ചാനലുകളിൽ തിളങ്ങി നിന്ന സരിത നായർ ഇപ്പോൾ, ഗുരുതരം എന്നുതന്നെ പറയാവുന്ന നാലുതരം രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ ആണെന്ന വാർത്ത അടുത്തിടെ കണ്ടു. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അടക്കം പലരെയും ലൈംഗിക പീഡനത്തിന്റെ മുൾമുനയിൽ നിർത്തി അപമാനിച്ച വ്യക്തിയാണ് ഈ സരിത നായർ. സരിതയെ മുൻനിർത്തിയുള്ള ഈ മ്ലേച്ഛമായ ആരോപണം, രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതായിരുന്നു എന്ന് അരി ഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാകും. അതിന്റെ ഫലമാകും ഇന്ന് പലരും അനുഭവിക്കുന്നത്. "താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ, താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ " എന്ന് അദ്ധ്യാത്മരാമായണത്തിൽ എഴുത്തച്ഛൻ പറഞ്ഞിട്ടുണ്ട്. ഈ ജന്മം മാത്രമല്ല വരും ജന്മങ്ങളിലും ചെയ്ത പാപഫലം നമ്മെ പിന്തുടരും- മുജ്ജന്മ പാപം എന്ന് പറയാറില്ലേ- എന്നാണ് പറയുക. വിതയ്ക്കുന്നത് കൊയ്യും എന്നത് പഴഞ്ചൊല്ല്. പഴഞ്ചൊല്ലിൽ പതിരില്ല എന്നത് മറ്റൊരു സത്യം. വിതയ്ക്കാൻ അല്പം മാത്രം മതി. ഒരു പിടി വിതച്ചാൽ ഒരു പറ കൊയ്യാൻ ഉണ്ടാവും - അത് നന്മയായാലും തിന്മയായാലും. ചെയ്യാത്ത കുറ്റത്തിന് അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്താൽ പെട്ടെന്ന് തെളിയിക്കാൻ കഴിഞ്ഞു എന്ന് വരില്ല. പക്ഷേ കാലം കരുതിവയ്ക്കും. " സത്യം ചെരിപ്പിടുമ്പോഴേക്കും കള്ളം പകുതി ദൂരം പിന്നിട്ടിട്ടുണ്ടാകും "എന്ന് പറയാറില്ലേ. പക്ഷേ ഒടുവിൽ ജയിക്കുക സത്യം തന്നെയാണ്. ചെയ്യാത്ത കുറ്റങ്ങൾക്ക്, അപമാനത്തിന് ഒക്കെ എണ്ണിയെണ്ണി കണക്ക് പറയേണ്ടി വരും. അത് ആരായാലും. എത്ര ഉന്നത നിലയുള്ളവരായാലും. ഇന്ന് കേരള രാഷ്ട്രീയത്തിലും ഇത് തെളിയുന്നുണ്ട്.
തങ്ങൾക്ക് എന്തെങ്കിലും തരത്തിൽ പ്രയോജനം ലഭിക്കുന്നവരെല്ലാം നല്ലവരും അല്ലാത്തവരെല്ലാം മോശക്കാരുമായാണ് പൊതുവേ ജനങ്ങൾ കാണാറ്. അതായത് സ്വന്തം ഹിതം എന്താണോ അതിനോട് അനുകൂലിക്കുന്നവരാണ് ശരി, അല്ലാത്തവരെല്ലാം തെറ്റുകാർ. സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും ഇടയിൽ നിൽക്കുന്നത് കൊണ്ടാണ് മനുഷ്യൻ ഇങ്ങനെ ചിന്തിക്കുന്നത്. മറ്റുള്ളവരെ കുറിച്ച് ചിന്തിക്കാത്ത സങ്കുചിതമായ ചിന്താധാരയാണ് ഇവരിൽ ഉള്ളത്. സ്വന്തം ഇഷ്ടത്തിന് എതിരായി നിൽക്കുന്നവർക്കെതിരെ ആരോപണങ്ങൾ ഉയർത്തുകയാണ് ഇന്ന് പലരും ചെയ്യുന്നത്.
പക്ഷേ ഇത്തരം അസത്യമായ ആരോപണങ്ങൾക്ക് എല്ലാം മറുപടി പറയാൻ ആർക്കാണ് കഴിയുക? പറഞ്ഞാൽ തന്നെ മറ്റുള്ളവർക്ക് ബോധ്യമാകണമെന്നുണ്ടോ? ഇനി ബോധ്യമായാലും അത് സമ്മതിക്കണമെന്നും ഇല്ലല്ലോ. അതിനാൽ ബുദ്ധിയുള്ളവർ ഇതിന് ചെവി കൊടുക്കാതെ നിശബ്ദരായി ക്ഷമയോടെ മാറിപ്പോകുന്നു. " ഇത്തരം ആരോപണങ്ങൾക്ക് ഞാനല്ല നീതി നടപ്പാക്കേണ്ടത്, അതിനൊരാൾ മുകളിലുണ്ട് - ദൈവം" എന്ന് ദൃഢവിശ്വാസത്തോടെ മുന്നോട്ട് പോകുന്ന വ്യക്തിയെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല. എല്ലാം അവഗണിക്കുന്നവരോട് എതിരിടാൻ ആർക്കും താല്പര്യമുണ്ടാവില്ല. കാലം അവർക്കും മറുപടി നൽകും. അതിന് നമ്മൾ നൽകുന്നതിനേക്കാൾ ശക്തിയും ഉണ്ടായിരിക്കും. പക്ഷേ ഇത്തരത്തിൽ ക്ഷമയോടെ പോകാൻ അസാധാരണമായ ആർജ്ജവം വേണം. അങ്ങനെ പോകുന്നവർക്ക് വേണ്ടി ഈശ്വരൻ നീതി നടപ്പാക്കുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട. യഥാർത്ഥത്തിൽ,നമ്മൾ പറയുന്ന സത്യമാണെങ്കിൽ കൂടി അത് സ്വീകരിക്കപ്പെടണമെന്നില്ല. സ്വീകരിക്കപ്പെടുന്നതെല്ലാം സത്യമാകണമെന്നുമില്ല. നമുക്കെതിരെ പറയുന്നവരോട്, മറുപടി പറയാൻ അല്ല ക്ഷമിക്കാൻ ആണ് നമ്മൾ ശ്രമിക്കേണ്ടത്. "ക്ഷമ "എന്നത് വ്യക്തിത്വത്തിന്റെ പ്രധാന ഘടകമാണ്. നമ്മുടെ ഈ ചെറിയ ജീവിതം സുന്ദരവും സന്തോഷഭരിതവും ആക്കാൻ ക്ഷമയ്ക്ക് കഴിയും. പല ബുദ്ധിമുട്ടുകളിൽ നിന്നും കഷ്ടതകളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്ന ഒരു മഹാ മന്ത്രമാണ്" ക്ഷമ". ക്ഷമിക്കുമ്പോൾ നമ്മൾ പരാജയം സമ്മതിക്കുകയാണോ എന്ന് സംശയം തോന്നാം. പക്ഷേ ഒരിക്കലും അങ്ങനെയല്ല സംഭവിക്കുന്നത്. ക്ഷമാപൂർവ്വം പ്രതിബന്ധങ്ങളെ എല്ലാം അവഗണിക്കുന്നവർ മുന്നോട്ടു കുതിക്കുകയാണ് ചെയ്യുക. വേണ്ടാത്ത, പാടില്ലാത്ത,ഒരു വാക്കുപോലും അവരിൽ നിന്നും പുറത്തു വരില്ല. അങ്ങിനെയുള്ളവരെ കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ഒരു ശക്തിക്കും സാധിക്കില്ല. ക്ഷമ ധൈര്യമാണ്. അനുഗ്രഹമാണ്. പ്രതിബന്ധങ്ങളിൽ നിന്നുള്ള മോചനമാണ്. പക്ഷേ ഇതിന് അപാരമായ ശക്തി ആവശ്യമുണ്ട്. നമുക്കെതിരെ ഉള്ള ഓരോ കാര്യത്തോടും പ്രതികരിക്കുന്നതിനുള്ള പ്രധാന കാരണം ഭയമാണ്. താൻ ചെയ്യാത്ത തെറ്റ്, ചെയ്തു എന്നു പറയുന്നത് മറ്റുള്ളവർ വിശ്വസിച്ചാലോ എന്ന ഭയം, അല്ലെങ്കിൽ താൻ ചെയ്ത തെറ്റ്, മറ്റുള്ളവർ തിരിച്ചറിഞ്ഞാലോ എന്ന ഭയം. ഈ ഭയം ഇല്ലാതായാൽ സ്വയം ന്യായീകരിക്കാനുംപ്രതികരിക്കാനും നമ്മൾ ശ്രമിക്കില്ല.
എന്നാൽ ഒരു കാര്യവുമില്ലാതെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നവരോട് പകപോക്കാൻ തുടങ്ങിയാൽ നിങ്ങളുടെ ജീവിതവും അതുകൊണ്ട് നിറയും. അതിൽ മാത്രമാകും നിങ്ങളുടെ ശ്രദ്ധ. അതിൽ കുടുങ്ങി ജീവിക്കാൻ പോലും മറന്നു പോകും. പരസ്പരം ഉള്ള പകപോക്കൽ തുടർന്നാൽ പക ഒരിക്കലും അവസാനിക്കില്ല. എന്നാൽ തന്റെ നേരെ ഉയരുന്ന ആരോപണങ്ങളെയും ആക്ഷേപങ്ങളെയും അവഗണിക്കാൻ സാധിച്ചാൽ അവ നിലനിൽക്കില്ല. എന്നാൽ അവയെ സ്വീകരിച്ചാൽ, തീർച്ചയായും അതിന് വളർച്ചയുണ്ടാകും. നമ്മുടെ മനസ്സ് അതിനു വളരാനുള്ള ഇടമായി മാറും. എന്നാൽ അത്തരം ആരോപണങ്ങളെ അവഗണിക്കുന്നതോടെ അവയ്ക്ക് നിങ്ങളുടെ മനസ്സിൽ സ്ഥാനം ഇല്ലാതെയാകുകയും വളർച്ചയില്ലാതെ ഒടുവിൽ അത് തനിയെ ഇല്ലാതാവുകയും ചെയ്യും. അവഹേളനം നടത്തുന്നവരോട് എതിർത്തു നിന്നാൽ നമ്മുടെ മനസ്സ് കലുഷിതവും , വൃത്തിഹീനവുമായി തീരും.
ക്ഷമയോടെ പ്രശ്നങ്ങളെ നേരിടുന്നവർ,ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അനായാസം തരണം ചെയ്യും. എന്നാൽ ആ പ്രതിസന്ധി ഉണ്ടാക്കിയവരോട് ആ വ്യക്തി ക്ഷമിച്ചു എങ്കിലും ഈശ്വരൻ - വിശ്വാസമുള്ളവർക്ക് ഈശ്വരൻ അല്ലാത്തവർക്ക് കാലം - മാപ്പ് നൽകില്ല. ചെയ്ത പ്രവർത്തികൾക്കെല്ലാം അക്കമിട്ട് അനുഭവിക്കേണ്ടിവരും. ചിലരുടെ വിശ്വാസപ്രകാരം എല്ലാം ഈ ഭൂമിയിൽ തന്നെ അനുഭവിക്കും. മറ്റുചില വിശ്വാസപ്രകാരം അത് ജന്മാന്തരങ്ങളോളം അനുഭവിക്കേണ്ടി വരും. എന്തായാലും ചിലരുടെ പ്രവർത്തികളും അവർക്കു ലഭിക്കുന്ന അതിന്റെ ഫലവും കാണുമ്പോൾ നമ്മൾ ചെയ്യുന്ന ഒരു പ്രവർത്തിയും വെറുതെ ആകില്ല എന്നും ഓരോ പ്രവർത്തിയുടെയും- അത് നന്മയാകട്ടെ തിന്മയാകട്ടെ- അനന്തരഫലം നമുക്കുതന്നെ തിരിച്ചുകിട്ടും എന്നും ഉറപ്പിക്കാം..
No comments:
Post a Comment