പണ്ട് PhD ഉണ്ടെന്ന് പറയുന്നത് ഒരു അഭിമാനമായിരുന്നു. ഒരു വിഷയത്തിൽ കൂടുതൽ അറിവ് നേടിയതിന്റെ തെളിവായിരുന്നു. പ്രത്യേക അംഗീകാരവും അവർക്ക് ലഭിച്ചിരുന്നു. ഇന്ന് കാലം മാറിയതോടെ പഠനവും രീതിയും എല്ലാം മാറി. ഡിഗ്രി, പിജി എന്നിവയിൽ മാത്രമല്ല ഡോക്ടറേറ്റ് നേടുന്ന മേഖലയടക്കം ഇതുതന്നെയാണ് സ്ഥിതി. പണ്ട് എൻജിനീയറിങ്ങിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. തുടർന്ന് മുക്കിനു മുക്കിന് എൻജിനീയറിങ് കോളേജുകൾ തുറന്നു. ഇന്ന് നടന്നു പോകുമ്പോൾ കൈമുട്ടിയാൽ അയാൾ ഒരു എഞ്ചിനീയർ ആയിരിക്കും എന്ന നിലയിലായി. പിന്നെ അതാ വരുന്നു LLB. കോളേജ് വിദ്യാഭ്യാസത്തെ തുടർന്ന് LLB ക്കു പോയവരെ കൂടാതെ, ജോലിയിലി രിക്കെയും പെൻഷൻ ആയ ശേഷവും മറ്റും ഈവനിംഗ് കോഴ്സിലൂടെ നിയമം പഠിച്ചവരുടെ എണ്ണവും കൂടി. നിയമബിരുദം ഇല്ലാത്തവരെ ഒന്ന് കാണാൻ തന്നെ വിഷമമാണ് എന്ന ഘട്ടത്തിലെത്തിയിരിക്കുന്നു. നിയമപരിജ്ഞാനം നോക്കിയാൽ വെറും ബിരുദം മാത്രമേ ഇവർക്കുള്ളൂ എന്ന് മനസ്സിലാകും. ഇന്ന് ഏകദേശം ആ നിലയിലേക്ക് എത്തുകയാണ് PhD യും. പണ്ട് ശരിയായ രീതിയിൽ ഒരു വിഷയത്തിൽ പഠനം നടത്തി ആ വിഷയത്തെക്കുറിച്ച് ആഴത്തിൽ അറിഞ്ഞവർക്കു മാത്രമേ ഡോക്ടറേറ്റ് ലഭിച്ചിരുന്നുള്ളൂ. അവരുടെ പ്രബന്ധം മറ്റു വിദ്യാർഥികൾക്ക് ആ വിഷയത്തിലുള്ള ഒരു വിജ്ഞാന കോശം തന്നെ ആയിരുന്നു. എന്നാൽ ഇതിൽ ഉണ്ടാകുന്ന പിഴവുകൾ ഇതുമായി ബന്ധപ്പെട്ട് പഠിക്കുന്ന കുട്ടികൾക്ക് തെറ്റായ അറിവായിരിക്കും നൽകുക എന്നതിൽ സംശയമില്ല. വലിയ അറിവും കഴിവും ഒന്നുമില്ലെങ്കിലും പിഎച്ച്ഡിക്ക് നേതൃത്വംനൽകുന്ന ഗൈഡിനെയും കുടുംബത്തെയും സന്തോഷിപ്പിച്ചാൽ പിന്നെ വലിയ ബുദ്ധിമുട്ട് കൂടാതെ ഡോക്ടറേറ്റ് നേടാം എന്നെല്ലാം നമ്മുടെ പാണന്മാർ പാടി നടക്കുന്നുണ്ട്. ഇന്നു നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ അത് ശരിയാണല്ലോ എന്നു സംശയിക്കുന്നതിൽ കുറ്റം പറയാൻ ആകുമോ?
സത്യത്തിൽ എന്തിനാണ് ഈ PhD? ഒരു വ്യക്തിയുടെ ആ വിഷയത്തിലുള്ള ഗഹനമായ അറിവ് പ്രകടമാക്കുവാൻ ഡോക്ടറേറ്റ് ലൂടെ കഴിയുന്നു. കോളേജിൽ അധ്യാപകരായി ചേർന്ന് പ്രമോഷൻ കിട്ടാനും ഈPhD, MPhil ഒക്കെ ഇന്നു വേണം. വിദ്യാഭ്യാസരംഗത്ത് ശരിയായ രീതിയിൽ വിദ്യാർഥികളെ നയിക്കാൻ ഇത്തരം അറിവുകൾ വളരെ നല്ലതുതന്നെ. പക്ഷേ പല വിഷയങ്ങൾ പഠിച്ച് അതിൽ ഒന്നുമില്ലാത്ത ഒരു വിഷയത്തിൽ പി എച്ച് ഡി എടുത്താൽ എന്താണ് പ്രയോജനം? മനസ്സിലായില്ല അല്ലേ? ശരി. ഒന്നുകൂടി വിശദീകരിക്കാം. ഡിഗ്രിക്ക് ഞാൻ ഫിസിക്സ് എടുത്തു എന്ന് വിചാരിക്കുക, ഫസ്റ്റ് ക്ലാസിൽ പാസ് ആവുകയും ചെയ്തു. എങ്കിലും ഫിസിക്സ് പിജിക്ക് പ്രവേശനം കിട്ടിയില്ല. കാരണം എനിക്കു കിട്ടിയതിലും കൂടുതൽ മാർക്ക് നേടിയവർക്കാണ് എംഎസ്സിക്ക് പ്രവേശനം ലഭിച്ചത്. അത് ശരിയാണ് താനും. അപ്പോൾ ഞാൻ കരുതി ഇംഗ്ലീഷ് MA ക്കു ചേരാമെന്ന്. ഡിഗ്രിക്ക് ഇംഗ്ലീഷും കൂടി പഠിച്ചതുകൊണ്ട് എനിക്ക് അഡ്മിഷൻകിട്ടി. അതും ഫസ്റ്റ് ക്ലാസിൽ തന്നെ പാസായി എന്ന് കരുതുക. അപ്പോഴാണ് PhD കൂടി എടുത്താലോ എന്ന് തോന്നിയത്. അങ്ങനെ വിഷയങ്ങൾ തേടി നടന്ന ഞാൻ ഒടുവിൽ "സമൂഹവും സിനിമയും പരസ്പരപൂരകങ്ങൾ "എന്ന വിഷയത്തിൽ പിഎച്ച് നേടി. ഇനി പറയൂ, എനിക്ക് കോളേജിൽ അധ്യാപികയായി ജോലി കിട്ടിയാൽ എന്ത് വിഷയമാണ് ഞാൻ പഠിപ്പിക്കുക. വെറും മൂന്നു വർഷം മാത്രം ഫിസിക്സ് പഠിച്ചതിനാൽ അത് പഠിപ്പിക്കാൻ പറ്റുമോ? ഇല്ല എന്നത് സത്യമാണ്. അടിസ്ഥാനമായ വെറും ചെറിയ അറിവ് മാത്രമാണ് മൂന്നുവർഷത്തെ പഠനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുള്ളത്. കുട്ടികളെ ശരിയായി പഠിപ്പിക്കാനോ, അവരുടെ സംശയം തീർത്തു കൊടുക്കാനോ ഈ ചെറിയ അറിവിലൂടെ എനിക്ക് കഴിയില്ല എന്നത് പകൽപോലെ വ്യക്തം. ശരി, എന്നാൽ ഇനി ഇംഗ്ലീഷ് പഠനമായാലോ? ദയവായി ചിരിക്കരുത് എന്റെ ഇംഗ്ലീഷ്, ഗ്രാമർ രഹിതമായിരിക്കും. കാരണം പിജിക്ക് ഗ്രാമർ കാര്യമായെന്നും പഠിപ്പിക്കില്ല. പണ്ട് പ്രീഡിഗ്രിക്ക് ഗ്രാമർ ഒരു പേപ്പർ ആയിരുന്നു എങ്കിലും ഇന്ന് പ്രത്യേക പേപ്പർ ആയി ഗ്രാമർ പഠിപ്പിക്കുന്നില്ല. ഇന്നത്തെ കുട്ടികൾ ഇംഗ്ലീഷ് എഴുതുന്നതും പറയുന്നതും കാണുമ്പോൾ അത് മനസ്സിലാകും. ( "ഇംഗ്ലീഷ് ഭാഷയിൽ സ്പെല്ലിങ് ഗ്രാമറും ഇല്ലായിരുന്നുവെങ്കിൽ വളരെ നന്നായിരുന്നു "എന്ന തന്റെ ഇംഗ്ലീഷ് അധ്യാപകന്റെ തമാശ എന്റെ ഭർത്താവ് ഇടയ്ക്കിടെ പറയാറുണ്ട് ). അപ്പോൾ ഇംഗ്ലീഷും പറ്റില്ല. പിന്നെയുള്ളത് പി എച്ച് ഡി നേടിയ വിഷയമാണ്. അത് ആരെയാണ് പഠിപ്പിക്കേണ്ടത്? എവിടെയാണ് ഉൾപ്പെടുത്താൻ കഴിയുന്നത്?
അപ്പോൾ ഈ പി എച്ച് ഡി കൊണ്ട് എന്താണ്, ആർക്കാണ് പ്രയോജനം? വെറുതെ ഒരു അലങ്കാരത്തിന് കൊണ്ടുനടക്കാം അല്ലേ? ചിന്ത ജെറോമിന്റെ ഇഷ്യൂ വന്നതോടെ ഇപ്പോൾ പലരും തങ്ങളുടെ ഡോക്ടർ എന്ന ഡിഗ്രി നാണം കൊണ്ടും ചമ്മൽ കൊണ്ടും വെക്കാറില്ലത്രെ. മറ്റൊരു കാര്യം കൂടി പറയട്ടെ. ഫീസിടാക്കിയും രാഷ്ട്രീയ സ്വാധീനത്തിലൂടെയും പി എച്ച് ഡി പ്രബന്ധം എഴുതിക്കൊടുക്കുവാൻ ആളുകളുണ്ട് എന്നും അറിയുന്നുണ്ട്. അപ്പോൾ ഇങ്ങനെയെല്ലാം നേടുന്ന ഇതിന്എന്ത് വാല്യൂ ആണുള്ളത്? നമ്മുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യ തകർച്ചയാണ് ഇത് കാണിക്കുന്നത്. തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതും കൂടി ആകട്ടെ അല്ലേ.
യഥാർത്ഥത്തിൽ ഒരേ വിഷയത്തിൽ ഡിഗ്രിയും പിജിയും കഴിഞ്ഞവർ മാത്രമേഅതേ വിഷയത്തിൽ പി എച്ച് ഡി ക്കായി രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്ന നിയമം കൊണ്ടുവരണം. അപ്പോൾ മാത്രമേ ആ വിഷയത്തിൽ അവർക്കുള്ള ഗഹനമായ അറിവ് തിരിച്ചറിയൂ. അതുകൊണ്ട് മാത്രമേ പ്രയോജനവും ഉള്ളൂ. പി എച്ച് ഡി എന്നത് ഒരലങ്കാരമല്ല, അറിവിന്റെ തെളിവാണെന്ന് വിദ്യാഭ്യാസ വകുപ്പുകൾ തിരിച്ചറിയണം. അല്ലെങ്കിൽ തെറ്റിന്റെ കൂമ്പാരങ്ങൾ ആയി മാറുന്ന ഇത്തരം പ്രബന്ധങ്ങൾ ഏവരാലും തിരസ്കരിക്കപ്പെടും എന്നതിൽ സംശയമില്ല.
" വിദ്യാ പ്രശസ്യതെ ലോകേ, വിദ്യാ സർവ്വത്ര ഗൗരവ
വിദ്യാ ലഭതേ സർവ്വ വിദ്വാൻ, സർവ്വത്ര പൂജ്യതേ"
1 comment:
Worth to read. Good
Post a Comment