വാക്ക് അഗ്നിയാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രകാശം പകരാനുംഅത് ചുട്ടെരിക്കാനും വാക്കുകൾക്ക് കഴിയും. വേദനയാൽ കണ്ണുനിറയ്ക്കാനും സന്തോഷം കൊണ്ട് മനസ്സുനിറയ്ക്കാനും ഇതേ വാക്കിന് സാധിക്കും. മനസ്സിനെ ശുദ്ധമാക്കാനും, മലീമസമാക്കാനും കഴിയുന്ന വാക്കുകൾ, ശാന്തരാക്കുവാനും വികാര തീവ്രത കൈവരിക്കാനും സഹായിക്കും. വാക്കുകൾ കേൾക്കുമ്പോൾ വേദന തോന്നുന്ന വ്യക്തിക്ക് കേട്ട വാക്കിനോട് പൊറുക്കാനേ കഴിയൂ, മറക്കാൻ കഴിയില്ല എന്നതിനാൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ഏറെ സൂക്ഷിക്കേണ്ടതാണ്. വേണ്ടപ്പോൾ വേണ്ടതുമാത്രം സംസാരിക്കുന്ന വ്യക്തിയിലൂടെ വാക്കുകൾ മനോഹരമാകുന്നു.
വാക്കുകൾക്ക് രൂപം നൽകുന്നത് നമ്മുടെ ചിന്തകളാണ്. വ്യക്തിയുടെ ചിന്താരീതി, പറയുന്നതും എഴുതുന്നതുമായ വാക്കുകളിൽ നിന്നും മനസ്സിലാകും. നല്ലത് ചിന്തിക്കുന്ന മനസ്സിന്റെ ഉടമകളിൽ നിന്നും വരുന്ന വാക്കുകളും സുന്ദരമായിരിക്കും. ഒപ്പം നിൽക്കുന്നവരുടെ മുഖത്ത് പുഞ്ചിരി വിടർത്താൻ സഹായിക്കുന്ന വാക്കുകളാവും അത്. ആ വാക്കുകളിലൂടെ കേൾക്കുന്നവരുടെ ഹൃദയത്തിൽ അവർ ഇടം നേടും. അങ്ങനെ വാക്കുകളിലൂടെ അവരുടെ ചിന്താശൈലിയിൽ ആകൃഷ്ടരാകുന്ന നമ്മൾ ആ ശൈലിയെയും പിന്തുടരാൻ ശ്രമിക്കും. ചുരുക്കത്തിൽ നല്ല ചിന്തകളും നല്ല വാക്കുകളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. നല്ല ചിന്തകളിലൂടെ നല്ല വാക്കുകൾ വരുന്നു. നല്ല വാക്കുകൾ കേൾക്കുന്നവർ നല്ല ചിന്തയിലേക്കു മാറുന്നു.
ഗുണകരവും പ്രചോദനകരവുമായ ചിന്തകൾ നമ്മുടെ ജീവിതത്തിന് നിറം പകരും എന്നതിന് സംശയമില്ല. എപ്പോഴാണോ നമ്മുടെ ചിന്തകൾ തെറ്റായ വഴിയിലേക്ക് നീങ്ങുന്നത് അപ്പോൾ തന്നെ അത് നിയന്ത്രിക്കാൻ നമുക്ക് സാധിക്കണം. ഇത് വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്നതൊന്നുമല്ല. എങ്കിലും കഠിനമായ പരിശ്രമത്തിലൂടെ അത് സ്വായത്തമാക്കാൻ സാധിക്കും. അതിനു വേണ്ടത് ഒരു വ്യക്തിയെ പറ്റി തെറ്റായ ചിന്തകൾ വരുമ്പോൾ ആ വ്യക്തിയുടെ നന്മയെ പറ്റി ചിന്തിക്കുക എന്നതാണ്. ഉദാഹരണമായി A എന്ന വ്യക്തിയെ നമുക്ക് ഇഷ്ടമല്ല എന്ന് കരുതുക. A ചെയ്തിട്ടുള്ള മോശം പ്രവർത്തികൾ മാത്രം ഓർത്താൽ തീർച്ചയായും അയാളെ നമ്മൾ വെറുക്കും. എന്നാൽ ഒരാളിൽ തിന്മകൾ മാത്രമല്ല നന്മയും കാണും എന്നതാണല്ലോ സത്യം.ആ നന്മകൾ നമ്മൾ തിരിച്ചറിയണം. അങ്ങനെ A എന്ന വ്യക്തി ചെയ്തിട്ടുള്ള നല്ല കാര്യങ്ങൾ ഓരോന്നായി നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുമ്പോൾ A എന്ന വ്യക്തിയോടുള്ള വെറുപ്പിന്റെ കാഠിന്യം കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അങ്ങനെ രണ്ട് വ്യക്തികൾ തമ്മിൽ പരസ്പരം ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്യാതെ തന്നെ, നമ്മുടെ ചിന്തകളിൽ വരുത്തിയ മാറ്റത്തിലൂടെ മനോഭാവത്തിൽ ഉണ്ടായ അത്ഭുതകരമായ മാറ്റം നോക്കൂ! വിശ്വസിക്കാൻ കഴിയില്ല അല്ലേ! ഇത് നല്ല ചിന്തയുടെ ഫലമാണ്. ചിന്തയിൽ മാറ്റം വരുത്തിയാൽ നമ്മളിലെ വിരോധവും വെറുപ്പും എല്ലാം ഇല്ലാതാകും. നല്ല ചിന്തകളും നല്ല വാക്കുകളും ബന്ധങ്ങൾ ഊഷ്മളമാക്കാൻ സഹായിക്കും.
ചിലപ്പോൾ നമ്മൾ വാക്കുകളെ തെറ്റിദ്ധരിക്കാറുണ്ട്. ഈ തെറ്റിദ്ധാരണകൾ, അകൽച്ചയ്ക്കും വിദ്വേഷത്തിനുമെല്ലാം കാരണമാകാറുമുണ്ട്. സ്വന്തം തെറ്റിദ്ധാരണകൾക്ക് കാരണം നമ്മുടെ തെറ്റായധാരണകൾ ആണെന്ന് തിരിച്ചറിഞ്ഞാൽ മറ്റുള്ളവരുടെ വാക്കുകളെ തെറ്റിദ്ധരിക്കില്ല. തെറ്റിദ്ധാരണകൾ തനിയെ മാറുന്നവയല്ല. നമ്മൾ മാറ്റേണ്ടവയാണ്. നമ്മുടെ ചിന്തകളെ കൂടുതൽ വിശാലമാക്കിയാൽ ഇത്തരം തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ പറ്റും.
സ്വാർത്ഥതാപരമായ ചിന്തകൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമാകും. . മറ്റുള്ളവരിൽ നിന്നും ഒരു പടി മുകളിൽ നിൽക്കുമ്പോൾ ഉണ്ടാകുന്ന വൈകാരിക സുഖത്തിനു വേണ്ടിയാണ് പലപ്പോഴും നമ്മൾ ശ്രമിക്കുന്നത്. ഒരുപടി താഴെ നിൽക്കേണ്ടി വന്നാൽ പിന്നെ അസ്വസ്ഥതയാണ്. എങ്ങിനെയെങ്കിലും മുകളിൽ എത്താനുള്ള തത്രപ്പാടാണ് പിന്നീട്. നമ്മുടെ ലക്ഷ്യം തന്നെ എങ്ങിനെയെങ്കിലും നേതൃസ്ഥാനത്ത് എത്തണം എന്നതായതിനാൽ ആ പരിശ്രമത്തിൽ ഉദ്ദേശശുദ്ധിയും കർമ്മശുദ്ധിയും ഉണ്ടാകണമെന്നില്ല. ചിലർ തനിക്ക് ലഭിച്ച കർമ്മങ്ങൾ ഭംഗിയോടെ ചെയ്യും. അതിൽ താൻ 'തലവൻ 'ആണോ 'താഴെയാണോ' എന്നൊന്നും ചിന്തിക്കില്ല. സന്തോഷത്തോടെ ചെയ്യുന്നതുകൊണ്ട് അയാൾക്ക് മനസ്സമാധാനവും ഉണ്ടാവും. എന്നാൽ മറ്റു ചിലരുടെ ലക്ഷ്യം ഒപ്പമുള്ളവരിൽ നിന്നും ഉയരെ എത്തുക എന്നതാണ്. ഇപ്പോൾ ചെയ്യുന്ന പ്രവർത്തിയിൽ സന്തോഷമില്ലാതെ ഉയർന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇവർ. താൻ ചെയ്യുന്ന പ്രവർത്തിയിൽ ഇവർക്കൊരിക്കലും സന്തോഷമോ സംതൃപ്തിയോ ഉണ്ടാകാറില്ല. ഇതുമൂലം മുകളിൽ എത്തിയാലും മറ്റുള്ളവരുടെ ഹൃദയത്തിൽ സ്ഥാനം നേടാൻ ഇവർക്ക് സാധിക്കുന്നില്ല.
ജീവിതത്തെ മാറ്റിമറിക്കാൻ നമ്മുടെ ചിന്തകൾക്ക് കഴിയും. മനസ്സിൽ വെറുപ്പ് പക വിദ്വേഷം തുടങ്ങിയ വികാരങ്ങൾ മറ്റുള്ളവരോട് വെച്ചുപുലർത്തിയാൽ, നാം നമ്മുടെ ജീവിതമാണ് ദുരിതപൂർണ്ണമാക്കുന്നത്. നമ്മുടെ ഉള്ളിലെ എല്ലാ നന്മകളെയും അവ കാർന്നു തിന്നും. നമ്മുടെ ഉള്ളിലെ മൂല്യം വർധിപ്പിക്കുവാൻ നാം പരിവർത്തനത്തിന് തയ്യാറാവണം. കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും തയ്യാറായില്ല എങ്കിൽ നമ്മൾ ഒറ്റപ്പെട്ടു പോകും. എവിടെയാണോ നിൽക്കുന്നത് അവിടെത്തന്നെ നിന്നുപോകും. പല വാശിയുടെയും മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും പിന്നിലുള്ളത് മറ്റുള്ളവരെ അംഗീകരിക്കാനുള്ള വൈമുഖ്യമാണ്.
ചുരുക്കത്തിൽ നമ്മുടെ ചിന്തകൾ മാറുമ്പോൾ,വാക്കുകളിലും പ്രവർത്തികളിലും മാറ്റം ഉണ്ടാകും. നല്ല ചിന്തകൾ നന്മയിലേക്ക് അധമ ചിന്തകൾ തിന്മയിലേക്കും നയിക്കും. ചിന്തകളാൽ നയിക്കുമ്പോൾ തെറ്റും ശരിയും തിരിച്ചറിയാറിയാൻ പലപ്പോഴും നമുക്ക് സാധിക്കാറില്ല. നമ്മുടെ ജീവിതം സ്വർഗ്ഗമാക്കാനും നരകമാക്കാനും ചിന്തകൾ കഴിയും. അതിനാൽ ആദ്യം നിയന്ത്രിക്കേണ്ടത് നമ്മുടെ ചിന്തകളെയാണ്. ആധ്യാത്മികത, നല്ല ചിന്തകളെ രൂപപ്പെടുത്തുവാൻ സഹായിക്കും. ചിന്തകളുടെ മാർഗ്ഗത്തെ വഴി തിരിച്ചുവിടാൻ ജ്ഞാനത്തിനു കഴിയും. നല്ല പുസ്തകങ്ങളും പ്രഭാഷണങ്ങളും സത്സംഗങ്ങളും എല്ലാം ജ്ഞാനം പകരുന്നവയാണ്. ജ്ഞാനത്തിലൂടെ നമ്മുടെ ഉള്ളിലെ അജ്ഞത എന്ന ഇരുട്ടിനെ നീക്കുമ്പോൾ വെറുപ്പും വിദ്വേഷവും മാത്സര്യവുമെല്ലാം ഇല്ലാതായി എങ്ങും പ്രകാശം മാത്രം നിറയും. അങ്ങനെ ഒരു മാറ്റത്തിന് നമുക്കും ശ്രമിക്കാം അല്ലേ.
ഏറെ സ്നേഹത്തോടെ..... 🙏
1 comment:
വളരെ നന്നായിട്ടുണ്ട് ,അഭിനന്ദനങ്ങൾ
Post a Comment