിയാൽ അവർ ജനങ്ങളെയും അല്പം ഭയക്കും. ഇത് കണ്ടുനിൽക്കുന്ന ഒരാൾക്കും പിന്നീട് ഇത്തരം പീഡനങ്ങളും ശല്യം ചെയ്യലുകളും നടത്താനുള്ള ധൈര്യം ഉണ്ടാവില്ല. തീർച്ചയായും ഇത് നിയമം കയ്യിലെടുക്കൽ ആണെന്നും നിയമ വീഴ്ചയാണ് എന്നും ഒക്കെ പറഞ്ഞേക്കാം. സത്യമാണ്. പക്ഷേ പൊതുജന സംരക്ഷണം മാത്രം മുൻനിർത്തിയാൽ ഇത് ശരി തന്നെയാണ്. പൊതുജനങ്ങളുടെ കൂട്ടായ്മ കണ്ടറിഞ്ഞാൽ കുറ്റവാളികൾ ഒന്ന് ഭയപ്പെടുമെന്നതിൽ സംശയമില്ല. ഇത്തരം കേസുകളിൽ കഠിനമായി ശിക്ഷയും അത് കർശനമായി നടപ്പാക്കുകയും വേണം.             നമ്മൾ ഒന്നാണെന്ന തോന്നൽ ഓരോ   യാത്രയിലേയും എല്ലാ യാത്രക്കാർക്കും ഉണ്ടാകണം. അതില്ലാത്തതാണ് പലപ്പോഴും പീഡനങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇവിടുത്തെ കേസിലും പെൺകുട്ടിയെ സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. വന്ന യുവാവിന് ആകട്ടെ  സഹയാത്രികരുടെ സഹായം ലഭിച്ചുമില്ല. സ്ത്രീ പുരുഷ ഭേദമന്യേ  യാത്രക്കാർ ഒത്തൊരുമയോടെ ഇത്തരം പീഡനക്കാരെ നേരിടേണ്ടതുണ്ട് . സ്ത്രീകൾ യാത്ര നടത്തുമ്പോൾ കയ്യിൽ മുളകുപൊടി മുളകു സ്പ്രേ തുടങ്ങിയവ കരുതു നന്നായിരിക്കും. അത്യാവശ്യഘട്ടങ്ങളിൽ ഇത്തരക്കാരെ വീഴ്ത്താൻ ഇതായാലും മതി. വല്ലഭന്പു ല്ലുമായുധം എന്നാണല്ലോ പറയുന്നത്. താഴെ വീണവനെ കെട്ടിയിടാൻ കയർ കി ട്ടിയില്ലെങ്കിൽ നമ്മുടെ ഷോൾ ആയാലും മതിയാകും. നമുക്കും വേണ്ടേ അല്പം കൂടി ധൈര്യം. ഇത്തരം പ്രവർത്തികളെ എതിർക്കാൻ പെൺകുട്ടികൾ അടക്കമുള്ള സ്ത്രീകൾക്ക് മാനസിക ശക്തി ഉണ്ടാവുക എന്നതും ഏറ്റവും പ്രധാനമാണ്. ഒന്നുകൂടി പറയട്ടെ സ്ത്രീകൾ മാത്രമല്ല ഇത്തരം അതിക്രമങ്ങൾക്ക് ഇരയാകുന്നത്. പലപ്പോഴും ആൺകുട്ടികളും ഇത്തരം പീഡനങ്ങൾക്ക് ഇരയാകുന്നുണ്ട്.എങ്കിലും അവയിൽ 99% വും പുറത്തു വരാറില്ല എന്നതാണ് വാസ്തവം.

      സാമൂഹ്യ -സാമ്പത്തിക- വിദ്യാഭ്യാസപരമായി വളരെ മുന്നിലാണെന്ന് വിശ്വസിക്കുമ്പോഴും വീട്ടിലും നാട്ടിലും യാത്രയിലും ഒന്നും നമ്മൾ സുരക്ഷിതരല്ല എന്ന സത്യം നമ്മളിൽ അപമാന ബോധവും ഭീതിയും ആണ് ഉണർത്തുന്നത്. ഒരു നാടിന്റെ ഐശ്വര്യം ശരിയായ ഭരണാധികാരികളാണ്. ഭരണാധികാരികൾ ശക്തരും സത്യസന്ധരും അല്ലെങ്കിൽ ആ നാടും അവിടുത്തെ ജനങ്ങളും വീഴുന്നത് അധപ്പതനത്തിലേക്കാണ് എന്നതിൽ സംശയമില്ല. "യഥാ രാജ തഥാ പ്രജ" എന്നാണല്ലോ ആപ്തവാക്യം. ഇനിയെങ്കിലും ഈ സംഭവം ഏവരുടെയും കണ്ണ് തുറപ്പിക്കാൻ സഹായകമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു


No comments: