പ്രിയപ്പെട്ടവരെ, പേന എടുത്തിട്ടും എഴുതിയിട്ടും വളരെ നാളുകളായി. എന്റെ ചിന്താഗതികളോട് വായനക്കാർ യോജിക്കുമോ എന്ന ഭയവും പിന്നെ മടിയും ആയിരുന്നു അതിന് കാരണം. എന്നാൽ വളരെ ഏറെ സുഹൃത്തുക്കൾ എന്റെ നിശബ്ദതയെ പറ്റി അന്വേഷിച്ചു. എഴുതണമെന്ന് പ്രോത്സാഹിപ്പിച്ചു. എന്തായാലും ബ്ലോഗെഴുത്ത് 2024 തുടരണമെന്ന് മനസ്സിൽ ഉറപ്പിച്ചു. എഴുതുന്ന വാക്കുകൾ പലർക്കും ഇല്ലെങ്കിലും ഒരാൾക്കെങ്കിലും ആശ്വാസമായാൽ അതിൽപരം സംതൃപ്തി മറ്റെന്തുണ്ട് ? എന്തുകൊണ്ടാണ് താങ്കൾ ഇപ്പോൾ എഴുതാത്തത് എന്ന ചോദ്യം കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നും. എന്റെ എഴുത്തിന് അവർ പ്രാധാന്യം കൊടുക്കുന്നുണ്ടല്ലോ.
ഇന്ന് അനുഭവങ്ങളെ കുറിച്ച് പറയാനാണ് എനിക്ക് തോന്നുന്നത്. നമ്മുടെ അനുഭവങ്ങളാണ് എന്ത് സ്വീകരിക്കണം ഏതു തിരസ്കരിക്കണം എന്ന് നമ്മളോട് നിർദ്ദേശിക്കുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങൾ കേട്ടറിയുന്നതും മനസ്സിലാക്കുന്നതും തീരുമാനമെടുക്കാൻ നമ്മളെ കൂടുതൽ സഹായിക്കും. മനസ്സിലെ സംശയങ്ങൾക്ക് പരിഹാരം നൽകാൻ വാക്കുകൾക്കും വായനയ്ക്കും സാധിക്കും. നമ്മൾ ചിന്തിക്കുക പോലും ചെയ്യാത്ത പ്രശ്നങ്ങളിലൂടെ ആവും മറ്റൊരാൾ സഞ്ചരിക്കുന്നത്. എങ്കിലും പറഞ്ഞും പരസ്പരം പങ്കുവെച്ചും പുതിയൊരു തീരുമാനത്തിലെത്താൻ - അഥവാ പരിഹാരം കണ്ടെത്താൻ നമുക്ക് കഴിയും.
അനുഭവം സമ്പത്താണെന്ന് പറയാമെങ്കിലും അത് ഒരു പരിമിതി കൂടിയാണ്. സ്വന്തം അനുഭവങ്ങൾക്കപ്പുറമുള്ള ലോകത്തെക്കുറിച്ച് അറിയാൻ അധികം പേരും ശ്രമിക്കുകയില്ല എന്ന പരിമിതി, സ്വന്തം അനുഭവങ്ങളുടെ ഉള്ളിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു എന്ന പരിമിതി, സ്വന്തം അനുഭവങ്ങളിൽ മാത്രം കെട്ടിയിട്ട് പോകുന്നു എന്ന പരിമിതി. കണ്ടുമുട്ടിയ ആളുകളും കടന്നുപോയ സാഹചര്യങ്ങളും എല്ലാം നമ്മുടെ ചിന്താഗതികളെയും തീരുമാനങ്ങളെയും സ്വാധീനിക്കും. ഒരേ സ്ഥലത്ത് ഒരുപാട് കാലം ജോലിചെയ്ത് വ്യക്തിയുടെയും, പലസ്ഥലത്ത് പല കാലങ്ങളിൽ ജോലി ചെയ്ത വ്യക്തിയുടെയും അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. ഇതിൽ അനുഭവസമ്പത്ത് കൂടുതൽ ഒരുപക്ഷേ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്ത് വ്യക്തിക്ക് ആയിരിക്കും. ഒരാളുടെ അനുഭവത്തിൽ നിന്നായിരിക്കും അയാൾ പ്രതികരിക്കുക. ഇവിടെ ഒരാൾക്ക് ഉണ്ടായ അനുഭവം എന്നതുകൊണ്ട് വ്യക്തിപരമായി ഉണ്ടായ അനുഭവം എന്നർത്ഥമില്ല. അയാൾക്ക്, വായിച്ചുണ്ടായ വിവരമോ സുഹൃത്തുക്കൾ മുഖേന പറഞ്ഞു കേട്ട വിവരമോ, മാധ്യമങ്ങളിലൂടെ അറിഞ്ഞതോ ആകാം. അത് സ്വന്തം ജീവിതവുമായി ബന്ധപ്പെടുത്തി ഒരു അനുഭവമായി കണ്ട് മുൻകരുതൽ എടുക്കുവാൻ അയാളെ സഹായിക്കും. ഉദാഹരണമായി ഒരു നടന്ന സംഭവം പറയാം. ഒരു സ്ത്രീ ഒരു വീട്ടിലെത്തി എന്തെങ്കിലും ജോലി തരാമോ എന്ന് ചോദിച്ചു. ഭാര്യ പുറത്തു പോയിരുന്നതിനാൽ വീട്ടിൽ ഭർത്താവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ജോലിയൊന്നുമില്ലെന്ന് ഭർത്താവ് പറയുകയും ചെയ്തു. അപ്പോൾ, മുറ്റത്തെ പുല്ല് പറിക്കാം, ഭക്ഷണത്തിനു മാത്രം എന്തെങ്കിലും തന്നാൽ മതി എന്നാസ്ത്രീ പറഞ്ഞു. അതൊരു നല്ല കാര്യമായി തോന്നിയ വീട്ടുടമസ്ഥൻ സമ്മതിച്ചു. 10 മിനിറ്റ് കഴിഞ്ഞപ്പോൾ ആ സ്ത്രീ 5000 രൂപ ചോദിച്ചു. തന്നില്ലെങ്കിൽ ബഹളം കൂട്ടുമെന്നും അയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. വീട്ടുകാരൻ ആദ്യം എതിർത്ത് നോക്കിയെങ്കിലും ആ സ്ത്രീയുടെ ശക്തമായ നിലപാട് കണ്ടപ്പോൾ അപമാനഭയം മൂലം രൂപ കൊടുത്തു. ഈ സംഭവം ആ വ്യക്തിക്ക് മാത്രമല്ല ഈ വിവരം അറിയുന്ന ഓരോരുത്തർക്കും അനുഭവമാണ് എന്നത് തീർച്ചയാണ്. ഇത്തരത്തിൽ ഒരാൾ നമ്മുടെ വീട്ടിൽ വന്നാൽ നമ്മൾ അവരെ ഒഴിവാക്കുവാൻ ഈ കേട്ടറിഞ്ഞ അനുഭവം ധാരാളം മതി.
ഇനി അനുഭവം ചിലപ്പോൾ പരിമിതിയായി മാറും എന്ന് മുൻപ് പറഞ്ഞല്ലോ. പലർക്കും ഇത് അംഗീകരിക്കാൻ സാധിച്ചിട്ടുണ്ടാവില്ല. അതിനും ഉദാഹരണമായി ഒരു കഥ പറയാം. ഒരു ടാക്സി കാറിൽ ഒരാൾ സഞ്ചരിക്കുകയായിരുന്നു. എന്തോ ചോദിക്കാനായി യാത്രക്കാരൻ,ടാക്സി ഡ്രൈവറെ തൊട്ടു വിളിച്ചു. ഭയന്നുപോയ ഡ്രൈവറുടെ ബാലൻസ് തെറ്റുകയും വണ്ടി ഒരു പോസ്റ്റിൽ ഇടിച്ചു നിൽക്കുകയും ചെയ്തു. ഞെട്ടിപ്പോയ യാത്രക്കാരൻ" ക്ഷമിക്കണം. താങ്കളെ തൊട്ടാൽ ഇത്ര ഭയക്കുമെന്ന് അറിഞ്ഞില്ല " എന്ന് പറഞ്ഞു ക്ഷമ ചോദിച്ചു. അതിനു മറുപടിയായി ഡ്രൈവർ " താങ്കളുടെ തെറ്റല്ല. ഇന്നലെ വരെ ഞാൻ ഓടിച്ചത് മൃതദേഹം കൊണ്ടുപോകുന്ന വാഹനമായിരുന്നു" എന്ന് പറഞ്ഞു. ഇവിടെ ഡ്രൈവറുടെ അനുഭവം ഒരു പരിമിതിയായി, അല്ലേ.അദ്ദേഹം അപ്പോഴും മനസ്സിൽ മൃതദേഹം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അതിൽ നിന്നും പുറത്ത് കടക്കാൻ ടാക്സി ഓടിക്കുമ്പോഴും അദ്ദേഹത്തിന് സാധിച്ചില്ല.
താൻ പഠിച്ച പാഠങ്ങളും,കണ്ട കാഴ്ചകളും, കേട്ട കഥകളും എല്ലാം ചേർന്നാണ് ഒരു വ്യക്തിയെ രൂപപ്പെടുത്തുന്നത്. ഇവയിലെ നന്മകളും തിന്മകളും ജീവിതത്തിൽ നടപ്പാക്കുന്നവരുണ്ട്. പക്ഷേ അത് മൂലം ഉണ്ടാകുന്ന ഫലവും വ്യത്യസ്തമായിരിക്കും. തിന്മയുടെ ഫലം തീർച്ചയായും ദുരനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. നമ്മൾ നമ്മുടെ വഴികളെ വികൃതമാക്കാതെ വിശുദ്ധമാക്കി സൂക്ഷിക്കണം. അത് നമ്മൾക്കും ഒപ്പമുള്ളവർക്കും നന്മ മാത്രമേ ഉണ്ടാക്കു. ഒരാൾ എന്താണെന്ന് അയാൾ കടന്നുവന്ന വഴികൾ പറയും. സ്വന്തം ആവശ്യത്തിനും സൗകര്യത്തിനുമായി നന്മയെ ബലി കഴിക്കരുത്. നശിക്കാൻ പാടില്ലാത്ത അല്ലെങ്കിൽ നശിപ്പിക്കാൻ പാടില്ലാത്ത സ്വഭാവ വിശേഷങ്ങളെ ഒരിക്കലും കൈവെടിയരുത്. നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ അനുഭവങ്ങൾക്ക്, വെളിച്ചമായി മാറാൻ കഴിയണം. അനുഭവം കൊണ്ട് പഠിക്കാൻ കഴിയാത്തവർ സ്വന്തം ജീവിതവും ഒപ്പമുള്ളവരുടെ ജീവിതവും നരക തുല്യമാക്കി തീർക്കും. ശരിയായ രീതിയിൽ മനസ്സിലാക്കിയാൽ അനുഭവം സമ്പത്ത് തന്നെയാണ്. നമ്മുടെ ജീവിതം കൂടുതൽ മനോഹരമാക്കാൻ അതിനു സാധിക്കും എന്നുറച്ച് വിശ്വസിച്ചുകൊണ്ട്
ഏറെ സ്നേഹത്തോടെ
മീര നമ്പൂതിരി.
2 comments:
Anubhavamane guru
വായിച്ചു. അഭിനന്ദനങ്ങൾ അറിയിക്കുന്നു
Post a Comment