നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും കാരണം മറ്റുള്ളവരെ പോലെ ആകുവാൻ ശ്രമിക്കുന്നതും, അവരെപ്പോലെ ജീവിക്കാൻ നോക്കുന്നതുമാണ്. ആ ശ്രമത്തിൽ, നമ്മൾക്ക് നമ്മളെ തന്നെ തിരിച്ചറിയാൻ കഴിയുന്നില്ല. സ്വന്തം കഴിവും, കഴിവുകേടും സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരുടെ ശക്തിഹീനത കണ്ടെത്തുവാൻ നോക്കുന്നത് ഒട്ടും നല്ല പ്രവണതയല്ല. ഓരോ വ്യക്തിക്കും അവരുടെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നമ്മുടെ ഗുണദോഷങ്ങൾ നമ്മൾ സ്വയം തിരിച്ചറിയണം. തെറ്റുകൾ തിരിച്ചറിഞ്ഞാൽ പിന്നെ വേണ്ടത് തിരുത്താനുള്ള ശ്രമമാണ്. ചിലർ സ്വന്തം വീഴ്ചകൾ തിരിച്ചറിയും എങ്കിലും തിരുത്തുവാൻ തയ്യാറാകാറില്ല. അല്ലെങ്കിൽ അതിന് അവരുടെ ഈഗോ- ഞാൻ എന്ന ഭാവം- സമ്മതിക്കില്ല. സ്വയം തിരിച്ചറിയിലാണ് ഒരു വ്യക്തിയെ മനുഷ്യനാക്കുന്നത്. രണ്ടു കാലിൽ നടന്നത് കൊണ്ടോ, ഭക്ഷണം പാകം ചെയ്തു കഴിക്കുന്നത് കൊണ്ടോ, ചിരിക്കുന്നത് കൊണ്ടോ ഒന്നും ഒരാൾ മനുഷ്യനാകില്ല. സ്വയം തിരിച്ചറിവ് വേണം. ഓരോരുത്തർക്കും ഓരോ തരം ജീവിതമാണ് ഉള്ളത്. ഓരോ വ്യക്തിയുടെയും ചിന്തകളും പ്രവർത്തികളും തികച്ചും വ്യത്യസ്തമായിരിക്കും. നമ്മളെപ്പോലെ ഒരാളെ രൂപഭാവത്തിൽ മാത്രമല്ല പ്രവർത്തികളിലും പ്രവർത്തനങ്ങളിലും കാണാൻ കഴിയില്ല എന്നതിനു കാരണം ഈശ്വരന്റെ നിയോഗം തന്നെയാണ്. മനുഷ്യരുടെ വികാരവിചാരങ്ങളും രൂപഭാവങ്ങളും ഏവരിലും വ്യത്യസ്തമാണ്. നമുക്കുള്ളത് ഇതാണ് അഥവാ ഞാൻ ഇതാണ് എന്ന് മനസ്സിലാക്കിയാൽ മറ്റുള്ളവരുടേതു പോലെയുള്ള ജീവിതം എനിക്കും വേണം എന്ന് തോന്നില്ല. നമുക്ക് കഴിയാത്തതിനോട് ഉണ്ടാകുന്ന ആഗ്രഹം അത്യാഗ്രഹമാണ്. അത്യാഗ്രഹം നമ്മളെ കൊണ്ടുപോകുന്നത് ചീത്ത വൃത്തിയിലേക്കും മനക്ലേശത്തിലേക്കും. എന്നാൽ തനിക്കുള്ളതിൽ ആത്മസംതൃപ്തി ഉണ്ടായാൽ ആ മനുഷ്യനോളം സന്തോഷവാനായിട്ടുള്ള മറ്റ് ആരും കാണില്ല.ഒരാളുടെ സന്തോഷം ആദ്യം തിരിച്ചറിയുക സ്വയം ആയിരിക്കും. പിന്നീട് മാത്രമേ മറ്റുള്ളവർക്ക് അത് അനുഭവപ്പെടൂ.
എന്നാൽ ഈ സ്വയം തിരിച്ചറിയൽ എന്നത് ഏറെ ക്ലേശകരമായ ഒന്നാണ്. പ്രലോഭനങ്ങളെ അകലെ നിർത്തിക്കൊണ്ട് ജീവിക്കുക എന്നതിന് അസാധാരണമായ മനക്കരുത്ത് വേണം. ഒരാളുടെ വളർച്ച കണക്കാക്കുന്നത് ഈ തിരിച്ചറിയൽ ഉണ്ടാകുമ്പോൾ മുതലാണ്. അല്ലാതെ അയാളുടെ ജന്മദിനം നോക്കിയല്ല. ചിലർക്ക് പ്രായമുണ്ടെങ്കിലും അവർക്ക് പക്വത ഇല്ലെന്ന് നമുക്ക് തോന്നിയിട്ടില്ലേ? അതിന് കാരണം അവർക്ക് സ്വയം മനസ്സിലാക്കാൻ കഴിയാത്തതാണ്. മിക്കപ്പോഴും മനുഷ്യൻ സ്വന്തം ഇഷ്ടങ്ങളുടെയും ആഗ്രഹങ്ങളുടെയും അടിമയാകുന്നു. ഇത് തെറ്റാണെന്ന് തിരിച്ചറിഞ്ഞാൽ പോലും അവൻ അതിൽ നിന്നും പിന്തിരിയാൻ പലപ്പോഴും കഴിയാറില്ല എന്നതാണ് വാസ്തവം . സ്വന്തം ഇഷ്ടത്തെ മാനിക്കുന്നു എങ്കിലും മറ്റുള്ളവരുടെ താൽപര്യത്തിനു വലിയ പരിഗണനയൊന്നും കൊടുക്കാറില്ല. നമ്മൾക്ക് തിരിച്ച് എന്ത് പ്രയോജനം ലഭിക്കും എന്ന് നോക്കിയാണ് പൊതുവേ മനുഷ്യർ ചെയ്യുന്ന പ്രവർത്തികൾ. ഇത്തരം സങ്കുചിതമായ മനസ്ഥിതി തുടരുന്നിടത്തോളം അവന് സംതൃപ്തിയും സന്തോഷവും ലഭിക്കില്ല. മറ്റുള്ളവരുടെ സന്തോഷമാണ് എന്റെയും സന്തോഷം എന്ന് തിരിച്ചറിയുമ്പോൾ അവന്റെ മനസ്സ് വിശാലമാകുന്നു. മറ്റുള്ളവരെ കൂടി തന്നിലേക്ക് ഉൾക്കൊള്ളിക്കാൻ സാധിക്കുന്നു. അങ്ങനെ ഞാൻ എന്നത് നമ്മളായി മാറുന്നു. പക്ഷേ സ്വയം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ സ്വന്തം ജീവിതം പൊട്ടക്കിണറ്റിലെ തവളയുടേത് ആയിരിക്കും. ഒന്നും അറിയാതെ,ആരെയും മനസ്സിലാക്കാൻ ശ്രമിക്കാതെ,തന്നെ പോലും തിരിച്ചറിയാതെയുള്ള ഒരു ജീവിതം. സന്തോഷം ഇല്ലാത്ത ഈ വിധത്തിലുള്ള ജീവിതത്തിന്റെ ഇടയിലാണ് ആത്മഹത്യ ചിന്തകൾ ഉണ്ടാകുന്നത്. ഇതിൽ മാറ്റം വരണമെങ്കിൽ സ്വയം ശ്രമിക്കണം.പാമ്പ് തന്റെ തോൽ സ്വയം ഉരിഞ്ഞു മാറ്റുന്നത് പോലെ അഹം ബോധത്തിൽ നിന്നും ഇവർ സ്വയംപുറത്തു കടക്കണം. അതിനു വേണ്ടത് അവനവനെ മനസ്സിലാക്കുകയാണ്. ഈ സ്വയം തിരിച്ചറിയൽ ഇല്ലെങ്കിൽ മനക്ലേശം നമ്മളോടൊപ്പം കൂടും. വെളിച്ചമുള്ളിടത്ത് ഇരുട്ട് കാണില്ല എന്ന് പറയുന്നതുപോലെ അവനവനെ മനസ്സിലാക്കിയാൽ, അതനുസരിച്ച് ജീവിതം പ്ലാൻ ചെയ്താൽ പിന്നെ അവിടെ ദുഃഖത്തിനും ദുരിതത്തിനും സ്ഥാനമില്ല. അല്ലാത്തപക്ഷം മനസ്സിലെ ഭാരം വർദ്ധിക്കുകയും ഭാരം കൂടുന്തോറും ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണം മെല്ലെ ആവുകയും ചെയ്യും. വിജയം എപ്പോഴും സംതൃപ്തിയും സന്തോഷവും ഉള്ളിടത്ത് ആയിരിക്കും. മനക്ലേശത്തിന്റെ ഒപ്പം കൂടുക പരാജയബോധവും ആധി യും ദുഃഖവും. അതിനാൽ ഉള്ളതിൽ സംതൃപ്തരായി സന്തോഷത്തോടെ ഉന്നതിക്കായി ശ്രമിക്കുക. ഇന്നുള്ളതിൽ ദുഖിച്ച് വിഷമിച്ച് പുരോഗതിക്കായി ശ്രമിച്ചാൽ നാളെ കാത്തിരിക്കുന്നത് ഇതേ ദുർവിധി തന്നെ ആയിരിക്കും എന്നത് മറക്കരുത് . നമുക്ക് വേണ്ടത് സന്തോഷവും സംതൃപ്തിയും ആണെങ്കിൽ നമ്മൾ മറ്റുള്ളവർക്ക് നൽകേണ്ടതും അതുതന്നെ.
🙏ലോകാ സമസ്താ സുഖിനോ ഭവന്തു🙏
No comments:
Post a Comment