കഴിഞ്ഞ ആഴ്ച നടന്ന ഒരു പ്രണയവിവാഹം ഒരു വല്ലാത്ത ഞെട്ടലാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. പ്രണയിനികൾ പോയി വിവാഹം കഴിച്ചതിലല്ല, അത് നടത്താൻ രാഷ്ട്രീയപാർട്ടികൾ മുൻകൈയെടുത്തതിണ് സന്ദേഹം. സ്വന്തക്കാരുടെയും ബന്ധുക്കളുടെയും സഹകരണമില്ലാതെ എന്തിനായിരുന്നു ഇവർ ഈ വിവാഹം നടത്തി കൊടുത്തത്? അച്ഛനമ്മമാർ സഹകരിക്കാത്തതുകൊണ്ടോ? സ്വന്തം മക്കളുടെ വിവാഹം തീരുമാനിക്കാൻ അച്ഛനമ്മമാർക്ക് ഒര ധികാരവും ഇല്ലേ? പെൺകുട്ടികൾക്ക് പതിനെട്ടും ആൺകുട്ടികൾക്ക് 21 കഴിഞ്ഞാൽ പിന്നീട് അച്ഛനമ്മമാരോടും കുടുംബത്തോടും യാതൊരു പരിഗണനയും കാണിക്കാതെ സ്വന്തം തീരുമാനങ്ങൾ നടപ്പാക്കാമെന്നാണോ? ജീവിതത്തിൽ ശരിയായ മാർഗം പറഞ്ഞു കൊടുക്കുന്ന മാതാപിതാക്കളുടെ ആവശ്യം 18 വയസ്സായാൽ പിന്നീട് വേണ്ടെന്നോ? ഇതൊക്കെയാണോ ഈ രാഷ്ട്രീയക്കാർ ഉദ്ദേശിച്ചത്? അങ്ങനെയെങ്കിൽ ജീവിത പ്രശ്നങ്ങൾ നേരിടുമ്പോൾ എന്തിനാണ് അവർ ജന്മം നൽകിയവരെ ആശ്രയിക്കുന്നത്? പുകഞ്ഞ കൊള്ളി പുറത്ത് എന്ന് കരുതാൻ രക്ഷിതാക്കൾക്കും കഴിയുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ആഴ്ച നടന്ന ഒരു വിവാഹമാണ് ഇങ്ങനെയെല്ലാം ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത്. വെറും ആറ് മാസത്തെ പ്രണയം, ബന്ധുക്കൾ ഇല്ലാത്ത വിവാഹത്തിലേക്ക് എത്തിച്ചത് എനിക്കൊട്ടും അംഗീകരിക്കാൻ കഴിയാത്ത സംഭവമായിരുന്നു. അവർ ഹിന്ദുവും മുസ്ലിമും ആയതുകൊണ്ടല്ല. അന്യസംസ്ഥാനക്കാർ എന്നതുകൊണ്ടുമല്ല. ശരിയായ ഉപദേശം താളത്തിനൊത്ത് തുള്ളിയ ഇവിടത്തെ രാഷ്ട്രീയക്കാരോടും മാധ്യമപ്രവർത്തകരോടും ആയിരുന്നു എന്റെ വിയോജിപ്പ്. എന്ത അറിഞ്ഞിട്ടാണ് ഇവർ ഈ വിവാഹത്തെ ഹൈലൈറ്റ് ചെയ്തത്?
ഈ നവദമ്പതികളുടെ കുടുംബ പശ്ചാത്തലം ഒന്നു നോക്കാം. മധ്യപ്രദേശ് സ്വദേശിനി യാണ് വധു മോണാലിസ ഭോസ്ലെ. അച്ഛൻ വിജയ് സിംഗ് ഭോസ്ലെ. രണ്ട് അനിയന്മാരും അനിയത്തിമാരും. മാല വിൽപ്പനയാണ് ഇവരുടെ കുടുംബ തൊഴിൽ. മധ്യപ്രദേശിലെ മഹേശ്വർ ഫോർട്ടിൽ മാല വിൽക്കുമ്പോഴാണ് മോണാലിസ ക്യാമറ കണ്ണികളിൽപ്പെട്ട് ആദ്യമായി വൈറലായത്. പിന്നീട് 2025ൽ പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ രുദ്രാക്ഷമാല വിൽക്കാൻ എത്തിയതോടെ അവളുടെ ജീവിതം തന്നെ മാറിമറിഞ്ഞു. മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ മൊണാലിസ സിനിമാരംഗത്തും ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ "നാഗമ്മാ "എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് അവൾ അച്ഛനുമായി കേരളത്തിലെ പൂവാറിൽ എത്തിയത്. 2025 മുതൽ സിനിമാരംഗത്തുള്ള ഉത്തർപ്രദേശിലെ ബാഗ്പത് സ്വദേശിയായ ഫർമാൻ ഖാനെ കണ്ടുമുട്ടുന്നത് അവിടെ വെച്ചാണ്. ജാഫർ അലിയുടെയും നിഷ ഖാത്തുണിന്റെയും മകനായ ഫർമാൻ ഖാൻ, മലയാളം -തമിഴ് -ഹിന്ദി സിനിമകളുടെ ഭാഗമായിരുന്നു എന്നാണ് അറിയുന്നത്. കണ്ടുമുട്ടിയ ശേഷം ആരംഭിച്ച പ്രണയം ആറുമാസമായപ്പോൾ തന്നെ ഇവർ വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ അച്ഛൻ വിജയ് സിംഗ് ഭോസ്ലെക്ക് ഈ തീരുമാനം അംഗീകരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മകളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ അച്ഛൻ നിർബന്ധപൂർവ്വം ശ്രമിച്ചു. തനിക്ക് അറിയാത്തതും അന്യമതസ്ഥനുമായ ഒരാൾക്ക് തന്റെ മകളെ വിവാഹം കഴിച്ചു കൊടുക്കുവാൻ ഒരച്ഛനും ആഗ്രഹിക്കുകയില്ല. ഇന്നും വിവാഹത്തിന് കുടുംബങ്ങൾക്കാണ് ഭാരതീയർ പ്രാധാന്യം നൽകുന്നത്. അതിനുശേഷം മാത്രമേ വ്യക്തികൾ വരികയുള്ളൂ. കുടുംബ സംസ്കാരങ്ങൾ തമ്മിൽ യോജിച്ച് പോകുന്നതാ വണമെന്നാണ് വിവാഹത്തിന് മുമ്പ് ഓരോ മാതാപിതാക്കളും ചിന്തിക്കുന്നത്. മറ്റൊരു അന്യമായ സംസ്കാരത്തിലേക്ക്, നാട്ടിലേക്ക്, ആളുകളുടെ ഇടയിലേക്ക് തന്റെ മകളെ പറഞ്ഞയക്കാൻ ഒരച്ഛന് എങ്ങനെയാണ് കഴിയുക? ഇപ്പോൾ നടക്കുന്ന പ്രണയവിഭാഗങ്ങളിൽ കൂടുതലും രണ്ടു കുടുംബങ്ങളുമായി സംസാരിച്ച് അംഗീകരിച്ച ശേഷമാവുമല്ലോ നടത്തുക. അതുകൊണ്ടുതന്നെ മകളെ നിർബന്ധിച്ച നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച ആ അച്ഛനെ ആർക്കും കുറ്റം പറയാൻ കഴിയില്ല. മാർച്ച് പത്തിന് വീട്ടിലേക്ക് എന്ന് പറഞ്ഞു തിരിച്ച അവർ എത്തിയത് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ ആയിരുന്നു. മോണാലിസയും ഫർമാൻ ഖാനും മനപ്പൂർവ്വം ഇവിടെ എത്തിയതായിരുന്നു. തങ്ങൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നും പെൺകുട്ടിയുടെ അച്ഛൻ എതിർക്കുന്നു എന്നും അവർ അവിടെ പരാതി നൽകി. തുടർന്ന് അച്ഛനെ ചോദ്യം ചെയ്തപ്പോൾ അദ്ദേഹം തന്റെ എതിർപ്പ് അറിയിച്ചു. അവൾക്ക് പ്രായപൂർത്തിയായിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാൽ ആധാർ കാർഡ് പ്രകാരം മോണാലിസിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ട്(1/1/2008). അതിനാൽ ആരോടൊപ്പം ജീവിക്കണമെന്നും ആരെ വിവാഹം കഴിക്കണമെന്നും മോണാലിസയ്ക്ക് തീരുമാനിക്കാം എന്നാണ് പോലീസ് പറഞ്ഞത്. ഇതോടെ അച്ഛൻ അവിടെ നിന്നും ഒഴിഞ്ഞുമാറി. തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മന്ത്രിമാര അടക്കമുള്ളവർ ഇടപെട്ട് പൂവാറിലെ അരുമാന്നുർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ച് വിവാഹം കഴിച്ചുകൊടുത്തു. മാധ്യമങ്ങളും പാർട്ടിയും ചേർന്ന് ഇതൊരു ആഘോഷമാക്കുകയും ചെയ്തു.
എന്നാൽ ഇതാണോ ചെയ്യേണ്ടിയിരുന്നത് എന്നതാണ് എന്റെ സംശയം. വെറും ആറുമാസത്തെ പ്രണയം കൊണ്ട് പരസ്പരം മനസ്സിലാക്കാൻ സാധിക്കുമോ? പ്രണയിനികൾ എപ്പോഴും സ്വന്തം സ്വഭാവത്തിന്റെ നല്ല വശം മാത്രമേ കാണിക്കാറുള്ളൂ. വെറും ആറുമാസം കൊണ്ട് അതുപോലും തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയം. വർഷങ്ങൾ പ്രണയിച്ചിട്ടും വിവാഹം പരാജയപ്പെട്ടു പോകുന്ന എത്രയോ ഉദാഹരണങ്ങളാണ് നമുക്കുചുറ്റുമുള്ളത്. ഇതറിയുന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും മോണാലിസയുടെയും ഫർമാന്റെയും വീട്ടിൽ അറിയിച്ച് അവരുടെ പ്രതികരണം അറിഞ്ഞ ശേഷമായിരുന്നില്ലേ വിവാഹനടപടികൾ സ്വീകരിക്കേണ്ടിയിരുന്നത്. വിവാഹം നടത്തിച്ചു കൊടുത്തവർക്ക് ഫർമാനെ കുറിച്ചും കുടുംബത്തെക്കുറിച്ചും എന്ത് വിവരങ്ങളാണ് അറിയാവുന്നത്? അയാൾ മുമ്പ് വിവാഹിതനായിട്ടുണ്ടോ? ഏതെങ്കിലും പെൺകുട്ടി ക്ക് വിവാഹ വാഗ്ദാനം നൽകിയിട്ടുണ്ടോ? തുടങ്ങി എന്തെങ്കിലും അറിയാമോ? ഇനി മുമ്പ് വിവാഹം കഴിച്ചതാണ് എന്ന് തെളിഞ്ഞാൽ ഈ വിവാഹത്തിന് എന്ത് വിലയാണ് ഉള്ളത്? ഒരു പെൺകുട്ടിയുടെ ജീവിതം തകർത്തു, അത്രതന്നെ. ഇനി വിവാഹത്തെക്കുറിച്ച് പറയുമ്പോൾ ഇരുവരും വിഭിന്ന മതവിശ്വാസികൾ ആയതിനാൽ സ്പെഷ്യൽ മേരേജ് ആക്ട് പ്രകാരം മാത്രമേ വിവാഹം കഴിക്കാൻ സാധിക്കു. അതിനെ വാലിഡിറ്റി ഉള്ളൂ. വെറുതെ ക്ഷേത്രത്തിൽ ചെന്ന് മാലയിട്ട് അവരുടെ സർട്ടിഫിക്കറ്റും വാങ്ങിയാൽ എത്രത്തോളം വാലിഡ് ആണ് ആ വിവാഹം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനി ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തണ മെങ്കിൽ രണ്ടുപേരും ഹിന്ദു വിശ്വാസികൾ ആയിരിക്കണം. ഇവിടെ അതല്ല. ഇരുവരും അവരുടെതായ വിഭിന്ന മതങ്ങളിൽ വിശ്വസിക്കുന്നവരാണ്. പിന്നെയെങ്ങനെയാണ് ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹം വാലിട് ആകുന്നത്?
സത്യത്തിൽ അവർക്ക് വിവാഹിതരാകണമെങ്കിൽ സ്പെഷ്യൽ മേരേജ് ആക്ട് അനുസരിച്ച് ഒരു മാസത്തെ സമയം നൽകി വിവാഹം കഴിക്കാമായിരുന്നു. ഈ സമയത്തിനകം ഇരു കുടുംബത്തെയും അറിയിച്ച് ആലോചിച്ച് ഒരു തീരുമാനത്തിലെത്താ മായിരുന്നു. അതിനുപകരം" വെട്ടൊന്നു, മുറി രണ്ട് "എന്ന തരത്തിൽ വിവാഹം നടത്തി കൊടുത്തു. ഇനി ഇത് നടത്തി കൊടുത്തവരുടെ വീട്ടിലായിരുന്നു ഈ സംഭവം നടന്നതെങ്കിൽ അവർ എങ്ങനെയാവും പ്രതികരിക്കുക?" എന്റെ മകന്റെ / മകളുടെ വിവാഹം ആർക്കൊപ്പവും നടത്താം, ഒരു കുഴപ്പവുമില്ല " എന്നുപറഞ്ഞ് സാധാരണ പോലെ ഇരിക്കുമൊ? ഒരിക്കലുമില്ല. അതുപോലെ ഒരു തീരുമാനമെടുക്കാൻ മാത്രം മോണാലിസയ്ക്ക് കഴിവുണ്ടായിരുന്നോ? അതുമില്ല. എന്തെങ്കിലും കാരണത്താൽ ഒരിക്കൽ വീട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നാൽ അവൾ എങ്ങിനെ തന്റെ കുടുംബാംഗങ്ങളെ അഭിമുഖീകരിക്കും? അവൾക്ക് ഒരു ആവശ്യം വന്നാൽ ഇനി വീട്ടുകാർ സഹായിക്കുമൊ? ഇത് നടത്തി കൊടുത്തവർ സഹായിക്കുമോ? ഒന്നുമില്ല. അവർക്ക് ഇത് വെറും വാർത്ത മാത്രം. മാധ്യമങ്ങൾ ഈ വാർത്തയ്ക്ക് നൽകിയ പിന്തുണയും പ്രോത്സാഹനവും കണ്ടാൽ മറ്റുള്ള കുട്ടികൾക്കും ഇതൊരു പ്രചോദനമായി മാറിയേക്കാം. പാർട്ടിയും പത്രങ്ങളും തങ്ങളോടൊപ്പം എന്നെന്നും നിൽക്കും എന്ന് അവർ തെറ്റിദ്ധരിക്കും. അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കും. പെൺകുട്ടികൾ പഠിച്ചു സ്വന്തക്കാരെ നിൽക്കാനാണ് ആദ്യം പ്രാപ്തി നേടേണ്ടത്. ഇവിടെ മോണാലിസിക്ക് മിഡിൽ സ്കൂൾ വിദ്യാഭ്യാസം തന്നെ ഉണ്ടോ എന്ന് സംശയം.
ഭാവിയിൽ ഈ വിവാഹത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഈ വിവാഹം നടത്തിയവർ പരിഹാരവുമായി എത്തുമോ? അവർക്ക് ജീവിക്കാനുള്ള ഒരു മാർഗ്ഗം കണ്ടെത്തി കൊടുക്കാൻ പാർട്ടിക്ക് കഴിയുമോ?
ഈ വിവാഹത്തെ എതിർത്ത മോണാലിസയുടെ കുടുംബം മധ്യപ്രദേശ് സർക്കാരിനോട് താങ്കളുടെ പരാതിയെ അറിയിച്ചു എന്നറിയുന്നു. തന്റെ മകളെ അഭിനയിക്കാൻ ആണെന്നു പറഞ്ഞു കൊണ്ടുപോയതാ ണെന്നാണ് അച്ഛൻ വിജയ് സിംഗ് ഭോസ്ലെ കണ്ണീരോടെ പറയുന്നത്. മോണാലിസയുടെ പിതാവ് മാത്രമല്ല, ഫർമാന്റെ പിതാവ് ജാഫർ അലിക്കും സഹോദരനും ഈ വിവാഹത്തെ അംഗീകരിക്കാൻ കഴിയുന്നില്ല. മറ്റൊരു സംസ്ഥാനത്തിലെ വിഭിന്ന മതത്തിൽ പെട്ട പെൺകുട്ടിയെ മരുമകളായി സ്വീകരിക്കാൻ അവർ തയ്യാറല്ല. ചുരുക്കത്തിൽ രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും അപക്വമായ നീക്കത്തിൽ രണ്ടു കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഒരു അമ്മ എന്ന നിലയിൽ ഈ വിവാഹത്തെയോ, ഇതിനു മാധ്യമങ്ങൾ നൽകിയ പബ്ലിസിറ്റിയോ രാഷ്ട്രീയ പാർട്ടി നൽകിയ സപ്പോർട്ടോ ഒന്നും അംഗീകരിക്കാൻ എനിക്ക് കഴിയില്ല. അതിന് കാരണം ജാതി മത ഭേദമല്ല എന്ന് അടിവരയിട്ടു പറയുന്നു. ഇരു കുടുംബത്തെയും അറിയിക്കാതെ, അവരുടെ സഹകരണം തേടാതെ നടത്തിയതിനോടാണ് എനിക്ക് വിയോജിപ്പുള്ളത്. 🙏
ഈ ആഴ്ചയിൽ കലാകൗമുദിയിൽ വന്നു 🙏
സ്നേഹത്തോടെ
മീര നമ്പൂതിരി
No comments:
Post a Comment