ക്ഷമിക്കണം,ഞാനിവിടെ കേരളത്തിലെ ജനസംഖ്യ കണക്ക് നോക്കുകയല്ല. മനുഷ്യരുടെ രൂപം ഉണ്ടെങ്കിലും ഉള്ളിൽ ഒട്ടും മനുഷ്യത്വമില്ലാത്ത ഒരു വിഭാഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതേക്കുറിച്ച് എഴുതിയും, പറഞ്ഞും, കണ്ടും, കേട്ടും മടുത്തു പോയി. എന്നിട്ടും അഞ്ചു വയസ്സുള്ള ആ കുഞ്ഞു വാവയുടെ നിലവിളി മനസ്സുകൊണ്ട് അറിയുമ്പോൾ സഹിക്കാൻ പറ്റാതെ വീണ്ടും എഴുതി പോവുകയാണ്. ഒരുപക്ഷേ ആ പിഞ്ചുകുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴം ഓരോ സ്ത്രീക്കും വേഗം മനസ്സിലാകും. അതുകൊണ്ടാണ് അവർ പ്രതികരിക്കുന്നത്. ഞാനും ഒരു സ്ത്രീയാണ്. കണ്ണുനീരോടെയാണെങ്കിലും എനിക്കും പ്രതികരിക്കാതാവില്ല. ആ നരാധമനെ... ( അവനെ എന്താണ് വിളിക്കുക? മനുഷ്യൻ എന്ന് പറയാൻ ആർക്കും പറ്റില്ല. മൃഗം എന്ന് പറഞ്ഞാൽ അതും തീർത്തും തെറ്റാണ്. അവ പ്രായം നോക്കികാമം തീർക്കുകയേ ഉള്ളൂ, കുഞ്ഞുങ്ങളോട് കാമം തീർത്തും മുറിവേൽപ്പിച്ചും രസിക്കില്ല ). മനുഷ്യരൂപത്തിലുള്ള ആ ചെകുത്താനെ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലാകുന്നില്ല. എത്ര ശിക്ഷ കൊടുത്താലും അത് കുറവായിരിക്കും. അത്രയ്ക്കും അത്രയ്ക്കും ക്രൂരനാണവൻ.
ഇതേക്കുറിച്ച് പറയുന്ന ഒരു അമ്മയുടെ വീഡിയോ കണ്ടു" അവനെ ഞങ്ങൾക്ക് വിട്ടു തരൂ... അവനുള്ള ശിക്ഷ ഞങ്ങൾ നൽകാം " എന്ന്. സത്യത്തിൽ അതാണ് വേണ്ടത്. അവിടെ ഉണ്ടായിരുന്ന സ്ത്രീകളുടെ മുന്നിലേക്ക് അവനെ വിട്ടുകൊടുക്കണമായിരുന്നു. പിന്നെ ബാക്കി എന്തെങ്കിലും ഉണ്ടെങ്കിൽ അത് പോലീസുകാർ കൊണ്ടുപോയി കേസ് നടത്തട്ടെ.ആ പിഞ്ചു കുഞ്ഞിന് കിട്ടാത്ത ഒരു നിയമപരിരക്ഷയും അവനും വേണ്ട. അതിന്റെ ആവശ്യവുമില്ല. രണ്ട് കേസുകൾ ഇങ്ങനെ ജനങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയാൽ പിന്നെ കുറ്റം ചെയ്യാൻ ഏതൊരുത്തനും ഒന്ന് ഭയക്കും. പക്ഷേ ഇവിടെ നടക്കുന്ന അതൊന്നുമല്ലല്ലോ പോലീസ് സംരക്ഷണയിൽ അല്ലേ അവന്റെയൊക്കെ ജീവിതം. നല്ല ഭക്ഷണം ആരോഗ്യ പരിശോധന എല്ലാം ഉള്ള ജയിൽവാസം. എന്തിനാണ് ഇവനെ എല്ലാം നമ്മൾ തീറ്റി പോറ്റുന്നത്? ആർക്കുവേണ്ടി? നിയമം നടപ്പാക്കുകയാണെന്ന് ഒരു കൂട്ടർ പറയും. പക്ഷേ ഈ നിയമം പറയുന്നവർക്ക് കണ്ണില്ലേ? കാതില്ലേ? ഹൃദയമില്ലേ? ചുറ്റും നടക്കുന്ന തോന്നും അറിയുന്നില്ലേ? അതോ നിയമവും കെട്ടിപ്പിടിച്ചിരിക്കുകയാണോ? എങ്ങിനെയാണോ ഇത്തരം ക്രൂരത കാണിക്കുന്നവരോട് നിയമം നടപ്പാക്കേണ്ടത്? ഇരകൾക്ക് കിട്ടാത്ത ഒരു സംരക്ഷണവും ഇവർക്ക് എന്തിനാണ് നൽകുന്നത്? ജയിലിൽ നിന്നും പുറത്തു വന്നാൽ ഇവനെന്താ മഹാത്മാഗാന്ധി ആകുമോ? ഒന്നുമില്ല. അവൻ അവന്റെ സ്വഭാവം കാണിക്കും.വീണ്ടും മറ്റൊരു ദുരന്തം നമ്മൾക്ക് കേൾക്കാം, അത്രതന്നെ. അങ്ങനെ അവന്റെ ആരോഗ്യം ഇല്ലാതായി മരിക്കുന്നതുവരെ പൊതുജനം അനുഭവിക്കേണ്ടിവരും. ഇതാണോ ജനങ്ങൾക്ക് കിട്ടുന്ന നീതി? ഇങ്ങനെയുള്ളവരെയൊക്കെ ഭയന്ന് പുറത്തിറങ്ങാൻ കഴിയാതെ ജീവിക്കുക എന്നത് നമ്മുടെ മേലുള്ള ശിക്ഷയല്ലേ?
ഈ സംഭവത്തോടെ എല്ലാം തീർന്നു എന്നും, ഇനി ഇങ്ങനെ ഉണ്ടാവുകയില്ല എന്നൊന്നും ആരും കരുതണ്ട. അങ്ങിനെ ആരും വിശ്വസിക്കുന്നുണ്ടെന്നും തോന്നുന്നില്ല. ഇതേ സംഭവത്തോട് അടുപ്പിച്ച് ആയിരുന്നു സംസാരിക്കാൻ കഴിയാത്ത മറ്റൊരു കുരുന്നിനെ - അവൾക്കും അഞ്ചു വയസ്സേ പ്രായമുള്ളു - പീഡിപ്പിച്ച വാർത്ത പുറത്തുവന്നത്. ഇതിലെ പ്രതിക്ക് 70 ഓളം വയസുണ്ട് എന്നറിയുന്നു. കുഞ്ഞിന്റെ കണ്ണട അന്വേഷിച്ച അച്ഛനും അമ്മയും സിസിടിവി യിൽ റെക്കോർഡ് ആയത് ചെക്ക് ചെയ്തപ്പോഴാണ് അവർ ഈ പീഡന വിവരം പോലും അറിയുന്നത്. ഉടൻ തന്നെ അത് വെച്ച് പരാതി നൽകിയെങ്കിലും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മടിച്ചു നിൽക്കുകയാണത്രെ. അപ്പോൾ ഇതിൽ കൂടുതലായ എന്ത് തെളിവാണോ ആവോ അവർക്ക് വേണ്ടത്? ആർക്കുവേണ്ടിട്ടാണ് അവർ ഈ കള്ളക്കളി നടത്തുന്നത്? ഉന്നതന്മാരുടെ സ്വന്തം വീട്ടിലെ ഒരു കുഞ്ഞിനാണ് ഈ ദുർഗതി ഉണ്ടായത് എങ്കിൽ ഈ രീതിയിൽ ആണോ അന്വേഷണങ്ങൾ പോവുക? ഒരിക്കലുമല്ല എന്ന് നമുക്കറിയാം. സത്യത്തിൽ ഇതെല്ലാം കാണുമ്പോഴാണ് കേരളത്തെക്കുറിച്ച് ഓർത്ത് ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വരുന്നത്.
കർശനമായ ശിക്ഷ നടപടി ഉണ്ടായിരുന്നുവെങ്കിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് മേൽ ഇങ്ങനെ തുടർസംഭവങ്ങൾ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ പോലീസിന് നാടിനെ സംരക്ഷിക്കുക അല്ലല്ലോ ജോലി . മറ്റു പലതും അല്ലേ. മൂളുന്ന മൈക്കിനെ അറസ്റ്റ് ചെയ്യും. പക്ഷേ കുഞ്ഞിനെ പീഡിപ്പിച്ചവനെ കാണാതെ പോകും. കണ്ടാലും കേട്ടാലും അവർക്ക് കുറ്റവാളികളെ പിടിക്കാനും താല്പര്യം ഇല്ല. അതിനുള്ള അനുവാദം മുകളിൽ നിന്നും ലഭിക്കുന്നുമില്ല എന്നതാണ് സത്യം. കുറ്റവാളികളെ കണ്ടെത്താൻ കർശന നടപടി സ്വീകരിക്കാനുള്ള അധികാരം. പോലീസിനു ഉണ്ടാകണം. അതിനായി പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമൊന്നുമില്ല. ഇവിടെ നിയമം ആവശ്യത്തിലധികമാണ്. അത് നടപ്പാക്കാനുള്ള താല്പര്യമാണ് ഇല്ലാത്തത്. പോലീസിനെ രാഷ്ട്രീയമായി നിയന്ത്രിക്കരുത്. ഇത്തരം നിയന്ത്രണങ്ങൾ ഉണ്ട് എന്നതിന്റെ തെളിവാണ് ഈ രീതിയിലുള്ള മൃഗീയവും അസഹനീയവുമായ കാര്യങ്ങൾ സംഭവിക്കുന്നതിനുള്ള കാരണം. ജനങ്ങളിൽ ഒരു വിഭാഗക്കാരുടെ ക്രൂരത കാണുമ്പോൾ, യഥാ രാജാ...തഥാ പ്രജ...എന്ന് പറയേണ്ടിവരും.
സത്യത്തിൽ ഗൾഫ് രാജ്യങ്ങൾ പോലുള്ളിടത്തെ കർശന നിയമവും വ്യവസ്ഥകളും അത് പാലിക്കപ്പെടുന്നതും കാണുമ്പോൾ അസൂയ തോന്നും. അത്തരം ഒരു വ്യവസ്ഥിതി ഇവിടെ വന്നിരുന്നു എങ്കിൽ എന്ന് അറിയാതെ മോഹിച്ചു പോകും. അത്രയും കർശന നിയമം നടപ്പാക്കിയിട്ടും അവിടെ കുറ്റങ്ങൾ ചെറുതായെങ്കിലും ഉണ്ടല്ലോ എന്ന് പറയുന്നവർ ഉണ്ടാകും. എന്നാലും നിയമം സാധാരണ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണെന്നും കുറ്റവാളികളെ സംരക്ഷിക്കാൻ അല്ലെന്നും അവർ മനസ്സിലാക്കുന്നു. അതാണ് കുറ്റങ്ങൾ കുറയാനുള്ള കാരണം.
ഇവിടെ ഏവർക്കും വലിയ സ്വാതന്ത്ര്യമാണ്. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം, ഒരു മതവിഭാഗത്തിന് മറ്റൊരു മതവിഭാഗത്തെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം, ഒരാൾക്ക് തനിക്ക് ഇഷ്ടമില്ലാത്ത വ്യക്തിയെ അധിക്ഷേപിക്കാനും കൊല്ലാനുമുള്ള സ്വാതന്ത്ര്യം, ആർക്കും ആരെയും എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഒക്കെയാണ് ഉള്ളത്. തമ്മിൽ തമ്മിൽ തല്ലിയും കൊന്നും തീർക്കുക, അല്ലെങ്കിൽ കോടതിയെ സമീപിക്കുക. ഇതിലേതെങ്കിലും ഒന്ന് ചെയ്യാൻ തയ്യാറാണെങ്കിൽ ഇവിടെ എന്തിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇത്തരം സ്വാതന്ത്ര്യത്തേക്കാൾ നല്ലത്, മാനാഭിമാനത്തോടെ സമാധാനപരമായി ഏവർക്കും ജീവിക്കാനുള്ള അവസരമാണ്. അത് അസ്വാതന്ത്ര്യം ആണെങ്കിലും സാരമില്ല. ഇനി ഇത്തരം ആക്രമണസ്വാതന്ത്ര്യത്തെ കുറ്റമായി കണ്ട് ഒരു വിധത്തിൽ പോലീസ് അറസ്റ്റ് ചെയ്താലും, കോടതിയിൽ ശിക്ഷ കിട്ടാൻ വളരെ വിഷമമാണ് . " ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്" എന്നതാണല്ലോ നീതിവാക്യം. പിന്നെ എങ്ങനെയാണ് ശിക്ഷിക്കുക. ഇന്ന് ജയിലിൽ കിടക്കുന്ന കുറ്റവാളികൾ എല്ലാം അവരുടെ കുറ്റം ഒരുതരത്തിലും മറയ്ക്കാനോ, ഇല്ലാതാക്കാനോ സാധിക്കാത്തവരാണ് എന്നതിൽ സംശയമില്ല. ജയിൽ ആയാൽ എന്താ, സുഭിക്ഷമായി ജീവിക്കുകയല്ലേ. പുറത്തേക്കാളും സുഖം. ഇനി മൊബൈലോ വല്ല ലഹരിയോ ഒക്കെ ആവശ്യമുണ്ടെങ്കിൽ അതും അവിടെ ലഭിക്കും. അവിടെ ഇരുന്നുകൊണ്ട് തന്നെ പുറത്തെ കാര്യങ്ങളും നിയന്ത്രിക്കാം.
എല്ലാ കുറ്റകൃത്യങ്ങൾക്കും പ്രധാന കാരണം ലഹരിയുടെ അതിപ്രസരണം ആണ് എന്ന്ഏവരും ആണയിട്ടു പറയുന്നു. ഇതെല്ലാം എത്ര പറഞ്ഞിട്ടും എഴുതിയിട്ടും ഒരു കാര്യവുമില്ല എന്നറിയാം. സർക്കാറിന്റെ പ്രധാന വരുമാനമാർഗ്ഗമാണ് ഇത്. പിന്നെങ്ങനെ ഇതിനെ നിരോധിക്കും? ഇപ്പോൾ കള്ള് പോഷകാഹാരം ആയാണ് കണക്കാക്കുന്നത്. ഇത്എന്നാണ് സ്കൂളിൽ കൊടുത്തു തുടങ്ങുക എന്നറിയില്ല. പോഷകാഹാരം കഴിച്ച് വണ്ടിയോടിച്ചാൽ പോലീസ് പിടിക്കില്ല എന്ന് കരുതാം 🤭 " വിദേശ പോഷകാഹാരം" ഇതിൽ പെടുമോ എന്നറിയില്ല. 🤭 മയക്കുമരുന്ന് കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായി എന്നും പേപ്പറിൽ കാണാം. ലഹരി വില്പന ഇത്രയധികം നടക്കുന്നുണ്ടോ എന്ന് പോലും സംശയം തോന്നും. പക്ഷേ അവർക്ക് ഭയമില്ലാത്തതുകൊണ്ടല്ലേ സ്കൂളിലും മറ്റും ഇവയുടെ വില്പന നടത്താൻ തയ്യാറാവുന്നത്? സത്യത്തിൽ ഇവരെ അറസ്റ്റ് ചെയ്തശേഷം നടപടികളൊന്നും സ്വീകരിക്കുന്നില്ലേ? അതിനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ഒരിക്കലും കാണാറില്ല. ശിക്ഷ ലഭിച്ചിരുന്നു എങ്കിൽ വീണ്ടും ആളുകൾ ഇതേ രംഗത്തേക്ക് വരില്ലല്ലോ. മയക്കുമരുന്ന് കേസിൽ ഇവരെ ഒരിക്കൽ അറസ്റ്റ് ചെയ്താൽ, പിന്നീട് സമൂഹത്തിൽ ഇവരെ ഒറ്റപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം. ഇവർക്ക് ജോലിക്കുള്ള അവസരം ഇല്ലാതാക്കുക, ഒരുതരത്തിലുള്ള സ്വത്തും ഇവരുടെ പേരിലാക്കാൻ അനുവദിക്കാതിരിക്കുക, വാഹന ലൈസൻസ് നിഷേധിക്കുക, ട്രെയിൻ- ഫ്ലൈറ്റ് യാത്രകൾ അനുവദിക്കാതിരിക്കുക( ആധാർ കാർഡിലെ നമ്പർ വെച്ച് യാത്രാ നിരോധനവും മറ്റും സാധിക്കും ), അവരുടെ വിവാഹം പോലും രജിസ്റ്റർ ചെയ്യാൻ അനുവാദം നൽകരുത്. ഇങ്ങനെ സമൂഹത്തിൽ ഈ മയക്കുമരുന്ന് വിൽപ്പനക്കാരേയും സൂക്ഷിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും എല്ലാം ഒറ്റപ്പെടുത്താൻ വേണ്ട നിയമവും നടപ്പാക്കലും ഉണ്ടായാൽ മാത്രമേ സമൂഹത്തിലെ കുറ്റകൃത്യങ്ങളും നിഷ്ഠൂര പ്രവർത്തികളും കുറയുകയുള്ളൂ. ഇപ്പോഴത്തെ വ്യവസ്ഥിതിയിൽ ഇവർ ധൈര്യവാന്മാരാണ്, ശക്തരാണ്. അതുകൊണ്ടുതന്നെ ഇവർക്ക് ഭയവുമില്ല. രാഷ്ട്രീയക്കാർ ഇവരോടൊപ്പം ആണ് എന്നതാണ് മറ്റൊരു കാരണം. പരസ്പരം സഹായിക്കുന്ന വർഗ്ഗം. ഇങ്ങനെയുള്ളവർ വാഴുന്ന നാട്ടിൽ ഇതല്ല ഇതിനപ്പുറവും നടക്കും. പിഞ്ചു കുഞ്ഞുങ്ങളുടെ പീഡനം ഒന്നും ഇവർക്ക് ബാധകമേയല്ല. അവർ മരിച്ചാൽ എന്ത്, പീഡിപ്പിക്കപ്പെട്ടാൽ എന്ത്. അവരാരും രാഷ്ട്രീയക്കാരുടെ കുടുംബത്തിൽ ഉള്ളവരല്ലല്ലോ. പിന്നെന്തിന് ഖേദിക്കണം?
എന്നാണോ ജനങ്ങൾ തങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നത്, രാഷ്ട്രീയം നോക്കാതെ അതിനെതിരെ സംഘടിക്കുന്നത് അന്നും മാത്രമേ ഇതിനൊരു കുറവു ഉണ്ടാവുകയുള്ളൂ. നമ്മുടെ സ്വന്തം ശക്തി തിരിച്ചറിയാൻ നമുക്കാവണം. നമ്മുടെ സുരക്ഷിക്കായി നമ്മൾ തിരഞ്ഞെടുത്തതാണ് ഭരണ നേതൃത്വം. പോലീസ് പൊതുജനങ്ങളുടെ സംരക്ഷണത്തിനാണ്. ഇനി നമ്മൾ ഇതെല്ലാം തിരിച്ചറിഞ്ഞേ മതിയാകൂ. രാഷ്ട്രീയക്കാരിൽ അല്ല പൊതുജനങ്ങളിലാണ് ശക്തി എന്ന് മനസ്സിലാക്കേണ്ട സമയവും അതിക്രമിക്കുന്നു. ഇനി വിജയം വരെ നമുക്ക് പോരാടാം. ഒരു പിഞ്ചു കുഞ്ഞു പോലും ഇനി ഇത്തരം പീഡനങ്ങൾക്ക് ഇരയാകാതിരിക്കട്ടെ. കണ്ണ് തുറന്ന് നമുക്ക് തന്നെ കാവലാളാകാം.
പൊന്നു മക്കളെ..മാപ്പ്...മാപ്പ്... 😭😭
No comments:
Post a Comment