. ഒരു തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ജനങ്ങൾക്ക് നൽകാൻ പോകുന്ന സൗജന്യത്തിന്റെ വർദ്ധനയും വിവരണവുമാണ് രാഷ്ട്രീയപാർട്ടികൾ എല്ലാം നടത്തുന്നത്. ഇതിൽ ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഭേദമില്ല. ജനങ്ങൾക്ക് വാരിക്കോരി കൊടുക്കും എന്ന് 101 ആവർത്തിക്കുകയാണ് എല്ലാ പാർട്ടികളും. എങ്ങിനെയെങ്കിലും ഭരണം കിട്ടണം. പറഞ്ഞ സൗജന്യങ്ങൾ നൽകണോ എന്നും എത്ര, ആർക്കൊക്കെ നൽക്കണമെന്നും പിന്നീട് തീരുമാനിക്കും.
ഓരോ പാർട്ടിക്കാരും നൽകുന്ന സൗജന്യങ്ങളുടെ പട്ടിക കേട്ടാൽ അത്ഭുതപ്പെട്ട് അവിശ്വസനീയതയോടെ നമ്മൾ നിന്നു പോകും. എന്തോ, അവരുടെയൊക്കെ വീട്ടിൽ നിന്നോ പാർട്ടി ഫണ്ടിൽ നിന്നോ തരുന്നത് പോലെയാണ് പ്രഖ്യാപിക്കുന്നത്. എന്നാൽ നമ്മൾ നൽകുന്ന നികുതിയിൽ നിന്നും നമുക്ക് തരുന്നതാണ് ഈ സൗജന്യങ്ങളെല്ലാം എന്ന് അക്ഷരം കൂട്ടി വായിക്കാൻ അറിയുന്ന, അരിയാഹാരം കഴിക്കുന്ന ( സോറി, ഗോതമ്പ് എന്നും കൂടി ചേർക്കട്ടെ ) നമുക്കറിയാം. നമ്മുടെ വലതുവശത്തെ വീട്ടിൽ നിന്നും വാങ്ങി ഇടതുവശത്തെ വീട്ടിൽ കൊടുക്കുന്ന വെറും ഒരു മധ്യസ്ഥൻ മാത്രമാണ് സർക്കാർ- അത് ഏത് രാഷ്ട്രീയ പാർട്ടിയുടേതായാലും. ഇടതുവശത്തെ വീട്ടിൽ കൊടുക്കുമ്പോൾ 'ഞാൻ തരുന്നു' എന്ന മട്ടിലാണെന്നു മാത്രം. ( അല്ലായിരുന്നെങ്കിൽ ഇതെല്ലാം എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും പാർട്ടിക്കുമായി എടുത്തേനെ. ഞാൻ നല്ലവനായതുകൊണ്ട് കുറച്ചു നിങ്ങൾക്കും തരുന്നു 🤭) ഇവരുടെ പരസ്യ പ്രഖ്യാപനങ്ങൾ സൂക്ഷ്മമായി നോക്കിയാൽ ഈ പ്രഖ്യാപനങ്ങളെല്ലാം ഭരണം കിട്ടുന്നതോടെ വലിച്ചുകീറി ദൂരെയെറിയും.പിന്നെ പ്രഖ്യാപിച്ചതൊന്നും അവർക്ക് ഓർമ്മയും കാണില്ല.
ഇപ്പോൾ കേരളത്തിൽ നിയമസഭ ഇലക്ഷന്റെ കാലമായതോടെ പ്രഖ്യാപനങ്ങൾ നടത്തുന്നതിൽ രാഷ്ട്രീയപാർട്ടികൾ മത്സരിക്കുകയാണ്. ഒരു പാർട്ടിക്കാർ" ക്ഷേമ പെൻഷൻ 2500 രൂപയാക്കും " എന്ന് പറഞ്ഞ് അഭിമാനത്തോടെ തലയുയർത്തുമ്പോൾ " അയ്യടാ, ഞങ്ങളത് 3000മാക്കും" എന്നാണ് എതിർ പാർട്ടികൾ ഘോഷിക്കുന്നത്. കോളേജ് വിദ്യാർഥികൾക്ക് പ്രതിമാസം ആയിരം രൂപ, യുവാക്കൾക്ക് അഞ്ച് ലക്ഷം പലിശരഹിത വായ്പ തുടങ്ങി പ്രഖ്യാപനങ്ങളുടെ ഒരു പെരുമഴയാണ്. നമ്മുടെ ട്രാൻസ്പോർട്ട് മന്ത്രിയുടെ കണ്ണ് തള്ളിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിപക്ഷം മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി നടത്തി " സ്ത്രീകൾക്ക് ബസ് യാത്രകൾ സൗജന്യം "
ഇവിടെ ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാതെ നട്ടംതിരിയുന്ന കെഎസ്ആർടിസി, ഇത് കേട്ട് ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ആദ്യം തന്നെ നമുക്ക് കെഎസ്ആർടിസി സൗജന്യ പ്രഖ്യാപനത്തിൽ നിന്നും തുടങ്ങാം. എന്തുകൊണ്ടാണ് സ്ത്രീകൾക്ക് മാത്രം ഈ സൗജന്യം? എന്തിനാണ് എല്ലാ സ്ത്രീകൾക്കും സൗജന്യം നൽകുന്നത്? കെഎസ്ആർടിസി ടിക്കറ്റ് നിരക്കിൽ എന്തെങ്കിലും പരിഗണന നൽകുന്നു എങ്കിൽ അത് അർഹതപ്പെട്ടവർക്കാ യിരിക്കണം. സ്ത്രീ- പുരുഷ ഭേദം നോക്കാതെ, ശാരീരികമായ അപാകതയുള്ളവർ, രോഗികൾ, വരുമാനം നിശ്ചിത തുകയിൽ താഴെയുള്ളവർ, ബിപിഎൽ കാറ്റഗറിയിൽ ഉള്ളവർ എന്നിങ്ങനെയു ള്ളവരെ കണ്ടെത്തി അവർക്കായി മാത്രം ഒരു നിശ്ചിത ശതമാനം സൗജന്യം നൽകേണ്ടതാണ്. അല്ലാതെ "സ്ത്രീ " എന്ന ഒരൊറ്റ കാരണം കൊണ്ട് സൗജന്യം നൽകരുത്. ബസ്സിലെ ഇത്തരം സ്ത്രീ സൗജന്യങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥകളായിരിക്കും. അവരാണല്ലോ ദിവസവും യാത്ര ചെയ്യുന്നവർ. ജോലിയും കൂലിയും ഉള്ള ഇവർക്ക് പാവപ്പെട്ടവർക്ക് നൽകേണ്ട സൗജന്യം എന്തിനാണ് നൽകുന്നത്?
ഇപ്പോൾ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന സംസ്ഥാനങ്ങൾ ഡൽഹി, കർണാടക, തമിഴ്നാട്, തെലുങ്കാന, പഞ്ചാബ്, ആന്ധ്ര പ്രദേശ് എന്നിവയാണ്. 2019 മുതൽ ഡൽഹിയിൽ സൗജന്യ യാത്ര സൗകര്യം സ്ത്രീകൾക്ക് നൽകി തുടങ്ങി. 2015-16ൽ ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ നഷ്ടം 25,299.87 കോടി ആയിരുന്നു എങ്കിൽ 2021-22 കാലത്ത് അത് 60,741.03 കോടിയായി ഉയർന്നു. ഇതിനു കാരണം സ്ത്രീ സൗജന്യ യാത്ര മാത്രമല്ല.പക്ഷേ അതും ഒരു കാരണമാണ് . കർണാടകയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചത് 2023 ജൂൺ 11 മുതലാണ്. ഇത് നടപ്പാക്കി ആദ്യ മൂന്നു മാസത്തെ നഷ്ടം 295 കോടി രൂപയായിരുന്നു. 2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് കെഎസ്ആർടിസി, ബിഎംടിസി, എൻ ഡബ്ലിയു കെ ആർ ടി സി, കെ കെ ആർ ടി സി എന്നിവയുടെ മൊത്തത്തിലുള്ള കടം 6244 കോടിയാണ്.
ഓർഡിനറി ബസ്സിൽ മാത്രം സൗജന്യം നൽകുന്ന തെലുങ്കാനയിൽ ഇതാ ആരംഭിച്ചത് 2023 ഡിസംബറിലാണ്. തമിഴ്നാട്ടിൽ ഓർഡിനറി ബസ്സിൽ മാത്രമായി സ്ത്രീ സൗജന്യം തുടങ്ങിയത് മെയ് 2021 ലാണ്. 2024 25 പ്രതിമാസ കടം 566 കോടിയിലധികമാണ്. 2021 മുതൽ പഞ്ചാബിലും 2025 ഓഗസ്റ്റ് 15 മുതൽ ആന്ധ്രപ്രദേശിലും സ്ത്രീ സൗജന്യ യാത്ര ആരംഭിച്ചു. ഇതോടെ നഷ്ടത്തിലായിരുന്ന സ്റ്റേറ്റ് റോഡ് കോർപ്പറേഷനുകൾ കൂടുതൽ കടത്തിലേക്ക് കൂപ്പുകുത്തി എന്നു പറയാം.
ഇന്ത്യയിലെ ഭൂരിഭാഗം എസ് ആർ ടി യു ( സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിങ്സ് ) നഷ്ടത്തിലാണ്. ബാക്കിയുള്ളവയിൽ ലാഭമുണ്ടെന്ന് പറയാനും കഴിയില്ല. അങ്ങനെയുള്ള അവസരത്തിൽ ഇത്തരം സൗജന്യങ്ങൾ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് എന്തിനാണ് നൽകുന്നത്? ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുവാൻ തക്ക വരുമാനമുള്ളവർക്ക് എന്തിനാണ് സൗജന്യം അനുവദിക്കുന്നത്?
മറ്റൊന്ന് കോളേജ് വിദ്യാർഥിനികൾക്കെല്ലാം പ്രതിമാസം ആയിരം രൂപ നൽകുമത്രേ. എന്തിന്? ഇവിടെയും കുട്ടികളുടെയും അവരുടെ രക്ഷകർത്താക്കളുടെയും വരുമാനം നോക്കേണ്ടതല്ലേ? സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പഠന സാമഗ്രികൾ മിതമായ നിരക്കിൽ നൽകണം. ഇവിടെയും പുരുഷനും സ്ത്രീയും എന്ന വ്യത്യാസമോ, ജാതിമത വ്യത്യാസമോ കാട്ടാൻ പാടില്ല. സർക്കാരിന് മുമ്പിൽ ജനങ്ങൾ തുല്യരാണ്. അവരെ ലിംഗ വ്യത്യാസത്തിലും ജാതിമത വ്യത്യാസത്തിലും കാണരുത്. എല്ലാവർക്കും ജീവിക്കുവാൻ പഠിക്കുവാനും യാത്ര ചെയ്യുവാനും ജോലി നേടുവാനുമുള്ള അവസരം ഉണ്ട്- ഉണ്ടാകണം. ഇതെപ്പോഴാണ് ജാതിമതത്തിന്റെയും, ലിംഗ വ്യത്യാസത്തിന്റെയും, പാർട്ടിയുടെയും പേരിലാകുന്നത് അവിടെ അഴിമതി തുടങ്ങിക്കഴിഞ്ഞു. പിന്നീട് അവരെ ജനാധിപത്യ സർക്കാർ എന്ന് വിളിക്കാൻ കഴിയില്ല. പാർട്ടി പ്രീണനവും ബന്ധുജന പ്രീണനവും നടത്തുന്നവർ ആരായാലും അവർ ഒരു നല്ല ഭരണാധികാരി അല്ല.
" സൗജന്യമല്ലേ, ഇതിനെ എന്തിനാണ് എതിർക്കുന്നത്? പാർട്ടി കുറെ എടുക്കുന്നില്ലേ, അപ്പോൾ നമുക്കും കുറച്ചു കിട്ടിയാൽ എന്താ കുഴപ്പം? " എന്ന് ചോദിക്കുന്നവരുണ്ട്. ശരിയാണ്. ഇപ്പോൾ കുഴപ്പമുണ്ടെന്ന് നമുക്ക് തോന്നില്ല. പക്ഷേ ഭാവിയിൽ വലിയ കുഴപ്പത്തിന് കാരണമാകും. ഒരു നാട് അധപതിക്കാൻ സൗജന്യം എന്ന പ്രവർത്തി മാത്രം മതി. സൗജന്യമെന്നു പറഞ്ഞ് നമ്മുടെ മുമ്പിലേക്ക് താലത്തിൽ വച്ച് തരുന്നത് ആരുടെയും വീട്ടിൽ നിന്നും കൊണ്ടുവന്നു തരുന്നതല്ല. ഒരു പാർട്ടിയുടെയും രാഷ്ട്രീയ ഫണ്ടിൽ നിന്നുമല്ല. നമ്മൾ ചോര നീരാക്കി ജോലി ചെയ്തു കിട്ടുന്ന തുകയിൽ നിന്നും നികുതി കൊടുക്കുന്ന തുകയാണത്. അതിനെ അനാവശ്യമായി- ഓരോ പാർട്ടിക്കും ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് വേണ്ടി- ദുരുപയോഗം ചെയ്യുമ്പോൾ നമ്മൾ ചോദിക്കണം. എതിർക്കണം. കാരണം ഇത് നമ്മുടേതാണ്. നമ്മൾ നൽകിയതാണ്. നീണ്ട കാലം നിലനിൽക്കുന്ന നമ്മുടെ ക്ഷേമത്തിനായി ചിലവാക്കേണ്ടതാണ്. അത് എങ്ങനെ എവിടെ ചെലവാക്കുന്നു എന്ന് ജനങ്ങൾ തിരിച്ചറിയണം.
. രാജ്യസ്നേഹം ഉള്ള, ജനങ്ങളെ സ്നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ സൗജന്യങ്ങളല്ല നൽകേണ്ടത്. ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കും എന്നാണ് പ്രഖ്യാപിക്കേണ്ടത്. ജനജീവിതത്തിന് അത്യന്താപേക്ഷിതമായ കൃഷിവിളകളും പച്ചക്കറിയും മറ്റും ഉല്പാദിപ്പിക്കുന്നതിൽ സ്വയം പര്യാപ്തത നേടുമെന്ന് ഒരു പാർട്ടിക്കാരും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ പറഞ്ഞിട്ടില്ല. കുടുംബ വരുമാനം ഉണ്ടാക്കാനുള്ള മാർഗ്ഗം ഓരോ വീട്ടുകാരും കണ്ടെത്തുന്നതിനെ സർക്കാർ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു രാഷ്ട്രീയ നേതൃത്വവും പ്രഖ്യാപിച്ചിട്ടില്ല. സൗജന്യമല്ല, അഭിമാനത്തോടെ ജീവിക്കാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കേണ്ടത്. അതാണ് രാഷ്ട്രീയപാർട്ടിക്കാർ വാഗ്ദാനം ചെയ്യേണ്ടതും. മറ്റു വികസിത നാടുകളിൽ ഉള്ളതുപോലെ വിദ്യാഭ്യാസ നിലവാരം ഉയർത്തും, തൊഴിൽ അവസരവും സർക്കാർ വരുമാനവും വർദ്ധിപ്പിക്കുന്ന വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകും, ജനങ്ങളുടെ സുരക്ഷ പരമപ്രധാനമായി കാണും, സാമൂഹ്യവിരുദ്ധരെയും, സാമൂഹ്യ ദ്രോഹികളെയും, ജാതി-മത സ്പർദ്ധ ഉണ്ടാക്കുന്നവരെയും കണ്ടെത്തി കർശനമായി ശിക്ഷിക്കും. ഭക്ഷണം ഇല്ലാത്തവർക്ക് കുറഞ്ഞ തുകയ്ക്ക് ഭക്ഷണം, വീടില്ലാത്തവർക്ക് വീട് വെച്ച് കൊടുക്കാനുള്ള സഹായം, ഏവർക്കും സൗകര്യപ്രദമായ ആരോഗ്യ മേഖല തുടങ്ങി ജനസേവനത്തിനായുള്ള ധാരാളം പ്രഖ്യാപനങ്ങൾ നടത്തേണ്ടിടത്താണ് കുറെ സൗജന്യങ്ങളുമായി പാർട്ടി നേതാക്കൾ ഇറങ്ങുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്? ഇതൊക്കെ കണ്ടും കേട്ടും ഇനിയും വിഡ്ഢിയാകാനാണോ ജനങ്ങളുടെ തീരുമാനം?
ജനക്ഷേമത്തിനായുള്ള പ്രഖ്യാപനങ്ങളാണ് നമുക്ക് വേണ്ടത്, സൗജന്യങ്ങളല്ല. പുരോഗതിയിലൂടെ മാത്രമേ നാട് മുന്നേറുകയുള്ളൂ. അല്ല എങ്കിൽ ജനങ്ങളല്ല,പാർട്ടി നേതാക്കൾ മാത്രം മുന്നേറും . പൊതു സേവനങ്ങൾ നൽകുന്ന സർക്കാർ അതിന്റെ ഓരോ ഘട്ടത്തിലും അതാത് സ്ഥലത്തെ ജനങ്ങളെ കൂടി ഉൾപ്പെടുത്തേണ്ടതാണ്. ഈ നിർമ്മാണത്തിൽ എന്റെയും കൂടി സേവനമുണ്ടെന്ന തോന്നൽ ജനങ്ങൾക്ക് ഉണ്ടാകാൻ ഇത് സഹായിക്കും. അല്ലെങ്കിൽ "കാട്ടിലെ തടി..... തേവരുടെ ആന" എന്ന മട്ടിലാകും ജനങ്ങളുടെ കാഴ്ചപ്പാട്.
തമിഴ്നാട്ടിലെ പ്രശസ്ത നടൻ വിജയ് ഇതുപോലെ കുറെ പ്രഖ്യാപനങ്ങൾ നടത്തിയതായി കണ്ടു. പ്രതിമാസം 2500 രൂപ സ്ത്രീകൾക്ക് നൽകും, കല്യാണത്തിന് ഒരു പവനും സാരിയും തുടങ്ങിയ കുറെ സൗജന്യങ്ങൾ. വിജയൻ ജയിച്ചാൽ ഇതെല്ലാം എങ്ങനെയാണ് നടപ്പാക്കുക? എന്തായാലും സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും എടുത്തു കൊടുക്കില്ല എന്ന കാര്യം ജനങ്ങൾ മറക്കരുത്. ഇനി ആരെങ്കിലും ഈ രീതിയിൽ കൊടുക്കുന്നു എങ്കിൽ തീർച്ചയായും അവർക്ക് രാഷ്ട്രീയ നേട്ടം എന്ന ലക്ഷ്യം ഉണ്ടായിരിക്കില്ല.
ഇനിയെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം സൗജന്യങ്ങൾ വച്ച് നീട്ടുന്ന പാർട്ടികളെയും വ്യക്തികളെയും ജനങ്ങൾ തഴയണം. ജനക്ഷേമ പ്രവർത്തനങ്ങളുമായി വരുന്നവരെ ഇരുകൈയും കൂട്ടി സ്വീകരിക്കണം. പക്ഷേ ജന നന്മ ആഗ്രഹിക്കുന്നവർക്കെ അതിന് കഴിയു. സ്വന്തം ക്ഷേമവും പാർട്ടിയുടെ ക്ഷേമവും നോക്കുന്നവർക്ക് എന്തും സൗജന്യമായി നൽകുമെന്ന് വാഗ്ദാനം നൽകാം. ഇനി ചിന്തിക്കൂ. സുരക്ഷിതമായി സുഭിക്ഷമായി അഭിമാനത്തോടെ ജീവിക്കണോ, സൗജന്യം പറ്റി നിസ്സഹായരായി ദിവസങ്ങൾ തള്ളിനീക്കണോ? നമുക്ക് വേണ്ടത് തിരിച്ചറിയണം, അതിനുവേണ്ടി ശ്രമിക്കണം. അതിനുള്ള അവസരമാണ് തിരഞ്ഞെടുപ്പ് കാലം. നമ്മുടെ ചിന്തകളിൽ മാറ്റം വന്നാലേ ഈ പാർട്ടിക്കുള്ളിലും പ്രവർത്തകർക്കും മാറ്റം ഉണ്ടാകു.
മീര നമ്പൂതിരി
No comments:
Post a Comment