ഇന്നും ഒരു കഥയോടെ തുടങ്ങാം. ഒരു ശിഷ്യൻ ഗുരുവിനോട് ചോദിച്ചു "ആരെയാണ് നമുക്ക് വിജയി എന്ന് പറയാൻ കഴിയുക"?
ഗുരു പറഞ്ഞു" ഉറച്ച മനശക്തിയും ലക്ഷ്യബോധവും ഉള്ള വ്യക്തിയാണ് വിജയത്തിലെത്തുക. അങ്ങനെയുള്ളവരെ വിജയി എന്ന് വിളിക്കാം "
എത്ര സുന്ദരമായ വ്യക്തമായ വിശദീകരണംഅല്ലേ. പൊതുവേ നമ്മൾ വിജയി എന്ന് കരുതുന്നവർ പക്ഷേ ഈ നിർവചനത്തിൽ പെടുന്നവരാവില്ല. മറ്റുള്ളവരെ തോൽപ്പിച്ചു മുന്നേറുന്നവനും, എങ്ങിനെയും സ്വന്തം സ്ഥാനം സംരക്ഷിക്കുന്നവനും ആണ് നമ്മുടെ മുന്നിലെ വിജയി. വിദ്യാലയങ്ങളിലും ജോലി സ്ഥലത്തും മികവ് തെളിയിച്ച് പാരിതോഷികങ്ങൾ വാങ്ങിക്കൂട്ടിയാൽ അവനെ നമ്മൾ വിജയിയായി കാണും. അത് ചതിയിലൂടെയും വഞ്ചനയിലൂടെയും ആയാലും ആ അധർമ്മങ്ങൾക്ക് നേരെ നമ്മൾ കണ്ണടയ്ക്കും.
എന്നാൽ എല്ലാറ്റിലും ഒന്നാമൻ ആകുന്നതാണോ വിജയിയുടെ ലക്ഷണം? അല്ല.മറ്റുള്ളവരെ വിജയിക്കാൻ സഹായിക്കുന്നവനാണ് വിജയി. നമ്മൾ ഓട്ട മത്സരം കണ്ടിട്ടില്ലേ? അതിൽ ഏറ്റവും മുന്നിൽ ഓടിയെത്തുന്നവനെ വിജയിയായി പൊതുവേ കാണുന്നു. മത്സരത്തിനിടെ ഒരാൾ വീണാൽ അവനെ തഴഞ്ഞ് മുന്നേറുന്നവരാണ് ഭൂരിഭാഗവും. എന്നാൽ വീണവനെ എഴുന്നേൽക്കുവാൻ സഹായിച്ച് വീണ്ടും ഓടാൻ പ്രേരണ നൽകുന്നവരെ നമ്മൾ ആദരവോടെ കാണും. വീണവരെ തഴഞ്ഞോടിയവർ മുമ്പിലുണ്ടാകും. പക്ഷേ ജനങ്ങളുടെ ഹൃദയത്തിൽ അവർക്ക് സ്ഥാനം ഉണ്ടാകില്ല. ഇപ്പോൾ നോക്കൂ, ആരാണ് വിജയി? മിടുക്ക് കാണിക്കേണ്ടത് സ്വയം വിജയിച്ചു കൊണ്ടല്ല, മറ്റുള്ളവരെ വിജയിക്കാൻ സഹായിച്ചുകൊണ്ടാണ്.
വിജയം മാത്രം ലക്ഷ്യമാക്കുന്നവന് പാരിതോഷികം കിട്ടിയേക്കാം. എന്നാൽ ഒപ്പമുള്ളവരെ പരിഗണിക്കുന്നവരുടെ സ്ഥാനം ജനഹൃദയത്തിൽ ആയിരിക്കും. മുമ്പിൽ എത്താൻ കരുത്ത് മതി. പക്ഷേ മറ്റുള്ളവരെ ഒപ്പം കൂട്ടുന്നവന്കരുതൽ കൂടി ഉണ്ട്. ഈ പരസ്പര സ്നേഹമാണ്, കരുതലാണ് ഇന്ന് ലോകത്തിനാവശ്യം. ചുറ്റും നോക്കിയാൽ എങ്ങും സംഘർഷവും വിദ്വേഷവും അവഗണനയും സ്വാർത്ഥതയും നിറഞ്ഞിരിക്കുന്നു. പൂമ്പാറ്റകളെ പോലെ പറന്നു നടന്ന ഒരു ബാല്യം ഇന്നോർമ്മകൾ മാത്രമാണ്. കാരണം ഈ പിഞ്ചുകുഞ്ഞുങ്ങളെ പോലും കടന്നാക്രമിക്കാൻ മടിയില്ലാത്തവർ കഴുകൻ കണ്ണുമായി കാത്തിരിക്കുന്നത് നമുക്കറിയാം. കൗമാരവും യൗവനവും ലഹരിയിലേക്ക് ആകർഷിക്കപ്പെടുകയും ഒടുവിൽ വിവേക ശൂന്യരായി ആക്രമങ്ങൾക്ക് അടിമയാവുകയും ചെയ്യുന്നു. സമാധാനത്തോടെ മരണത്തെ വരിക്കേണ്ട വാർദ്ധക്യം ഇന്ന് അനാഥാലയങ്ങളിലും വൃദ്ധാശ്രമങ്ങളിലും ആണ്. ഈ വിങ്ങുന്ന ഇരുളിൽ കാരുണ്യത്തിന്റെ ഒരു കൈത്തിരിക്കായി നാം കാത്തിരിക്കുന്നു. ഇവിടെയാണ് മുമ്പ് പറഞ്ഞ കരുതലുള്ളവന്റെ പ്രാധാന്യം നമ്മൾ തിരിച്ചറിയുന്നത്. പരസ്പരം സ്നേഹിക്കുകയും സഹായിച്ചും സഹകരിച്ചും മുന്നോട്ടുപോകാത്തിടത്ത് സുഖവും സമാധാനവും ഉണ്ടാവില്ല.
പരിഗണനയുടെയും, കരുതലിന്റെയും ചിന്തകൾ കുഞ്ഞു മനസ്സിൽ ഉണ്ടാവേണ്ടത് സ്നേഹനിർഭരമായ ലോകം കെട്ടിപ്പടുക്കാൻ അത്യന്താപേക്ഷിതമാണ്. നാളെയെ നയിക്കേണ്ടവരാണ് ഇവർ. ഇത്തരം മൂല്യങ്ങൾ അവരിൽ ഉറയ്ക്കുമ്പോഴേ, ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു ലോകത്തിനു വേണ്ടി പ്രവർത്തിക്കാൻ അവർക്ക് കഴിയു.
ഇത്തരം സത്ചിന്തയോടെ പ്രവർത്തിക്കുന്നവർ വളരെ വിരളമായിരിക്കും. എങ്കിലും ആ പ്രയത്നത്തിൽ അവർ വിജയിക്കുക തന്നെ ചെയ്യും. അധർമ്മത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ അവർക്ക് കഴിയില്ല എങ്കിലും ധർമ്മത്തിന്റെ യശസ്സുയർത്താൻ സാധിക്കും എന്നതിൽ സംശയമില്ല . ഇത്തരത്തിൽ സത് പ്രവർത്തികൾ ചെയ്യുന്നവരെയും, ഹൃദയത്തോട് ചേർത്തുപിടിക്കുന്നവരെയും, ഏവരും അംഗീകരിക്കുമെന്നോ പരിഗണിക്കുമെന്നോ കരുതരുത്. അവർക്കെതിരെയും ആരോപണങ്ങളുടെ പേമാരി തന്നെ ഉണ്ടായേക്കാം. ഇത്തരം ആരോപണങ്ങളെ എതിർത്ത് തോൽപ്പിക്കാൻ ആരാലും സാധ്യമല്ല. ഈ ആരോപണങ്ങളുടെ സത്യസ്ഥിതി അറിയാനും ആർക്കും താല്പര്യം ഉണ്ടാവില്ല. അതിനാൽ നിശബ്ദമായിരിക്കുന്നതാണ് ആരോപണങ്ങളെ അഭിമുഖീകരിക്കാനുള്ള ഒരു പോംവഴി. കാലം കഴിയുമ്പോൾ പല അപവാദങ്ങളും തെറ്റായിരുന്നു എന്ന് തെളിയും. താൻ ചെയ്യാത്ത കുറ്റങ്ങൾ തന്റെ മേൽ ചുമത്തപ്പെടുമ്പോൾ തകർന്നു പോകാതെ പിടിച്ചുനിൽക്കാൻ കഴിയണം. അവരുടെ മുമ്പിൽ ന്യായീകരിക്കാൻ ശ്രമിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ല. വീണ്ടും വീണ്ടും അപവാദങ്ങൾ ഉയർത്താനെ അതിനു കഴിയൂ. സത്യം ജയിക്കും എന്നുറച്ചു വിശ്വസിച്ചുകൊണ്ട് നിശബ്ദമായി ആരോപണങ്ങളെ നേരിടണം. ആരെയും തോൽപ്പിക്കാൻ അല്ല സ്വയം തോൽക്കാതിരിക്കാൻ ആണ് നാം ശ്രദ്ധിക്കേണ്ടത് , ശ്രമിക്കേണ്ടത് .
ജീവിതത്തിൽ പലതും കാണാതിരുന്നും കേൾക്കാതിരുന്നും മൗനം പൂണ്ടും മുന്നോട്ടു പോയാൽ നമ്മുടെ ദിനങ്ങൾ കൂടുതൽ സമാധാനവും സന്തോഷവും നിറഞ്ഞതാകും. മുമ്പിൽ വരുന്നതിനോടെല്ലാം പ്രതികരിച്ചല്ല, അവഗണിച്ചും മുന്നേറുവാൻ നമുക്ക് സാധിക്കും. പക്ഷേ അതിന് ഏറ്റവും ആവശ്യം മനശക്തിയാണ്. ഒപ്പം തന്റെ ലക്ഷ്യത്തെ പ്രാപിക്കാനുള്ള ഉത്കടമായ ആഗ്രഹവും. ഈ രണ്ടു ഗുണങ്ങളും ഉള്ള വ്യക്തിയെ തോൽപ്പിക്കാൻ ഒരിക്കലും ആരാലും സാധ്യമല്ല. അങ്ങനെയുള്ളവരാണ് വിജയികളായി മാറുന്നത് . അപ്പോൾ ഈ ജീവിതയാത്രയിൽ വിജയിയാകാൻ നമുക്കും ഒന്ന് ശ്രമിച്ചാലോ...
തീർച്ചയായും വിജയിക്കും എന്നുറച്ച വിശ്വാസത്തോടെ...... സ്നേഹത്തോടെ.... 🙏🙏🙏🙏
No comments:
Post a Comment