വളരെ കാലംകൂടിയാണ് കഴിഞ്ഞദിവസം ഒന്നു മനസ്സറിഞ്ഞ് ചിരിച്ചത്. ശരിക്കും നന്നായി ആസ്വദിച്ചു ഉള്ളതായിരുന്നു ഈ ചിരി. ഇതിന് കാരണക്കാരിയായ (കാരണഭൂത എന്നും പറയാം അല്ലേ ) നമ്മുടെ ആരോഗ്യമന്ത്രി വീണാ ജോർജിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. മായം കലർന്നതും പഴകിയതും ചീഞ്ഞതും ആരോഗ്യത്തിന്( ജീവന് എന്നും പറയാം) ഹാനികരവുമായ ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റ്കളിൽ നിന്നും പിടികൂടുന്നതിന്റെ എണ്ണം ഇപ്പോൾ ഏറെ വർധിച്ചിട്ടുണ്ട്. ഇത്തരം ഭക്ഷണം കഴിച്ച് മരണമടഞ്ഞവരുടെ എണ്ണം കൂടിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ്, ഭക്ഷണശാലകളിൽ റെയ്ഡ് നടത്തുകയും പലർക്കും എതിരെ കർശന നടപടികൾ സ്വീകരിച്ചതായി ജനങ്ങളെ അറിയിക്കുകയും ചെയ്തു. എത്രപേർക്ക് ശിക്ഷ കിട്ടി എന്നുള്ള വിവരം അറിയില്ല. എങ്കിലും ഇതെല്ലാം വളരെ നല്ല കാര്യം. കർശനമായി ഇത് തുടർന്നും നടപ്പാക്കുകയും പഴയ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന ഹോട്ടലുകളും റസ്റ്റോറന്റുകളും പൂട്ടിക്കുവാനും ശ്രമിക്കേണ്ടതാണ്. ഇനി ഇത്തരം വൃത്തികെട്ട ആഹാരം കഴിക്കാൻ ആർക്കും ഇടവരാതിരിക്കട്ടെ.
ഇനിയാണ് പൊട്ടിച്ചിരിച്ചുപോയ സംഭവം നടക്കുന്നത്. പൊതുജനങ്ങളുടെ നന്മയെ മുൻനിർത്തി ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഉണ്ടാക്കുന്നു അത്രെ. ഹെൽത്ത് കാർഡ് ഇല്ലാത്ത ജീവനക്കാർ ഉള്ള റസ്റ്റോറന്റുകളും ഹോട്ടലുകളും 2023 ഫെബ്രുവരി 1 മുതൽ പൂട്ടിക്കുമെന്നും പറയുന്നു. ക്ഷമിക്കണം റസ്റ്റോറന്റുകളും ഹോട്ടലുകളും മാത്രമല്ല എല്ലാത്തരം ഭക്ഷ്യോൽപാദന- വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നാണ് സർക്കാർ ഓർഡർ. ചീത്തയായ, വൃത്തികെട്ട ഭക്ഷണം കഴിച്ച് ആളുകൾ ചികിത്സ തേടേണ്ടി വരുന്നതിനും മരിക്കുന്നതിനും ഹോട്ടൽ ജീവനക്കാരുടെ മെഡിക്കൽ ചെക്കപ്പ് നടത്തുന്നതിന്റെ ഗുട്ടൻസ് ഇതുവരെ എനിക്ക് പിടി കിട്ടിയില്ല.🤔 ജീവനക്കാരുടെ രോഗം കൊണ്ടോ അനാരോഗ്യം കൊണ്ടോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെങ്കിൽ മെഡിക്കൽ ചെക്കപ്പും ഹെൽത് കാർഡും ഒക്കെ ശരിയാണ്, നല്ലതാണ്. ഇവിടെ ഭക്ഷണത്തിൽ തുപ്പുകയും, മൂത്രമൊഴിക്കുകയും,പഴകി ചീഞ്ഞ ഇറച്ചി കൊണ്ട് കറി വയ്ക്കുകയും, മറ്റ് ആഹാരസാധനങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിൽ ജീവനക്കാരുടെ ആരോഗ്യം എങ്ങനെയാണ് ബന്ധപ്പെടുന്നത്? ഇത്തരം മോശം വസ്തുക്കൾ വാങ്ങി ഭക്ഷണം ഉണ്ടാക്കാൻ പ്രേരിപ്പിക്കുന്ന കട ഉടമകളുടെ മാനസിക ആരോഗ്യത്തിനാണ് ചെക്കപ്പ് നടത്തേണ്ടത്.😠 അവർക്കാണ് മാനസിക ചികിത്സ നൽകേണ്ട ആവശ്യവും. പലപ്പോഴും ഉടമകളുടെ നിർദ്ദേശം പാലിക്കുന്ന ജീവനക്കാർ എന്തു പിഴച്ചു? ഒരുതരത്തിൽ ഈ ഹെൽത്ത് കാർഡ് കൊണ്ട് വളരെയധികം പ്രയോജനം ലഭിക്കുക പാവപ്പെട്ട ഈ ഹോട്ടൽ തൊഴിലാളികൾക്കാണ്.😉 എന്തായാലും ഇവിടെ ഹോട്ടലുകളിലും മറ്റും ജോലി ചെയ്യുന്ന ബംഗാളികൾക്ക് ( മറ്റുള്ളവരും ഉണ്ടെങ്കിലും ബംഗാളികൾ ആണല്ലോ കൂടുതൽ ) ചിലവില്ലാതെ ഒരു മെഡിക്കൽ ചെക്കപ്പ് തരപ്പെടും. കാരണം അവർക്ക്അതിന് കഴിവില്ലെങ്കിൽ കടയുടമ ഈ ചെക്കപ്പ് നടത്തിക്കും .കാരണം ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ, കട പൂട്ടിക്കും എന്നാണല്ലോ സർക്കാർ ഉത്തരവ്. അങ്ങനെ ആറുമാസം കൂടുമ്പോൾ ജീവനക്കാരുടെ ആരോഗ്യം ഉറപ്പുവരുത്താൻ കടയുടമകൾ പ്രത്യേകം ശ്രദ്ധിക്കും. പണ്ടൊരു സിനിമയിൽ മോഹൻലാൽ പറഞ്ഞതുപോലെ, "എന്തൊരു നല്ല ആചാരങ്ങൾ " അല്ലേ. 🤭 ഇതോടെ ഇനി കേരളത്തിൽ ഭക്ഷ്യവിഷബാധയോ, അതുമൂലമുള്ള പ്രശ്നങ്ങളോ ഉണ്ടാവില്ല. കാരണം ഹെൽത്ത് കാർഡ് ഉണ്ടല്ലോ. 🤭ഹെൽത്കാർഡ് ഉണ്ടെങ്കിൽ എന്ത് ചീഞ്ഞളിഞ്ഞ സാധനം കൊണ്ടും ഭക്ഷണം ഉണ്ടാക്കാം. അതു കഴിക്കുന്നതു കൊണ്ട് ആരുടെയും ആരോഗ്യത്തെ ബാധിക്കുകയുമില്ല. 😂😂. എന്തായാലും ആ ഭക്ഷണം കഴിക്കുന്ന നമ്മുടെ ആരോഗ്യം പോയാലും ജീവനക്കാരുടെ നല്ല ആരോഗ്യത്തിന് സർക്കാർ ഉറപ്പ് നൽകുന്നുണ്ട്. ഇനി ഹെൽത്ത് കാർഡ് ഇല്ല എങ്കിൽ, പുതിയ പച്ചക്കറി കൊണ്ട് കറി വച്ചാലും ഭക്ഷ്യവിഷബാധയുണ്ടാകും എന്ന കാര്യം ജീവനക്കാർ മറക്കാതിരിക്കുക. ഇതെല്ലാം കേൾക്കുമ്പോൾ എങ്ങനെ ചിരിക്കാതിരിക്കും. 🤣🤣🤣 പഴകിയതും വിഷബാധയും ഉണ്ടാക്കുന്നതും ആയ ഭക്ഷണം കഴിക്കുന്ന നമ്മളുടെ ആരോഗ്യത്തേക്കാൾ സർക്കാരിന് ശ്രദ്ധ അത് ഉണ്ടാക്കിത്തരുന്ന ജീവനക്കാരുടെ ആരോഗ്യത്തിലാണ്. ദേ , ഇനി എനിക്ക് ചിരിക്കാൻ വയ്യ..... പക്ഷേ ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്ന പോരല്ലോ. നമുക്ക് വിഷയത്തിന്റെ ഗൗരവം കൂടി കണക്കാക്കേണ്ടേ. ചീഞ്ഞളിഞ്ഞ സാധനങ്ങൾ കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന അപരാധം, ഉടമ അറിയാതെ ചെയ്യുന്ന ജീവനക്കാരെ കയ്യോടെ പിരിച്ചുവിടാൻ ഉടമകൾക്ക് അധികാരമുണ്ട്. തന്റെ ഹോട്ടലിന്റെ, റസ്റ്റോറന്റിന്റെ ഗുണമേന്മ കാത്തുസൂക്ഷിക്കേണ്ടത് ഉടമയുടെ കർത്തവ്യമാണ് . അതിനെതിരെ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശനമായി ശിക്ഷിക്കേണ്ടതും ഉടമ തന്നെ. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ആരെയും ഹോട്ടൽ റസ്റ്റോറന്റ് ഉടമകൾ ജോലിക്കായി നിയമിക്കരുത് എന്നൊരു തീരുമാനം ഉണ്ടാകേണ്ടതാണ്. ഒപ്പം ഭക്ഷണം ഉണ്ടാക്കുന്നവർ തങ്ങളുടെ പേരും വിവരങ്ങളും ഭക്ഷ്യസുരക്ഷാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുന്നത് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതിന് കൂടുതൽ സഹായകമാകും. ഒരാളെ ഒരു ഹോട്ടലിൽ നിന്നും പിരിച്ചുവിടുമ്പോൾ അല്ലെങ്കിൽ അയാൾ സ്വയംപിരിഞ്ഞു പോകുമ്പോൾ ആ വിവരം ഉടമ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കുക. പറഞ്ഞു വിടുകയാണെങ്കിൽ അതിനുള്ള കാരണം കൂടി തെളിവ് സഹിതം കാണിക്കണം. പുതിയ ഒരിടത്ത് ജോലിക്കായി ശ്രമിക്കുന്ന ഈ വ്യക്തികൾ, തങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകേണ്ടതാണ്. ആ നമ്പർ വഴി ഉള്ള അന്വേഷണത്തിൽ അയാൾക്ക് പറ്റിയിട്ടുള്ള വീഴ്ചകൾ അറിയാൻ കഴിയുകയും ചെയ്യും. അങ്ങനെ അയാളെ നിയമിക്കണോ വേണ്ടയോ എന്ന തീരുമാനം എടുക്കുവാൻ ഉടമയ്ക്ക് സാധിക്കുകയും ചെയ്യും.
ഏതെങ്കിലും തരത്തിലുള്ള ഭക്ഷ്യവിഷബാധയ്ക്ക്, തൊഴിലാളികളുടെ അനാരോഗ്യമോ രോഗാവസ്ഥയോ അല്ല കാരണം എന്ന് ഇനിയെങ്കിലും സർക്കാർ തിരിച്ചറിയണം. ജീവനക്കാരുടെ സ്വഭാവവും കാഴ്ചപ്പാടും ആണ് മോശം ഭക്ഷണം ഉണ്ടാക്കുവാൻ കാരണമാകുന്നത്. അതിന് അവരെ കണ്ടെത്തി കർശനമായി ശിക്ഷിക്കുകയും വേണം. ഭക്ഷ്യസുരക്ഷയിൽ ജീവനക്കാരേക്കാൾ ഉത്തരവാദിത്വം ഭക്ഷണശാലയുടെ ഉടമകൾക്കാണ്. അതിൽ നിന്നും കയ്യൊഴിയാൻ അവർക്ക് ഒരിക്കലും സാധിക്കുകയില്ല. ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് ഉടമകൾക്കും ഹെഡ്കാർഡ് വേണമെന്ന് പറയുമോ എന്നാണ് സംശയം. 😂 എന്തായാലും ഹെൽത്ത് കാർഡിലൂടെ ഉണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് കാത്തിരുന്നു കാണാം. "അന്നം അമൃതാണ് . അത് വിഷമയ മാക്കരുത് " 😊
No comments:
Post a Comment